ഇരിങ്ങാലക്കുട: വെള്ളിത്തിരയിയിലും പുറത്തും ഒരുപാടുപേരെ ചിരിപ്പിച്ച ഇന്നസെന്റിന് കണ്ണീരിൽ കുരുതിർന്ന അന്ത്യാജ്ഞലി നൽകി കേരളം. നടനും മുൻ എംപിയുമായ ഇന്നസെന്റിനെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിച്ചു. ആ്ഗ്രഹപ്രകാരം കുടുംബ കല്ലറയിലാണ് അദ്ദേഹത്തിന്റെ അടക്കം നടന്നത്. കുടുംബാംഗങ്ങൾ അന്ത്യംചുംബനം നൽകി ശുശ്രൂഷകൾക്ക് ശേഷമാണ് സംസ്‌ക്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം.

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ചിരുന്നു. ഒരു മനുഷ്യായുസ് മുഴുവൻ ചിരിക്കാനുള്ള തമാശകൾ നൽകിയാണ് ഇന്നച്ചൻ യാത്രയാകുന്നത്. അവസാനമായി ഒരു നോക്കു കാണാൻ എത്തിയവരുടെ കണ്ണുകൾ അദ്ദേഹം സമ്മാനിച്ച ചിരി ഓർമ്മകളാൽ നിറഞ്ഞിരുന്നു. ആ ഓർമ്മകൾക്ക് മരണമില്ലെന്ന യാഥാർഥ്യത്തിലാണ് എല്ലാവരും മടങ്ങിയതും.

ഇന്ന് രാവിലെയും ജനസഞ്ചയം തന്നെ പ്രിയനടനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയിരുന്നു. പൊതുദർശനം ആരംഭിച്ചത് മുതലുള്ള അതേ ജനത്തിരക്ക് തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകുന്നത് വരെയും ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും പ്രാർത്ഥനക്ക് ശേഷം കത്തീഡ്രലിലേക്ക് പോകുന്ന വഴിയിലും പള്ളിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാനായി തടിച്ചു കൂടിയത്. വഴിയിൽ തടിച്ചു കൂടിയിരുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഇത്രയും കാലം പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം കണ്ണുനീർ സമ്മാനിച്ചാണ് നമ്മോടു യാത്ര പറഞ്ഞത്.

പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും തിങ്കളാഴ്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺഹാളിലും വന്നുചേർന്നത് ആയിരങ്ങളായിരുന്നു. അഞ്ചേകാലിനുശേഷം ആലീസും മക്കളുമൊന്നിച്ച് ഇന്നസെന്റ് ആഹ്‌ളാദത്തോടെ ജീവിച്ച 'പറുദീസ'യിലേക്ക്. അവിടെ അവസാന കാഴ്ചയിൽ പലരും നിറകണ്ണുകൾ മറയ്ക്കാനാവാതെയാണ് നിന്നത്. സംവിധായകൻ പ്രിയദർശൻ കണ്ണീരിനിടയിലൂടെയാണ് ഇന്നസെന്റിനെ കണ്ടത്. സത്യൻ അന്തിക്കാടും വിതുമ്പിപ്പോയി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺഹാളിലും നടൻ മമ്മൂട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിൽ രാത്രി ഏറെ വൈകിയും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെന്റിന്റെ അന്ത്യം.

കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്‌ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. 1970കളിൽ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1972-ൽ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്. പ്രേം നസീർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ ഒരു പത്രപ്രവർത്തകന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാൽ 'ഇളക്കങ്ങൾ' എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇളക്കങ്ങൾ എന്ന സിനിമയിലൂടെ പുതിയൊരു ഹാസ്യശൈലിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.

പിന്നീടിങ്ങോട്ട് ഹാസ്യ നടനായും സഹനടനായും വില്ലനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്ത എത്രയോ കഥാപാത്രങ്ങൾ ഇന്നസെന്റിൽ നിന്നും പിറവിയെടുത്തു.. ഇന്നസെന്റ് അടയാളപ്പെടുത്തിയ ഡയലോഗുകൾ ആവർത്തിക്കാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല.

സിനിമയുടെ ആദ്യ കാലയളവിൽ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചു. 'കാബൂളിവാല'യിലെ കന്നാസും കടലാസും ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. കടലാസായി ജഗതി നിറഞ്ഞാടിയപ്പോൾ കന്നാസായി ഇന്നസെന്റും ഒപ്പം കട്ടയ്ക്ക് പിടിച്ചു നിന്നു. 'മണിച്ചിത്രത്താഴ്', 'മനസിനക്കരെ', 'മാന്നാർ മത്തായി സ്പീക്കിങ്', 'ഗോഡ്ഫാദർ', 'കല്യാണ രാമൻ', 'ക്രോണിക് ബാച്ചിലർ', 'ഇഷ്ടം', 'ചന്ദ്രലേഖ' തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. 'ദേവാസുരം', 'രാവണപ്രഭു', അനിയത്തി പ്രാവ്', 'തുറുപ്പുഗുലാൻ', 'ഹിറ്റ്ലർ', 'വേഷം' തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വഭാവ നടനായും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു.

ഹാസ്യ നടനായും സഹ നടനായും അരങ്ങ് തകർത്ത അദ്ദേഹം, വില്ലൻ കഥാപത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു. 'മഴവിൽ കാവടി'യിലെ ശങ്കരൻകുട്ടി മേനോനും 'കേളി'യിലെ ലാസറും 'പൊന്മുട്ടയിടുന്ന താറാവി'ലെ പണിക്കര് അങ്ങനെ എണ്ണപ്പെട്ട വില്ലൻ കഥാപാത്രങ്ങൾ ഏറെ. കാലങ്ങളായി മലയാള സിനിമയിൽ നിലനിന്നുപോയ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും മാറി നടന്ന വില്ലനായിരുന്നു 'തസ്‌കരവീരനി'ലെ ഈപ്പച്ചൻ . പ്രേക്ഷകരെ രസിപ്പിക്കുകയും ഒപ്പം ഒരൽപം ദേഷ്യം തോന്നിപ്പിക്കുകയും കൂടെ ചെയ്ത 'തസ്‌കരവീരനി'ലെ ഈപ്പച്ചൻ എന്ന കഥാപാത്രം.