ണ്ടനിലെ ഒരു വിദ്യാർത്ഥിയാകുവാൻ സാധിക്കുക എന്നത് വളരെ ഭാഗ്യകരമാണ്. ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ ലൈബ്രറികളും പഠന സൗകര്യങ്ങളും ലഭിക്കുന്നുവെന്നത് മാത്രമല്ല, മികച്ച സാമൂഹ്യ ജീവിതവും കൂടിയാണ് ഈ നഗരം സമ്മാനിക്കുന്നത്. ഇപ്പോഴിതാ, ലണ്ടനിലെ രണ്ടു സർവ്വകലാശാലകൾ ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയിരിക്കുകയാണ്. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലാണ് രണ്ട് ലണ്ടൻ യൂണിവേഴ്സിറ്റികൾ ഇടംനേടിയിരിക്കുന്നത്.

കേംബ്രിഡ്ജും ഓക്സ്ഫോർഡും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ലണ്ടനിലെ ഇംപീരിയൽ കോളേജ് ആറാം സ്ഥാനത്തും യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഒമ്പതാം സ്ഥാനത്തുമാണ് എത്തിയത്. കിങ്സ് കോളേജ് ലണ്ടൻ, ദി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്നിവയും ലോകത്തിലെ മികച്ച 50-ൽ ഇടം നേടി. യഥാക്രമം 40-ഉം 45-ഉം സ്ഥാനങ്ങളിലാണ് ഈ കോളേജുകൾ എത്തിയത്.

20 വർഷമായി തുടരുന്ന ഈ റാങ്കിംഗിൽ ഓരോ സർവകലാശാലയുടെയും അക്കാദമിക് പ്രശസ്തി, തൊഴിൽ, അന്താരാഷ്ട്ര ഗവേഷണം, സുസ്ഥിരത എന്നിവയാണ് വിശകലനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 1,500 യൂണിവേഴ്സിറ്റികളാണ് പരിഗണിക്കുന്നത്. ഇതിൽ പട്ടികയിലെ തൊണ്ണൂറ് സ്ഥാപനങ്ങളും യുകെയിൽ നിന്നുള്ളതാണ്. യുഎസ്എയിൽ നിന്നുമാണ് ഏറ്റവും അധികം കോളേജുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊട്ടു പിന്നിലാണ് യുകെയുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയായി മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (എംഐടി) തിരഞ്ഞെടുക്കപ്പെട്ടത്.

ഇംപീരിയൽ ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകളിലൊന്നാണെന്ന് ഈ ഫലം സ്ഥിരീകരിക്കുന്നു, ഇത് ഞങ്ങളുടെ മിഴിവേറിയതും വൈവിധ്യപൂർണ്ണവുമായ സമൂഹത്തിന്റെയും ആഗോള വീക്ഷണത്തിന്റെയും നവീകരണ മനോഭാവത്തിന്റെയും തെളിവാണ്.' എന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രസിഡന്റ് പ്രൊഫസർ ഹ്യൂ ബ്രാഡി പറഞ്ഞു.