ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. 99.91 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 78.05 ശതമാനമുള്ള പ്രയാഗ്‌രാജ് ആണ് മേഖലാടിസ്ഥാനത്തിൽ പിന്നിൽ.

സ്‌കൂളുകളിൽ ജവഹർ നവോദയ വിദ്യാലയങ്ങളാണ് ഏറ്റവും ഉയർന്ന നേട്ടം കൊയ്തിരിക്കുന്നത്. 97.51 ശതമാനമാണ് വിജയം. കേന്ദ്രീയ വിദ്യാലയം 92.51 ശതമാനം വിജയം നേടി.

പെൺകുട്ടികൾ തന്നെയാണ് ഇക്കുറിയും വിജയത്തിൽ മുന്നിൽ നിൽക്കുന്നത്. 90.68 ശതമാനം വിജയമാണ് പെൺകുട്ടികൾ നേടിയിരിക്കുന്നത്. 84.67 ശതമാനമാണ് ആൺകുട്ടികളുടെ വിജയശതമാനം. ഈ വർഷം 39 ലക്ഷത്തോളം വിദ്യാർത്ഥികളാണു പരീക്ഷ എഴുതിയത്.10ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

കോവിഡ് കാലത്തിന് മുൻപ് 2019-ൽ പ്രസിദ്ധീകരിച്ച ഫലത്തേക്കാൾ (83.40%) കൂടുതലാണ് ഈ വർഷത്തെ ഫലമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 92.7 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയം.

വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കർ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം.

വിദ്യാർത്ഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമാനമനുസരിച്ചുള്ള ഗ്രേഡ്) തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. എന്നാൽ, വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഫലമറിയാനുള്ള സൈറ്റുകൾ:

https://cbseresults.nic.in/
https://www.cbse.gov.in/
https://results.gov.in/
https://results.digilocker.gov.in/
https://umang.gov.in