- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ രാജഗോപാലിന് പത്മഭൂഷണും വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണും
ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, കേരളത്തിലെ ബിജെപി നേതാവ് ഒ രാജഗോപാലിന് പൊതുജന കാര്യത്തിൽ പത്മഭൂഷൺ. ആന്ധപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ ലഭിച്ചു. ആന്ധ്രയിൽ നിന്നുള്ള നടൻ ചിരഞ്ജീവിയും പത്മവിഭൂഷന് അർഹനായി. 5 പേർക്ക് പത്മവിഭൂഷണും, 17 പേർക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു. 110 പേർക്കാണ് പത്മശ്രീ.
ഗായിക ഉഷാ ഉതുപ്പിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും (മരണാനന്തര ബഹുമതി) പത്മഭൂഷൺ ലഭിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള നർത്തകിമാരായ വൈജയന്തിമാലാ ബാലി, പത്മാ സുബ്രഹ്‌മണ്യം, ബിഹാറിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ബിന്ദേശ്വർ പാഠക്( മരണാനന്തര ബഹുമതി) എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചു. പത്മഭൂഷൺ ലഭിച്ചവരിൽ കലാരംഗത്ത് നിന്ന് നടന്മാരായ മിഥുൻ ചക്രബർത്തി( ബംഗാൾ), വിജയകാന്ത്( മരണാനന്തര ബഹുമതി) എന്നിനവരും ഉൾപ്പെടുന്നു.
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി
സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിൽ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട്( മരണാനന്തര ബഹുമതി), മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി എന്നിവരാണ് കേരളത്തിൽനിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്.
നീണ്ട കാലത്തെ കലാസപര്യക്കുള്ള അംഗീകാരമെന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ പ്രതികരിച്ചു. 67 വർഷം കഥകളിക്കൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥന്മാർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാർബതി ബറുവ
, ആദിവാസി സാമൂഹ്യ പ്രവർത്തകനായ ഛത്തീസ്‌ഗഡിൽനിന്നുള്ള ജഗേശ്വർ യാദവ്, ഗോത്ര വിഭാഗത്തിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തക ഝാർഖണ്ഡിൽ നിന്നുള്ള ചാമി മുർമു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവർത്തകനായ ഹരിയാനയിൽ നിന്നുള്ള ഗുർവിന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകനായ പഞ്ചിമ ബംഗാളിൽ നിന്നുള്ള ധുഖു മാജി, മിസോറാമിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ സംഘതൻ കിമ, പരമ്പരാഗത ആയുർവേദ ചികിത്സകനായ ഛത്തീസ്‌ഗഢിൽ നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചൽ പ്രദേശിൽനിന്നുള്ള ആയുർവേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കർണാടകയിൽ നിന്നുള്ള ഗോത്ര സാമൂഹിക പ്രവർത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 110 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
രണ്ടുദിവസം മുൻപ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകിയത്
https://www.padmaawards.gov.in/Content/PadmaAwardees2024.pdf.
അംഗീകാരത്തിന് നന്ദി: ഒ. രാജഗോപാൽ
ഈ അംഗീകാരം തന്നതിൽ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും മുതിർന്ന ഒ രാജഗോപാൽ പറഞ്ഞു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഘത്തിലൂടെ ബിജെപിയിലെത്തിയ രാജഗോപാൽ 1998ൽ വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ച് കേരള നിയമസഭയിൽ അംഗമായി.
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് രാജഗോപാൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. 1929 സെപ്റ്റംബർ 15- ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ച രാജഗോപാൽ പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്‌കൂളിലും ആയിട്ടായിരുന്നു.
പാലക്കാട് വിക്‌റ്റോറിയ കോളേജിൽ പഠനം തുടർന്നു.പിന്നീട് ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.