- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപക നിയമനം അടിമുടി അഴിച്ചുപണിയാൻ യു ജി സി; അക്കാദമിക് യോഗ്യതകൾ ഇല്ലെങ്കിലും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അദ്ധ്യാപകരാകാം; പ്രൊഫസഴ്‌സ് ഓഫ് പ്രാക്ടീസ് എന്ന പേരിൽ വിദഗ്ധരെ ഫാക്കൽറ്റി അംഗങ്ങളായി നിയമിക്കാൻ പദ്ധതി
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപക നിയമനത്തിലും യുജിസി മാറ്റം വരുത്തുന്നു. സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താനാണ് യുജിസിയുടെ പദ്ധതി.
നിലവിൽ നിശ്ചിത യോഗ്യതയുള്ളവരെയാണ് അദ്ധ്യാപകരായി നിയമിക്കുന്നത്. വിവിധ യോഗ്യതകൾക്ക് പുറമേ തന്റെ പേരിൽ വിവിധ ജേണലുകളിലോ മറ്റോ ഉള്ള പ്രസിദ്ധീകരണങ്ങളും അധിക യോഗ്യതയായി ആവശ്യപ്പെടാറുണ്ട്. ഇനി ഇവ നിർബന്ധമല്ലാത്ത വിധം അദ്ധ്യാപക നിയമനത്തിൽ അടിമുടി പരിഷ്‌കരണം നടപ്പാക്കാനാണ് യുജിസി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന യുജിസിയുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് എന്ന പേരിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ്ധരെ ഫാക്കൽറ്റി മെമ്പർമാരായി നിയമിക്കുന്നതിനുള്ള വിജ്ഞാപനം അടുത്ത മാസം യുജിസി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എൻജിനീയറിങ്, സയൻസ്, മീഡിയ, സാഹിത്യം, സംരഭകത്വം , സാമൂഹിക ശാസ്ത്രം, കല, സിവിൽ സർവീസസ്, സായുധ സേന തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ്ധരെ അദ്ധ്യാപകരായി നിയമിക്കാമെന്നതാണ് കരടു മാർഗനിർദ്ദേശത്തിൽ പറയുന്നത്. നിർദിഷ്ട മേഖലയിൽ 15 വർഷത്തെ അനുഭവസമ്പത്ത് വേണം. അത്തരത്തിൽ വൈദഗ്ധ്യം നേടിയവർക്ക് അക്കാദമിക യോഗ്യതകൾ വേണ്ടതില്ല എന്നതാണ് കരടു മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇതിന് പുറമേ നിലവിൽ ഫാക്കൽറ്റി അംഗങ്ങൾക്ക് വേണ്ട മറ്റു യോഗ്യതകളും ഇവർക്ക് ആവശ്യമില്ല. പ്രസിദ്ധീകരണം അടക്കമുള്ള മറ്റു യോഗ്യതകളിലാണ് ഇവർക്ക് ഇളവ് അനുവദിക്കുക എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ നിയമനം നടത്താൻ അനുവദിച്ച തസ്തികകളുടെ പത്തുശതമാനത്തിൽ കൂടാൻ പാടില്ല വിദഗ്ധരുടെ നിയമനമെന്നും മാർഗനിർദ്ദേശം വ്യക്തമാക്കുന്നു. നിശ്ചിത കാലാവധി വരെയാണ് നിയമനം. റെഗുലർ ഫാക്കൽറ്റി അംഗങ്ങളുടെ നിയമനത്തെ ഇത് ഒരുതരത്തിലും ബാധിക്കാത്ത വിധം നടപടികളുമായി മുന്നോട്ടുപോകാനാണ് നിർദ്ദേശം. സേവനത്തിന് പകരമായി ഏകീകൃത തുകയാണ് ലഭിക്കുക. വിദഗ്ധനും അതത് സ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നൽകുക എന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ