ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. അഞ്ചാംഘട്ട പട്ടികയാണ് പുറത്തിറക്കിയത്. ഈ വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ആരോഗ്യ സുരക്ഷ-മുൻകരുതൽ നടപടികൾ പാലിച്ച് ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാം.

മത്ര സൂഖിനകത്തെ കടകൾക്ക് പ്രവർത്തനാനുമതി നൽകിയതാണ് തീരുമാനത്തി?ൽ പ്രധാനം.കോവിഡ് വ്യാപനത്തെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് 18 മുതൽ സൂഖ് അടഞ്ഞുകിടക്കുകയായിരുന്നു. നാലുഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കോവിഡ് വ്യാപന സാധ്യത മുൻനിർത്തി മത്ര സൂഖിന് പ്രവർത്തനാനുമതി നൽകിയിരുന്നില്ല.

പത്രങ്ങളുടെയും മാസികകളുടെയും മറ്റും പ്രസിദ്ധീകരണം പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്.