തിരുവനന്തപുരം: പൂയം തിരുനാൾ ഗൗരി പാർവതി ബായ് തമ്പുരാട്ടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയാർ ഡി ലാ ലീജിയൺ ദ ഹോണേർ ആണ് ഗൗരി പാർവതി ബായിയെ തേടിയെത്തിയത്.

ഇന്ത്യൻ സമൂഹത്തിന് വിശേഷിച്ച് സ്ത്രീകൾക്ക് നൽകിയ വലിയ സംഭാവനകളെ മാനിച്ചും, ഇന്ത്യ-ഫ്രാൻസ് സൗഹൃദത്തിന്റെ പേരിലുമാണ് പുരസ്‌കാരം. ഫ്രഞ്ച് ഭാഷാദ്ധ്യാപികയെന്ന നിലയിലും തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസെയ്‌സിന്റെ സജീവ പങ്കാളിയെന്ന നിലയിലും ഫ്രാൻസിന്റെ സുഹൃത്തും, ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്റെ വക്താവുമാണ് ഗൗരി പാർവതി ബായിയെന്ന് ഫ്രഞ്ച് അംബാസഡർ തന്റെ കത്തിൽ വിശേഷിപ്പിച്ചു.

ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതിയിൽ, പ്രത്യേക ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

1802ൽ നെപ്പോളിയൻ ബോണപ്പാർട്ടെ ആണ് സമൂഹത്തിന് മികച്ച സേവനം നൽകുന്നവരെ ആദരിക്കുന്നതിനായി ഇങ്ങനെയൊരു പുരസ്‌കാരം ഏർപ്പെടുത്തിയത്.

സാഹിത്യത്തിനും ചരിത്രത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ഗൗരിലക്ഷ്മി ബായിയെ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. നൂറ്റി അൻപതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ പേരിലുണ്ട്. തിരുമുൽക്കാഴ്ച (1992) യാണ് ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിര തിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. മനോഹരമായ ഇംഗ്ലീഷിലാണ് ഈ കവിതകൾ. തിരുവിതാംകൂർ രാജവംശത്തിലേയ്ക്ക് ആദ്യമായിട്ടാണ് പത്മ പുരസ്‌ക്കാരം ലഭ്യമായത്.