- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും സോഷ്യൽ വർക്കർമാർക്കും ഇത് സുവർണാവസരം; യുകെയിലേക്ക് സുരക്ഷിതമായ തൊഴിൽ കുടിയേറ്റത്തിന് നോർക്ക റൂട്ട്‌സിന്റെ യുകെ കരിയർ ഫെയറിന് കൊച്ചിയിൽ തുടക്കം
കൊച്ചി: കേരളത്തിൽനിന്നുള്ള ആരോഗ്യമേഖലാ പ്രൊഫഷണലുകൾക്ക് സുരക്ഷിതവും നിയമപരവുമായി യു.കെ.യിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലണ്ടനിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട റിക്രൂട്ട്മെന്റ് നടപടികൾക്കാണ് തിങ്കളാഴ്ച തുടക്കമായിരിക്കുകയാണ്. ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് എറണാകുളത്ത് ആരംഭിച്ചു. ഇന്നുമുതൽ 25 വരെയാണ് ഫെസ്റ്റ്. ഫെബ്രുവരിയിൽ രണ്ടാംഘട്ട റിക്രൂട്ട്മെന്റിനും ധാരണയായിട്ടുണ്ട്.
ഡോക്ടർമാർ, വിവിധ സ്‌പെഷാലിറ്റികളിലേക്ക് നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ സംഘടിപ്പിക്കുന്ന കരിയർ ഫെയർ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് മൈക്ക് റീവ് റിക്രൂട്ട്മെന്റ് നടപടികൾ വിശദീകരിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ഹമ്പർ ആൻഡ് നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക് കൾച്ചറൽ ആൻഡ് വർക്ക് ഫോഴ്സ് ലീഡ് കാത്തി മാർഷൽ എന്നിവർ സംസാരിച്ചു. 13,000 ത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്യണം. DWMS ആപ്പിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുമ്പോൾ റഫറൽ കോഡായി NORKA എന്നു ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിക്കായി അപേക്ഷ സമർപ്പിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബിഎസ്.സി/എം. എസ്.സി നഴ്സു മാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലും യു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിലേക്കു റിക്രൂട്ട്മെന്റ് നേടാം. ഡോക്ടർമാർക്ക് പ്ളാബ് (PLAB) യോഗ്യയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.
അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനയ്ക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരിൽ സീനിയർ കെയറർ ഒഴികെയുള്ളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതതകൾ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും.
റിക്രൂട്ട്‌മെന്റ് നടപടികൾ പൂർണമായും യു.കെ യിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാകും നടക്കുക.
റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.norkaroots. org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 -ൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന മിസ്ഡ് കാൾ സേവനവും ലഭ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ