ന്യൂഡൽഹി: സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പഠിതാക്കൾ. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെ പത്താം ക്ലാസ് ബോർഡ് പരീക്ഷയും, ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെ 12 ാം ക്ലാസ് ബോർഡ് പരീക്ഷയും നടത്തിയിരുന്നു.

അതിനിടെ, സോഷ്യൽ മീഡിയയിൽ, 10,12 ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം മെയ് 11 ന്, വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന നോട്ടീസ് വ്യാപകമായി പ്രചരിച്ചു. എന്നാൽ, ആ നോട്ടീസ് വ്യാജമാണെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചു. ഫലം അറിയാനുള്ള ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്തുവിടും. അതിന് വേണ്ടി കാത്തിരിക്കാനാണ് സിബിഎസ്ഇ നിർദ്ദേശം.

സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജും ഈ നോട്ടീസ് വ്യാജമെന്ന് അറിയിച്ചു. എന്തായാലും ഈ മാസം തന്നെ ഫലം ഒരുമിച്ച് പ്രഖ്യാപിക്കും. തീയതിയും സമയവും പഠിതാക്കളെ അറിയിക്കും. ഫലം പ്രഖ്യാപിച്ചാൽ, ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് cbse.gov.in ഡൗൺലോഡ് ചെയ്യാം.

cbseresults.nic.in
results.cbse.nic.in
cbse.nic.in
cbse.gov.in

വൈറലായ നോട്ടീസിൽ പഠിതാക്കൾക്ക് ഫലം പരിശോധിക്കാനുള്ള മാർഗ്ഗങ്ങളും വിശദീകരിക്കുന്നുണ്ട്. കൂടുതൽ വിശ്വാസ്യത നൽകാൻ സിബിഎസ്ഇയുടെ ഔദ്യോഗിക ലോഗോയും. ഡയറക്ടർ ജോസഫ് സാമുവലിന്റെ ഒപ്പും നൽകിയിട്ടുണ്ട്. സിബിഎസ്ഇയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നോട്ടീസ് വ്യാജമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സിബിഎസ്ഇ ബോർഡ് പരീക്ഷ പാസാകാൻ ഓരോ വിഷയത്തിലും പഠിതാവിന് സാധ്യമായ പോയിന്റുകളുടെ 33 ശതമാനം വേണം. 38,83,710 കുട്ടികൾ ഇത്തവണ ബോർഡ് പരീക്ഷയ്ക്ക് ഇരുന്നു. അതിൽ പത്താം ക്ലാസിൽ 21,86,940 ഉം 12 ാം ക്ലാസിൽ 16,96,770 പേരും പരീക്ഷ എഴുതി. വെബ്‌സൈററുകളെ കൂടാതെ, ഡിജിലോക്കൽ, ഉമംഗ് ആപ്പിക്കേഷനുകൾ വഴിയും ഫലമറിയാം.