തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. പാർക്കിൻസൺസും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി 360ൽ അധികം സിനിമകളിൽ വേഷമിട്ട നടിയാണ്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്

കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്‌കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.

ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇൻഷുറൻസും ആത്മയിൽനിന്നും ചലച്ചിത്ര അക്കാദമിയിൽനിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സനടത്തിയിരുന്നത്.

ആദ്യത്തെ കൺമണി, കൗരവർ, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ് തുടങ്ങിയവയിൽ വേഷമിട്ടിട്ടുണ്ട്. ഒടുവിൽ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്