- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളി ഹൗസിൽ വൈകാരിക നിമിഷങ്ങൾ; ഉറ്റചങ്ങാതിയെ അവസാന നോക്കു കണ്ട് വിതുമ്പിക്കരഞ്ഞ് എ കെ ആന്റണി; ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് ആന്റണി വിതുമ്പിയപ്പോൾ കണ്ടു നിന്നവരിലും കണ്ണീരണിഞ്ഞു; കെ.എസ്.യു കാലം മുതലുള്ള ഓർമ്മകൾ ഇരമ്പിയെത്തിയപ്പോൾ ആകെ തകർന്ന് നേതാവ്; അന്ത്യചുംബനം നൽകിയത് അതിവൈകാരികമായി
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ജഗതിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൈകാരികമായ രംഗങ്ങൾ. മുതിർന്ന നേതാവ് എ കെ ആന്റണി തന്റെ ഉറ്റചങ്ങാതിയുടെ ചേതനയറ്റ മൃതദേഹം കണ്ട് വിതുമ്പി കരഞ്ഞു. നേതാക്കൾക്കും പ്രവർത്തകർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ പുതുപ്പള്ളി ഹൗസിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയരുന്നു.
വസതിക്ക് പുറത്ത് ആംബുലൻസിൽ എത്തിച്ച മൃതദേഹം വളരെ പണിപ്പെട്ടാണ് ആൾക്കൂട്ടത്തിന് നടുവിലൂടെ വീടനകത്ത് എത്തിച്ചത്. എന്നും ജനങ്ങൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച നേതാവ് അന്ത്യയാത്രയിലും ജനക്കൂട്ടത്തിന് നടുവിലാണ്. പുതുപ്പള്ളി ഹൗസിലെത്തിയ എ.കെ. ആന്റണി വിങ്ങിപ്പൊട്ടിയാണ് തങ്ങളുടെ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു.
വി എം സുധീരനും സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. മൃതദേഹത്തിന് മുന്നിൽ കൈകൂപ്പി വിങ്ങിപ്പൊട്ടി സുധീരൻ. ശിവഗിരി മഠത്തിലെ സന്യാസിമാരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പുതുപ്പള്ളി ഹൗസിൽ എത്തിയിരുന്നു. ഇവർ ദൈവദശകം ചൊല്ലിയപ്പോൾ ചാണ്ടി ഉമ്മനും പ്രാർത്ഥനയിൽ പങ്കുചേർന്നു. വിലാപയാത്ര കടന്നുവന്ന വഴികളിലുടനീളം മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ കാത്തുനിന്നിരുന്നു.
പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് പൊതുദർശനം നടക്കുന്നത്. പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിനുശേഷം സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്ക് മൃതദേഹം എത്തിച്ചിട്ടുണട്. ഇവിടെയും വലിയ ജനസഞ്ചയം തന്നെയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ ആദരാജ്ഞലി അർപ്പിക്കും. സെന്റ് ജോർജ് കത്തിഡ്രലിലും കെപിസിസി. ആസ്ഥാനമായ ഇന്ദിരാഭവനിലും ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കും. പിന്നീട് വീണ്ടും പുതുപ്പള്ളി ഹൗസിലേക്ക് മൃതദേഹം കൊണ്ടുവരും. ബുധനാഴ്ച രാവിലെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.
രാഷ്ട്രീയത്തിൽ എക്കാലത്തും എ.കെ ആന്റണിയുടെ തൊട്ടുതാഴെ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും അതീവ ദൃഢമായിരുന്നു. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി ജനറൽ സെക്രട്ടറിയായിരുന്നു. ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഉമ്മൻ ചാണ്ടി കെ.എസ്.യു പ്രസിഡന്റായി. പിന്നീട് കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി ഉയർന്നപ്പോഴൊക്കെ ആന്റണിയോടൊപ്പം, എന്നാൽ തൊട്ടുതാഴെ ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയോട് പിണങ്ങി കോൺഗ്രസ് വിടുകയും ആ വിഭാഗം ആന്റണി പക്ഷമായി രൂപപ്പെടുകയും 1980ൽ ഇ.കെ നായനാർ നേതൃത്വം കൊടുത്ത ഇടതുമുന്നണി ഗവൺമെന്റിൽ ചേരുകയും ചെയ്തപ്പോഴും ആന്റണിയോടൊപ്പം ഉമ്മൻ ചാണ്ടിയും ചേർന്നുനിന്നു.
സിപിഎമ്മുമായുള്ള കൂട്ടുകെട്ടവസാനിപ്പിച്ച് തിരികെ കെ. കരുണാകരനോടൊപ്പം കൂടിയപ്പോഴും ആന്റണിയും ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു. കരുത്തനായിരുന്ന കരുണാകരനെതിരേ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതും ആന്റണിയും ഉമ്മൻ ചാണ്ടിയും തോളോടു ചേർന്നുനിന്ന്. അവസാനം കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറക്കിവിട്ട് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഉമ്മൻ ചാണ്ടി ഒപ്പംനിന്നു, പൂർണ പിന്തുണയോടെ.
കേരള രാഷ്ട്രീയത്തിലെ ഒരു വലിയ പ്രതിഭാസം തന്നെയാണ് ആന്റണി ഗ്രൂപ്പ്. എ.കെ ആന്റണിയുടെ പേരിലാണ് ഗ്രൂപ്പ് എങ്കിലും ഗ്രൂപ്പും ഗ്രൂപ്പ് പ്രവർത്തനവുമെല്ലാം എക്കാലവും ഉമ്മൻ ചാണ്ടിയുടെ പൂർണ നിയന്ത്രണത്തിൽ തന്നെയായിരുന്നു. എപ്പോഴും ആന്റണി തന്നെ മുന്നിൽ നിൽക്കുകയും ചെയ്തു, ഒന്നാമനായി. തൊട്ടുതാഴെ രണ്ടാമനായി ഉമ്മൻ ചാണ്ടിയും. എക്കാലവും രണ്ടാമനായിരിക്കാൻ വിധിക്കപ്പെട്ട നേതാവ്. ഒന്നാമനെ എന്നും ഒന്നാമനായി നിർത്താൻ പടപൊരുതിയ രണ്ടാമൻ ഉമ്മൻ ചാണ്ടി. ഈ രണ്ടു നേതാക്കളും തമ്മിൽ ഉണ്ടായിരുന്ന ഐക്യവും സൗഹൃദവും തികച്ചും അസാധാരണമായൊരു പ്രതിഭാസവുമായിരുന്നു.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കേരളത്തിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾതന്നെ രാജിവയ്ക്കാൻ തീരുമാനിച്ചതാണെന്നും പക്ഷേ, രാജി ഒന്നര മാസം വൈകിയത് ഹൈക്കമാന്റിന്റെ അനുമതി കിട്ടാത്തതു കൊണ്ടായിരുന്നുവെന്നുമാണ് ഡൽഹിയിലിരുന്ന് ഓൺലൈനിൽ പങ്കെടുത്ത ആന്റണി പറഞ്ഞുവച്ചത്.
ഇതിനൊരു പിന്നാമ്പുറമുണ്ട്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഏറ്റതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ആന്റണിയെ ഒഴിവാക്കാൻ മുന്നണിക്കുള്ളിലും കോൺഗ്രസിൽ തന്നെയും സംഘടിതനീക്കം നടന്നിരുന്നു. ഇതിനൊക്കെയും ഉമ്മൻ ചാണ്ടിയാണ് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകളുമുണ്ടായിരുന്നു. പല കേന്ദ്രങ്ങളിൽനിന്നും ഹൈക്കമാന്റിനു മേൽ സമ്മർദം മുറുകിയതിനെ തുടർന്നായിരുന്നു ആന്റണിയുടെ രാജി.
ഉമ്മൻ ചാണ്ടിയെപ്പോലെ ആന്റണിയോട് വളരെ ചേർന്നുനിന്നു പ്രവർത്തിച്ച നേതാവായിരുന്നു ചെറിയാൻ ഫിലിപ്പ്. തികച്ചും ലളിതമായ ജീവിതം നയിച്ച ആന്റണി വിവാഹം പോലും ഒഴിവാക്കി മാറിനിന്നപ്പോൾ ചെറിയാൻ ഫിലിപ്പും ആ വഴി പിന്തുടർന്നു. പക്ഷേ, 44ാം വയസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ കഴിയവെ ഏകാന്തതയ്ക്കു പരിഹാരമായി കല്യാണം കഴിക്കാൻ ആഗ്രഹിച്ചുവെന്നും വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചുവെന്നും ഇതേ സമ്മേളനത്തിൽ ആന്റണി വിവരിച്ചു.
കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ തന്നെ ആ ദൗത്യം ഏറ്റെടുത്തു. സഹപ്രവർത്തകയായിരുന്ന എലിസബത്തിന്റെ കാര്യം മുന്നോട്ടുവച്ചു. കത്തോലിക്കാ സമുദായക്കാരനായ ആന്റണിയുടെ വിവാഹം നടന്നത് പള്ളിയും പട്ടക്കാരനും പ്രാർത്ഥനയും ശുശ്രൂഷയുമൊന്നുമില്ലാതെ ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിൽ. വീട്ടിലെത്തിയ രജിസ്ട്രാർ വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിരലിലെണ്ണാവുന്നത്ര അതിഥികളും പത്രപ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. വിശ്വാസിയായ മറിയാമ്മ ചടങ്ങിനു തൊട്ടുമുൻപ് എലിസബത്തിനെയും കൂട്ടി വീടിനു മുകളിലേക്കു പായി. ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. മൂവരും മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിച്ചു. സിവിൽ നിയമപ്രകാരം നടന്ന വിവാഹം കേരള സമൂഹത്തിൽ വലിയ വാർത്തയാവുകയും ചെയ്തു.