ഹൈദരാബാദ്: മുതിർന്ന തെലുങ്കു നടൻ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. 1960 കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്നു കൃഷ്ണ. 350 ലേറെ സിനിമകൾ ചെയ്തു. 1964 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ഒരോ വർഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്. 1961 ൽ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. തെലുങ്കു സിനിമയിലെ സൂപ്പർതാരങ്ങളായിരുന്ന എൻ.ടി രാമറാവു, അകിനേനി നാഗേശ്വര റാവു തുടങ്ങിയവർക്കൊപ്പവും സിനിമകൾ ചെയ്തിട്ടുണ്ട്.

1965 ൽ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയിൽ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പർതാര പദവിയിലെത്തുന്നത്. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റർ, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്‌മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പർ 1, ഗുഡാചാരി 117, ഇൻസ്പെക്ടർ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പർ വൺ, സുൽത്താൻ, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകളിൽ ചിലത്. 2016 ൽ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.

1970ൽ പത്മാലയ സ്റ്റുഡിയോസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു. 1974 ൽ മികച്ച നടനുള്ള ആന്ധ്ര സർക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. വി രാമചന്ദ്രറാവു സംവിധാനം ചെയ്ത അല്ലൂരി സീതാ രാമ രാജു എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. 1997 ൽ സിനിമയിലെ സമഗ്രസംഭാവനയ്ക്ക് ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചു. 2009 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്മാരായ മഹേഷ് ബാബു, രമേഷ് ബാബു, മുൻനടി മഞ്ജുള, പ്രിയദർശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തിൽ ജനിച്ച മക്കൾ. 1967 ൽ സാക്ഷി എന്ന സിനിമയുടെ സെറ്റിൽ വച്ച് നടി വിജയ നിർമലയുമായി പ്രണയത്തിലായി.

തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിജയ നിർമലയ്ക്കൊപ്പം ഏകദേശം നാൽപ്പതോളം സിനിമകളിൽ കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയനിർമലയിൽ ജനിച്ച മകനാണ്. വ്യവസായിയായും രാഷ്ട്രീയ പ്രവർത്തകനുമായ ഗല്ല ജയദേവ്, നിർമ്മാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിർമ്മാതാവുമായ നമ്രത ശിരോദ്കർ തുടങ്ങിയവർ മരുമക്കളാണ്.