കരാറിൽ പറഞ്ഞിരിക്കുന്ന വേതനം ലഭിക്കാത്തതിനെ തുടർന്ന് ഒമാനിലെ ഒരു ക്യാമ്പിൽ 60ൽപരം പ്രവാസികൾ സമരത്തിൽ. മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾ ആണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴിലാളികൾക്ക് 300 500 ഒമാൻ റിയാൽ വാഗ്ദാനം നൽകിയാണ് ഒമാനിലെത്തിച്ചത്. എന്നാൽ കരാറിൽ പറഞ്ഞ ശമ്പളം ആർക്കും ലഭിക്കുന്നില്ല. ചിലർക്ക് കുറച്ചു പണം നൽകിയിട്ടുണ്ടെങ്കിലും ഭക്ഷണം ലഭിക്കുന്നില്ല പ്രധാന പരാതി.

നിസ്‌വ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ബീഹാർ, ആന്ധ്രാ പ്രദേശ്, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 60ൽ പരം തൊഴിലാളികളാണ് സമരം ആരംഭിച്ചിരിക്കുന്നത്. താമസിക്കാൻ കൃത്യമായ സ്ഥലവും കമ്പനി ഏർപ്പെടുത്തിയിരുന്നില്ല. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ടതോടെ തൊഴിലാളികൾ ജോലിയിൽ നിന്ന് മാറി നിന്ന് സമരം ആരംഭിക്കുകയായിരുന്നു. ചിലർക്ക് കുറച്ച് ശമ്പളം നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികൾക്കും മാസങ്ങളായി ഒന്നും നൽകുന്നില്ല.

തൊഴിലാളികളുടെ പ്രശ്‌നം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചതിനെ തുടർന്ന് പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ,തൊഴിലാളികളെല്ലാം 50,000 രൂപ മുതൽ 60,000 രൂപ വരെ ഏജന്റുമാർക്ക് വിസാ ചാർജ് നൽകിയാണ് ജോലി നേടിയത്. ഇത് പ്രകാരം ഉണ്ടാക്കിയ കരാറിൽ പറയുന്ന രൂപത്തിലുള്ള ശമ്പളം നൽകാൻ കമ്പനി തയാറായിട്ടില്ല. കുറച്ച് പേർക്ക് ശമ്പളം
നൽകാമെന്ന് അറിയിച്ചെങ്കിലും ഇവർക്കും പൂർണമായി നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.

അതേസമയം, തൊഴിലാളികൾക്ക് പകുതി ശമ്പളം നൽകിയിട്ടുണ്ടെന്നും ഇവരെ നാട്ടിലേക്ക് തിരികെ അയക്കാൻ നടപടികൾ ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു. കമ്പനി സാമ്പത്തിക പ്രയാസത്തിലായതിനാലാണ് ശമ്പളം കൊടുക്കാൻ സാധിക്കാതിരുന്നതെന്നും കമ്പനി അധികൃതർ
പറഞ്ഞു.