കോഴിക്കോട്: തീയറ്റർ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തിയറ്റർ ഉടമയുമായ മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) മരണം തൃശൂരിലെ തീയറ്ററിൽ കാൽവഴുതി വീണ്. തിയേറ്ററുകൾക്ക് വേണ്ടി ഓടി നടന്ന വ്യക്തിത്വമാണ് കുഞ്ഞൂഞ്ഞ്. മുക്കത്തെ വിപി മൊയ്തീന്റെ അടുത്തു സുഹൃത്തായിരുന്നു. കോഴിക്കോട്ടെ ഇളക്കി മറിച്ച സൗഹൃദത്തിലെ പ്രധാനി. പിന്നീട് തിയേറ്ററുകളോടായി പ്രണയം. മുക്കത്തു നിന്നും കേരളത്തിന്റെ പല കോണുകളിലും എത്തി തിയേറ്റർ വ്യവസായത്തെ പരിപോക്ഷിപ്പിച്ചു.

കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റർ സ്ഥാപിച്ചാണ് തിയറ്റർ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്‌സ് തിയറ്റർ, റോസ് തീയറ്ററുകൾ എന്നിവയിലായി എട്ടോളം സ്‌ക്രീനുകൾ കെ.ഒ. ജോസഫിന്റേതാണ്. പരമ്പരാഗത തിയേറ്ററുകളിൽ നിന്നും മൾട്ടി പ്ലക്‌സിലേക്ക് തിയേറ്റർ വ്യവസായം മാറിയപ്പോൾ ഒരു മടിയും കൂടാതെ ചുവടുമാറി. അത് വലിയ വിജയുമായി. കോഴിക്കോട്ടെ കോറണേഷനെ പാട്ടത്തിന് എടുത്ത് മൂന്ന് തിയേറ്ററുകളായി. ആ പരീക്ഷണവും വമ്പൻ വിജയമാകുമ്പോഴാണ് മരണം. മനസ്സിൽ ഒരുപാട് പദ്ധതികളുണ്ടായിരുന്നു.

തിയേറ്റർ ഉടമകളുടെ യോഗത്തിനായി കോഴിക്കോട് നിന്ന് തീവണ്ടിയിലാണ് പോയത്. യോഗത്തിന് ശേഷം മറ്റൊരു സുഹൃത്തുമായി കാറിലായി മടക്കം. ചങ്ങരംകുളത്തെ മാസ് തിയേറ്ററിലെ ഉടമ അടുത്ത സുഹൃത്തായിരുന്നു. മടക്കയാത്രയിൽ ഈ സുഹൃത്തിനെ കാണാനായാണ് തിയേറ്ററിൽ കയറിയത്. ഓഫീസിൽ ഇരുന്ന് സംസാരിച്ചു. അതിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കാൽ വഴുതി വീണതും ദുരന്തം ഉണ്ടായതും. തിയേറ്റർ മേഖലയ്ക്കാകെ ഞെട്ടലാകുകയും ചെയ്തു.

തിയേറ്റർ സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തലയടിച്ചുവീണ ഇദ്ദേഹത്തെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതംകൂടി സംഭവിക്കുകയായിരുന്നു. സൗമ്യനായ വ്യക്തിത്വമായിരുന്നു. സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. കോഴിക്കോട് നഗരത്തിൽ വലിയ സൗഹൃദബന്ധമാണ് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് തിയേറ്റർ മേഖലയ്ക്ക് വലിയ ഉണർവ്വില്ല. അതുകൊണ്ട് തന്നെ മനസ്സിലെ പദ്ധതികൾ കുറച്ചു കാലം കൂടി കഴിഞ്ഞ യാഥാർത്ഥ്യമാക്കാമെന്ന തീരുമാനത്തിലായിരുന്നു കുഞ്ഞൂഞ്ഞ്. വമ്പൻ മാറ്റങ്ങളിലൂടെ കാണികളെ തിയേറ്ററിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായാണ് എറണാകുളത്തേക്ക് പോയത്. എന്നാൽ തിരിച്ചുവരവ് അസാധ്യമാക്കി തിയേറ്ററിൽ തന്നെ കുഞ്ഞൂഞ്ഞ് വീണു മരിച്ചു.

പ്രൊജക്ഷൻ, ശബ്ദവിന്യാസം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത ജോസഫ്, മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു. 3ഡി 4കെ, ഡോൾബി അറ്റ്‌മോസ് സിനിമകൾ പൂർണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കാൻ ജോസഫ് പുലർത്തിയ ശ്രദ്ധ ഏറെ കയ്യടി നേടിയിരുന്നു.

മലയാള സിനിമയിൽ തിയേറ്ററുകളിലൂടെ വിപ്ലവം സാധ്യമാക്കാമെന്ന് കാട്ടിയതും ജോസഫായിരുന്നു. വിതരണ കമ്പനി അടക്കം നടത്തിയെങ്കിലും പിന്നീട് തിയേറ്ററുകളിലേക്ക് മാത്രമായി ശ്രദ്ധ.