മലപ്പുറം: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ രണ്ട് ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ. സ്‌കൂൾ അവധിദിവസമായ ഇന്നു ചുങ്കത്തറയിലെ ഏജ്യകെയർ ട്യൂഷൻ സെന്ററിലേക്കു ട്യൂഷൻ ക്ലാസിലേക്കാണെന്നു പറഞ്ഞു രാവിലെ 7.30ഓടെ വീട്ടിൽനിന്നും പുറപ്പെട്ട രണ്ടു വിദ്യാർത്ഥികളാണു ട്യൂഷനുപോകാതെ ബൈക്ക് വാടകക്കെടുത്ത് സഞ്ചരിക്കുന്നതിനിടെ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ചുങ്കത്തറ പാതിപ്പാടം സ്വദേശിന്റെ മകൻ യദുകൃഷ്ണ(15), ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ രാജ്(14) എന്നിവരാണു ചുങ്കത്തറ മുട്ടിക്കടവിൽവെച്ച് മരിച്ചത്. ഇന്നു രാവിലെ 8.15ഓടെയാണു അപകടം സംഭവിച്ചത്.

വീട്ടുകാർ ബൈക്ക് വാടകക്കെടുത്ത കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കുട്ടികൾ അപകടത്തിൽപ്പെട്ട കാര്യം വീട്ടുകാരെ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. മക്കൾ ട്യൂഷനുപോയതാണെന്നും അവരുടെ കൈയിൽബൈക്കില്ലെന്നു വീട്ടുകാർ പറഞ്ഞെങ്കിലും പിന്നീടാണു അപകടത്തിപ്പെട്ടത് തങ്ങളുടെ മക്കൾ തന്നെയാണെന്നു വീട്ടുകാർക്കും ബോധ്യപ്പെട്ടത്.

മക്കൾക്കു എവിടെ നിന്നാണു ബൈക്ക് ലഭിച്ചതെന്നു വീട്ടുകാർക്കും അറിവില്ല. തുടർന്നു ബൈക്കിന്റെ ആർ.സി. ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തിയ പൊലീസ് ആർ.സി ഉടയോടു പൊലീസ് സ്റ്റഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചുങ്കത്തറയിൽനിന്നും കുട്ടികൾ ബൈ്ക്കിൽ നിലമ്പൂർ ഭാഗത്തേക്കുപോകുമ്പോഴാണു അപകടമുണ്ടായത്.

അപകടത്തിപ്പെട്ട ഉടൻ തന്നെ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരും ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. കർണാടകയിൽനിന്നും പിക്കപ്പ്വാനാണു അപകടത്തിൽപ്പെട്ടത്. വാൻ ലോഡ് ഇറക്കി തിരിച്ചു പോകുന്നതിനിടെ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെയാണു അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ എടക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എടക്കര സിഐ: എൻ.ബി. ഷൈജുവിന്റെ മേൽനോട്ടിത്തിൽ എസ്‌ഐ രവീന്ദ്രൻ, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം ഉൾപ്പെടെ ഇതിനു ശേഷമെ പറയാനാകൂവെന്നും പൊലീസ് പറഞ്ഞു.