കോഴിക്കോട്: തന്റെ ജീവിതാനുഭവങ്ങൾ നൽകിയ പാഠങ്ങളെ കുറിച്ച് പലപ്പോഴും നടൻ മാമുക്കോയ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിന്റെ തുടക്കകാലത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. കല്ലായി പുഴയുടെ തീരത്തെ ജീവിതത്തെ മാമുക്കോയ അഭിമുഖത്തിൽ ഓർത്തെടുക്കുന്നത് ആ കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്റെ ഓർമകൾ കൂടിയാകുന്നു.

ഞാൻ ജനിച്ചത് കല്ലായി പുഴയുടെ തീരത്താണ്. അന്ന് ആ പുഴയെ ആശ്രയിച്ചുള്ള തടിവ്യവസായത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. 1945ലാണ് എന്ന് തോന്നുന്നു ജനിച്ചത്. ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതിന് ശേഷം ഉമ്മയായിരുന്നു എന്നെയും ജ്യേഷ്ഠനെയും വളർത്തിയത്.

ഞാൻ സ്‌കൂളിൽ പോകുന്ന കാലത്ത് തന്നെ മരത്തിന്റെ തൊലി പൊളിച്ചു വിൽക്കുമായിരുന്നു. കല്ലായി പുഴയിൽ മുങ്ങി ചെളി വാരിയെടുത്ത് കട്ടയാക്കി തീരത്തുവയ്ക്കുകയും കുറേയായാൽ വിൽക്കുകയും ചെയ്യും. വീടിന്റെ അകം മെഴുകാൻ അന്ന് ആ ചെളി ഉപയോഗിക്കുമായിരുന്നു. വിറക് വാരിയും, ഈർച്ചപ്പൊടി വാരി വിറ്റുമൊക്കെയായിരുന്നു ജീവിതം.

സ്‌കൂൾ ഇല്ലാത്തതിനാൽ ഞായറാഴ്ച ദിവസം മുരിങ്ങ ഇല പറിച്ച് ചെറിയ പൊതിയാക്കി വിൽക്കും. പിന്നീട് പാളയം മാർക്കറ്റിൽ പോകും. അവിടെ കപ്പ് തൂക്കി വിറ്റതിന്റെ പൊടി കപ്പയും നേന്ത്രക്കുല എടുത്ത് മാറ്റുമ്പോൾ വീഴുന്ന പഴങ്ങളൊക്കെ വാങ്ങി ഞങ്ങൾ തിരിച്ചു വരും. മാർക്കറ്റിൽ നിന്ന് തന്നെ നിബ്, മഷി തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങളും വാങ്ങും.

''പഠിത്തം കഴിഞ്ഞയുടനെ കൂപ്പുകളിലും തടിമില്ലുകളിലും തടിയുടെ അളവെടുപ്പുകാരനായി പണിയെടുത്തു. തടിയുടെ കേടു നോക്കുക. തടി എത്ര ക്യൂബിക്കടിയുണ്ടെന്നു തിട്ടപ്പെടുത്തുക. കൂടെ വേറെ ജോലിക്കാരുമുണ്ടായിരുന്നു. എന്നാലും സ്ഥിരം വരുമാനമെന്നു പറഞ്ഞുകൂടാ. ആദ്യം ഞാൻ പെണ്ണു കാണാൻ പോയതിനുമുണ്ട് ഒരു കഥ. പെണ്ണു കണ്ടിഷ്ടപ്പെട്ടു വീട്ടിൽ വന്നപ്പോൾ പെണ്ണിന്റെ കൂട്ടർ ഞാനറിയാതെ എന്നെക്കുറിച്ചന്വേഷിച്ചു. ചെറുക്കൻ കള്ളുകുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോടു പറഞ്ഞു.

''ഞാൻ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ഈ റൂട്ടിൽ അന്വേഷിച്ചാൽ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.'' ഇത്രയും കേട്ടതേ അവർ ആലോചന മതിയാക്കി. രണ്ടാമതൊരു കുട്ടിയെ കണ്ടു. തരക്കേടില്ല. ഇവൾ ഭാര്യയായി പറ്റുമെന്നു തോന്നി. ''ന്റെ ഭാര്യയായി വരൻ അവൾക്കു പറ്റുമോ എന്നറിഞ്ഞാൽ മതി സ്ത്രീധനം വേണ്ട. സ്വർണം ഉണ്ടെങ്കിൽ കൊടുത്തോ'' ഞാൻ പറഞ്ഞു.

26 ാം വയസ്സിൽ 15 കാരിയായ സുഹ്റാബീവിയെ കല്യാണം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി കുറിച്ച ബ്ലോക്കെടുത്തു തന്നതു സ്നേഹിതൻ വാസുപ്രദീപ്. അതു വീട്ടാൻ മാർഗമില്ലാതെ, ഒടുവിൽ 5400 രൂപയ്ക്കു വീടു വിറ്റു. വീടു വർഷംതോറും മേയാൻ കൂടി കഷ്ടപ്പാടായിരുന്നു.

ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു അന്ന്. അന്ന് കാശ് ഉണ്ടെങ്കിലും വാങ്ങാൻ പറ്റുന്ന സാഹചര്യവുമില്ല. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ചെരിപ്പ് ഒക്കെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്ന് കല്യാണത്തിന് പുയ്യാപ്ല പോകുന്ന അന്ന് ചെരുപ്പ് വാങ്ങുമായിരുന്നു. എന്നാൽ എനിക്ക് ചെരിപ്പ് ഉണ്ടായിരുന്നില്ല. എന്റെ കല്യാണത്തിന് മുമ്പത്തെ ആഴ്ച എന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു, മുഹമ്മദ് കോയയുടേത്.

ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്. ഞാൻ അവന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ വീട്ടിൽ പോയത്. തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു. മിക്കവാറും പേരും ഇങ്ങനെ ഒക്കെ ആയിരിക്കണം. എന്റെ കല്യാണം നടന്നത് 1972 ജൂൺ നാലിന് ആണ്. അക്കാലത്ത് നാട്ടിൽ ചെരുപ്പുകളൊക്കെ ഉണ്ട്. പക്ഷേ എനിക്ക് വാങ്ങാൻ കാശുണ്ടായിരുന്നില്ല. അത്തരം ഒരു ദുരിത കാലത്താണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറയുന്നു.

ആ ജോലിക്കിടയിലും നാടകബന്ധങ്ങൾ തുടർന്നു. 'ഇബിലീസിന്റെ മരണം' അതാണു ഞാനാദ്യം അഭിനയിച്ച നാടകം സുന്ദരൻ കല്ലായിയുടെ ആ നാടകം കോഴിക്കോട് ടൗൺഹാളിലാണ് ആദ്യം അരങ്ങേറിയത്. എന്റേത് ഒരു കോമഡി റോളായിരുന്നു. അങ്ങനെയിരിക്കെ ശ്രീനിവാസൻ വരുന്നു. ഇപ്പോഴത്തെ നടനും സംവിധായകനുമായ ശ്രീനിവാസൻ. ഞങ്ങൾ നാടകം വഴിതന്നെ സുഹൃത്തുക്കളാണ്.

ബക്കർ, പവിത്രൻ, സുരാസു ഞങ്ങളൊക്കെ ചേർന്നു ബക്കറെക്കൊണ്ട് ഒരു പടം സംവിധാനം ചെയ്യിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ്, മണ്ണ് എന്ന സിനിമയുടെ ഒരു പാർട്ണറെ കിട്ടുന്നത്. അദ്ദേഹം ഡയറക്ടർ എസ്. കൊന്നനാട്ടിനെ പരിചയപ്പെടുത്തി. 'രണ്ടു ദിവസം കഴിഞ്ഞു വരൂ, എന്തെങ്കിലുമൊക്കെ ചെയ്യാമോ എന്നു നോക്കട്ടെ.'

''എന്തെങ്കിലും ഒക്കെ' ചെയ്യാൻ ഞാൻ വേണോ?'' അതിൽ ചെറിയൊരു റോളായിരുന്നു. ചെറിയ ഒന്നുരണ്ടു സീൻ. കുതിരയ്ക്കു പുല്ലിട്ടുകൊടുക്കുകയോ മറ്റോ ചെയ്യുന്ന റോൾ. പിന്നെയും തടിയളവ്, അതിന്റെ ബദ്ധപ്പാടുകളുമായി നടക്കുമ്പോഴാണ് പി.എ.മുഹമ്മദ് കോയയുടെ 'സുറുമയിട്ട കണ്ണുകൾ' സിനിമയാക്കുന്ന വിവരം അറിഞ്ഞത്, മാമുക്കോയ പറയുന്നു.