കൊളംബിയ: അമേരിക്കൻ ഭൂഖണ്ഡത്തിൽ പടരുന്ന സിക്ക വൈറസ് ബാധയെ തുടർന്ന് കൊളംബിയയിൽ 3100 ലധികം ഗർഭിണികൾക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കിഴക്കൻ നോർട്ടെ ഡെ സാന്റായിലാണ് ഏറ്റവും കൂടുതൽ ഗർഭിണികൾക്ക് സിക്ക ബാധിച്ചതായി പ്രസിഡന്റ് ജൂവാൻ മാനുവൽ സാന്റോസ് വെളിപ്പെടുത്തി. അതേസമയം സിക്ക ബാധയുള്ള ഗർഭിണികൾക്ക് ആവശ്യമുണ്ടെങ്കിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ുണ്ട്. ഇവിടെ ഗർഭഛിദ്രം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.

സിക്ക ബാധിച്ച സ്ത്രീയിൽ നിന്നുണ്ടാകുന്ന കുട്ടികൾക്ക് മൈക്രോ സെഫാലി എന്ന രോഗാവസ്ഥ ഉണ്ടാകുമെന്നതിനാലാണ് ഗർഭിണികൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം സിക്ക വൈറസും മൈക്രോസെഫാലി എന്ന രോഗാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബ്രസീലിൽ വീണ്ടും പരീക്ഷണം നടന്നുവരികയാണ്. മറ്റു കുട്ടികളെ അപേക്ഷിച്ച് സിക്ക വൈറസ് ബാധിച്ച സ്ത്രീയിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ തലയോട്ടി ചെറുതായിരിക്കുന്നത് ഭാവിയിൽ കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് തടസം നിൽക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സിക്ക വൈറസ് ബാധയെ തുടർന്നുള്ള മൈക്രോസെഫാലി ഇതുവരെ കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മറ്റു രാജ്യത്ത് സിക്ക വൈറസ് മൂലം മൈക്രോസെഫാലി കണ്ടെത്തിയതാണ് അധികൃതരെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നതെന്ന് കൊളംബിയ അധികൃതർ വ്യക്തമാക്കി. കൊളംബിയയിൽ മൊത്തം 25,645 ആൾക്കാർക്ക് സിക്കവൈറസ് ബാധ സ്ഥിരീകരിച്ചതായും പ്രസിഡന്റ് സാന്റോസ് അറിയിച്ചു. സിക ബാധയെ തുടർന്നുള്ള ആദ്യ ഗർഭഛിദ്രം കഴിഞ്ഞ ദിവസം നടന്നതായും അധികൃതർ വ്യക്തമാക്കി. ഗർഭധാരണം ആറു മുതൽ എട്ടുമാസം വരെ നീട്ടിവയ്ക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വൈറസ് ബാധ തടയാനായി കൊതുകുവളരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും പ്രസിഡന്റ് നൽകിയിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും പുകയ്ക്കൽ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സിക അനിയന്ത്രിതമാം വിധം പടരുകയാണ്. സിക ബാധയെ തുടർന്ന് കൊളംബിയയിൽ മൂന്ന് പേർ മരിച്ചു. സിക വൈറസ് ബാധിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടാണ് മരണം സംഭവിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ബാധിക്കുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാനും സിക വൈറസ് കാരണമാകുന്നു.