- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെയ്തിയിലെ ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രക്ഷപെട്ടത് 400-ലധികം തടവുകാർ; പോകുന്ന പോക്കിൽ കൊള്ളയും കൊലപാതകവും നടത്തി കൊടും ക്രിമിനലുകൾ; 25 ഓളം പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ
പോർട്ട് ഔ പ്രിൻസ്: ഹെയ്തിയുടെ ചരിത്രത്തിലെ ഏറ്റവും അക്രമകരമായ ജയിൽ ചാട്ടത്തിൽ 400 ലധികം തടവുകാർ രക്ഷപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിന്റെ പ്രാന്തപ്രദേശത്തുള്ള ക്രോയിക്സ് ഡെസ് ബുക്കേസ് ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 400-ലധികം തടവുകാർ ജയിൽചാടിയത്. 2012-ലാണ് ക്രോയിക്സ് ഡെസ് ബുക്കേസ് ജയിൽ പ്രവർത്തനമാരംഭിച്ചത്. 872 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ സംഭവസമയത്ത് 1500-ലേറെ തടവുകാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ആറ് തടവുകാരും ജയിലിന്റെ ചുമതലയുള്ള ഡിവിഷണൽ ഇൻസ്പെക്ടർ പോൾ ഹെക്ടർ ജോസഫും ഉൾപ്പെടെ ഇരുപത്തിയഞ്ച് പേർ മരിച്ചു- "കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫ്രാന്റ്സ് എക്സന്റസ് പറഞ്ഞു. തടവുചാടിയ ചില കുറ്റവാളികളെ പൊലീസ് പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ചിലരെ പിടികൂടുകയും ചെയ്തു. 60 തടവുകാർ പിടിയിലായാതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജയിലിൽ കലാപമുണ്ടായത്. തുടർന്ന് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെടുകയായിരുന്നു. ജയിലിൽനിന്ന് ആദ്യം വെടിയൊച്ചകൾ കേട്ടതായും പിന്നീട് തടവുകാരെല്ലാം പുറത്തേക്ക് ഓടിവരുന്നതാണ് കണ്ടതെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ചില തടവുപുള്ളികൾ രക്ഷപ്പെട്ട ശേഷം തൊട്ടടുത്ത വസ്ത്ര വിൽപ്പനശാല കൊള്ളയടിക്കുകയും ചെയ്തു. ഇവിടെനിന്ന് ബലമായി പുതിയ വസ്ത്രങ്ങൾ പിടിച്ചുവാങ്ങിയ ശേഷമാണ് പലരും രക്ഷപ്പെട്ടത്.
അതിനിടെ, ജയിൽ ചാടിയവരിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആർണൽ ജോസഫിനെ മണിക്കൂറുകൾക്കകം പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൈകളിൽ വിലങ്ങ് ധരിച്ച് മറ്റൊരാളോടൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന ആർണൽ ജോസഫിനെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഹെയ്തിയിലെ പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്ന ആർണൽ 2019-ലാണ് പിടിയിലായത്.
ഇതിന് മുമ്പും ഹെയ്തിയിൽ സമാനമായ ജയിൽചാട്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019-ൽ അഖ്വിൻ ജയിലിൽനിന്ന് 78 തടവുകാരും അതിന് രണ്ടു വർഷം മുമ്പ് ആർക്കേയിലെ ജയിലിൽനിന്ന് 173 തടവുകാരും കൂട്ടത്തോടെ രക്ഷപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ