കൽപ്പറ്റ: കളിക്കാനായി കരുതിവെച്ച പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകൾ പൂക്കളോടൊപ്പം ആദിയുടെ കുഞ്ഞുശരീരത്തോട് ചേർത്തുവെച്ചിട്ടുണ്ടായിരുന്നു.ആ കാഴ്ച കണ്ടവരുടെ നെഞ്ചുപൊട്ടിപ്പോയി.വീട്ടുമുറ്റത്തെ ഒരു കൊച്ചുപെട്ടിയിൽ കിടത്തിയ ആദിയുടെ കുഞ്ഞുശരീരത്തിലേക്ക് പൂക്കൾവാരിയിടുമ്പോൾ കൈകൾ വിറച്ചു.

കണ്ഠമിടറാതെ ഒരാൾക്ക് പോലും ആ വീടുവിട്ടറങ്ങാനായില്ല.ബഹളവും കുസൃതിയും കാണിച്ച് ഓടിക്കളിച്ച മുറ്റത്ത് നാലുവയസ്സുകാരൻ ചലനമറ്റ് കിടക്കുമ്പോൾ ആരാണ് വിതുമ്പിപ്പോവാത്തത്. വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകൾപോലും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

അച്ഛന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയാണ് മേപ്പാടി നെടുമ്പാല, പള്ളിക്കവലയിൽ ജയപ്രകാശ്-അനില ദമ്പതിമാരുടെ മകനായ ആദിദേവിന്റെ ജീവനെടുത്തത്. അമ്മ അനിലയ്ക്കും പുറത്തും ചുമലിലുമെല്ലാം വെട്ടേറ്റിരുന്നു. ആശുപത്രിയിൽ നിന്നാണ് മകനെ അവസാനമായി ഒരുനോക്ക് കാണാൻ അവരെത്തിയത്.

കൊലചെയ്ത ജിതേഷും ആദിയുടെ അച്ഛൻ ജയപ്രകാശും മുപ്പതുവർഷത്തോളമായി അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇവരുടെ കൂട്ടുകാർ പറയുന്നത്. ആ സൗഹൃദമാണ് അവരെ ബിസിനസ് പങ്കാളികളാക്കിയത്. ഒരു കുടുംബത്തെപോലെ കഴിഞ്ഞവരാണ്. ദിവസങ്ങൾക്കുമുൻപും ജയപ്രകാശും ജിതേഷും ഒരുമിച്ച് യാത്രപോയിരുന്നുവെന്നും ഇവർ പറയുന്നു. കോവിഡ് കാരണം കച്ചവടം പൊളിഞ്ഞതോടെ ഇരുവർക്കും സാമ്പത്തികബാധ്യതയുണ്ടെന്ന് എല്ലാവർക്കുമറിയാം. അതിന്റെപേരിൽ എന്തിനാണ് ഈ കുഞ്ഞുമകനെ കൊന്നുകളഞ്ഞതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഇവരുടെ വീടിന്റെ നൂറുമീറ്റർ അകലെയാണ് ജിതേഷിന്റെയും വീട്. അവിടെ വഴിയരികിൽവച്ചാണ് ആദിദേവും അനിലയും വെട്ടേറ്റുവീണത്. അങ്കണവാടിയിലേക്ക് മകനുമായി പോവുന്നതുകണ്ട ജിതേഷ് വീട്ടിൽപ്പോയി വെട്ടുകത്തിയെടുത്തുവന്ന് പിറകിൽനിന്ന് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആദിദേവിന്റെ തല ഒറ്റവെട്ടിനുതന്നെ പിളർന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ േഡാക്ടർമാർ പറയുന്നത്.

32 തുന്നലുകൾ ആ കുഞ്ഞുതലയിലുണ്ടായിരുന്നു. വ്യാഴാഴ്ചതന്നെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു നാടുമുഴുവൻ.ജിതേഷ് മദ്യത്തിന് അടിമയായിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്.ടി. സിദ്ദിഖ് എംഎ‍ൽഎ. കോഴിക്കോട് മെഡിക്കൽകോളേജിലെത്തി അന്തിമോപചാരമർപ്പിച്ചു.സി.കെ. ശശീന്ദ്രൻ, കെപിസിസി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.