ലണ്ടൻ: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾക്കായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കയിലായിരിക്കുകയാണ്. യൂണിവേഴ്സിറ്റികൾ, പ്രവർത്തനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാർത്ഥികൾ നൽകുന്ന കൂടിയ നിരക്കിലുള്ള ഫീസിനെയാണ്. അത് നിലച്ചു പോയാൽ ബ്രിട്ടീഷ് സർവ്വകലാശാലകളുടെ സാമ്പത്തിക ആരോഗ്യം തകരുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.

വിദേശ വിദ്യാർത്ഥികൾക്കുള്ള ഓഫറുകൾ മാനേജ് ചെയ്യുന്ന എന്റോളിയുടെ കണക്കുകൾ അനുസരിച്ച് 2024 ജനുവരിയിൽ, ഇന്റർനാഷണൽ ഓഫറുകൾക്ക് തൊട്ട് മുൻപത്തെ വർഷം ജനുവരിയിലേതിനേക്കാൾ 37 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് വിസയ്ക്കായും മറ്റും സഹായിക്കുവാൻ നൽകുന്ന കൺഫർമേഷൻ ഓഫ് അക്സപ്റ്റൻസ് ഫോർ സ്റ്റഡീസ് (സി എ എസ്) രേഖകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു.

കുടിയേറ്റ നിയമങ്ങളിൽ അടുത്തിടെ സർക്കാർ കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾക്ക് ശേഷമുള്ള പോസ്റ്റ് ഗ്രാഡ്വേറ്റ് എന്റോൾമെന്റുകളുടെ വിശാലമായ ഒരു ചിത്രം ലഭിക്കുന്നത് ഇതാദ്യമായാണ്. പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികൾ കുടുംബത്തെ കൂടെ കൊണ്ടു വരുന്നത് നിരോധിക്കും,എന്ന്കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഋഷി സുനക് പ്രസ്താവിച്ചിരുന്നു. ചില യൂണിവേഴ്സിറ്റികൾ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു നടപടി.

എന്റോളിയുടെ റിപ്പോർട്ട് ആശങ്കയുയർത്തുന്നു എന്നായിരുന്നു ബ്രിട്ടനിലെ 140 ൽ അധികം യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്സിറ്റീസ് യു കെയുടെ ചീഫ് എക്സിക്യുട്ടീവ് വിവിയെൻ സ്റ്റേൺ പ്രതികരിച്ചത്. സർക്കാരിന്റെ നയമാറ്റം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചു എന്ന് ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്നതായും വിവിയെൻ സ്റ്റെൺ പറഞ്ഞു. ഇത് യൂണിവേഴ്സിറ്റികളെയാണ് പ്രതികൂലമായി ബാധിക്കുക എന്നും അവർ ചൂണ്ടിക്കാട്ടി.

ഇന്റർനാഷണൽ റിക്രൂട്ട്മെന്റിൽ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ മറ്റു ചില പ്രതിബന്ധങ്ങൾ കൂടി അഭിമുഖീകരിക്കുന്നുണ്ട്. നൈജീരിയയിലെ കറൻസി പ്രതിസന്ധി, കാനഡ, യു എസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ശക്തമായ ഒരു തിരിച്ചുവരവാണ് ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾ നടത്തിയിരിക്കുന്നത്.

2019-ൽ സർക്കാർ നിശ്ചയിച്ചത് പ്രതിവർഷം 6 ലക്ഷം വിദേശ വിദ്യാർത്ഥികളെ യു കെയിൽ എത്തിക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ അതുവഴി 35 ബില്യൺ പൗണ്ടിന്റെ വരുമാനവും ലക്ഷ്യമിട്ടിരുന്നു. 2018-19 കാലഘട്ടത്തിൽ 5 ലക്ഷം വിദേശ വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്ഥലത്ത് 2021-22 കാലത്ത് 6,80,000 വിദ്യാർത്ഥികളായി ഉയരുകയും ചെയ്തിരുന്നു. പിന്നെയാണ് സർക്കാരിന്റെ പുതിയ വിസ നയം എത്തുന്നത്.

അപേക്ഷകൾ സമർപ്പിക്കുന്നതിന് സെപ്റ്റംബർ വരെ സമയമുള്ളതിനാൽ 2024-25 വർഷത്തെ കണക്ക് ഇപ്പോഴെ എടുക്കുന്നത് ശരിയാവില്ല എന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾക്ക് അപേക്ഷകൾ കുറഞ്ഞപ്പോൾ അണ്ടർ ഗ്രാഡ്വേറ്റ് കോഴ്സുകൾക്ക് 23 ശതമാനം കൂടുതൽ പേർ അപേക്ഷിച്ചതായും എന്റോളി ഡാറ്റ പറയുന്നു. സമാനമായ രീതിയിൽ യൂണിവേഴ്സിറ്റിസ് ആൻഡ് കോളേജസ് അഡ്‌മിഷൻ സർവ്വീസിന്റെ ഡാറ്റയിലും അണ്ടർഗ്രാഡ്വേറ്റ് കോഴ്സുകൾക്ക് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 0.7 ശതമാനത്തിന്റെ വരദ്ധനവ് ഉണ്ടായതായി പറയുന്നു.

പ്രവർത്തന ചെലവിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാർത്ഥികളെയാണ്. 2022-ൽ യൂണിവേഴ്സിറ്റികളുടെ മൊത്തം വരുമാനത്തിന്റെ അഞ്ചിൽ ഒരു ഭാഗം ലഭിച്ചത് യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് ഫീസിൽ നിന്നുമായിരുന്നു എന്ന് ഹൈയ്യർ എഡ്യൂക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ വിദ്യാർത്ഥികൾ കൂടുതലും എത്തിയത് പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾക്കായിട്ടാണ്.

ഒരു പഠന കേന്ദ്രം എന്ന നിലയിൽ ബ്രിട്ടന് അന്താരാഷ്ട്ര തലത്തിൽ ഉണ്ടായിരുന്ന ആകർഷണത്തെ സർക്കാരിന്റെ നയം വിപരീതമായി ബാധിക്കുന്നു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നതെന്ന് റസ്സൽ ഗ്രൂപ്പ് ഓഫ് എലൈറ്റ് യൂണിവേഴ്സിറ്റീസ് ചീഫ് എക്സിക്യുട്ടീവ് ടിം ബ്രാഡ്ഷാ പറയുന്നു. ഇത് തീർത്തും ലജ്ജാകരമായ കാര്യമാണെന്ന് പറഞ്ഞ ടിം ബ്രാഡ്ഷാ, ഇത് യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്ന് പറഞ്ഞു.