ഓസ്ലോ: ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം. സ്ത്രീകളുടെ അടിച്ചമർത്തലിന് എതിരായ പോരാട്ടത്തിനാണ് പുരസ്‌കാരം. പുരസ്‌കൃതയാകുമ്പോൾ നർഗേസ് മുഹമ്മദി ജയിലിൽ കഴിയുകയാണ്.

'ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാര'മെന്ന്, നൊബേൽ പുരസ്‌കാര കമ്മിറ്റി ഓസ്ലോയിൽ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്‌കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗേസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. 13 തവണ അറസ്റ്റിലായതിന് പുറമേ, അഞ്ചുതവണ ശിക്ഷപ്പെട്ടു. മൊത്തം 31 വർഷത്തെ തടവ്. 154 ചാട്ടവാറടിയേറ്റു. വ്യക്തിപരമായ നഷ്്ടങ്ങൾ സഹിച്ചാണ് അവരുടെ ധീരമായ പോരാട്ടമെന്നും പുരസ്‌കാര കമ്മിറ്റി വിലയിരുത്തി

വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.