- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ സാഹസിക റൈഡ്; ട്രാക്കിൽ സ്കൂട്ടർ കണ്ട ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കി; എമർജിൻസി ബ്രേക്ക് ചവിട്ടിയിട്ടും മുന്നിൽ പെട്ടു; കോഴിക്കോട് ഗാന്ധി റോഡ് മേൽപാലത്തിന് താഴെ പൊലിഞ്ഞത് പൊലീസുകാരന്റെ മകന്റെ ജീവൻ; ആദിൽ ഫർഹാന് വിനയായത് ട്രാക്കിലെ സാഹസികത
കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രാഫിക് ബ്ലോക്കൊഴിവാക്കാൻ റെയിൽവേ ട്രാക്കിലൂടെയുള്ള സാഹസിക റൈഡ് ദുരന്തമായി. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയാണ് തീവണ്ടി ഇടിച്ച് മരിച്ചത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുതുവർഷപ്പുലരിയിൽ 1.10-ഓടെ ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റി വേഗത്തിൽ വീട്ടിലെത്താനായിരുന്നു ശ്രമം.
എന്നാൽ ഇതിനിടെ ഇരുചക്രവാഹനത്തിൽ തീവണ്ടി ഇടിച്ചു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസുമായാണ് ഇരുചക്രവാഹനം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയിൽ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ആത്മഹത്യ ആയിരുന്നില്ലെന്നും വ്യക്തമാണ്. ദൃക്സാക്ഷികളും ഇത് സാക്ഷ്യപ്പെടുത്തുന്നു.
മെയിൻ റോഡുകളിൽ ട്രോഫിക് ബ്ലോക്ക് ആയിരുന്നതിനാൽ അത് ഒഴിവാക്കാനായി സ്കൂട്ടറിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുനതിനിടെയാണ് അപകടമെന്നാണ് വിവരം. രണ്ടു സ്കൂട്ടറുകളിലായിരുന്നു നാലംഗ സംഘം സഞ്ചരിച്ചത്. തീവണ്ടി വരുന്നത് കണ്ട് പുറകിൽ വരുന്ന സ്കൂട്ടർ പിറകോട്ടെടുത്തു. എന്നാൽ ആദിലിന് അതിന് കഴിഞ്ഞില്ല. കസബ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജംഷാദിന്റെ മകനാണ് ആദിൽ. ആദിലിന് ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് സൂചന. പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് ആദിൽ.
ആഘോഷത്തിന് ശേഷം സന്തോഷത്തോടെ ബാലുശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. വെള്ളയിൽനിന്ന് ദേശീയപാതയിലേക്ക് മേൽപ്പാലത്തിലൂടെയല്ലാതെ എളുപ്പത്തിൽ എത്താൻവേണ്ടി സ്കൂട്ടറിൽ പാളം മുറിച്ചുകടക്കുകയായിരുന്നു ലക്ഷ്യം. മുമ്പേ പോയ സ്കൂട്ടർ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്കൂട്ടർ ഓടിച്ചുകയറ്റിയത്. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്കൂട്ടർ ഓടിച്ചത്. ഇതിലെ വാഹനങ്ങൾക്ക് പ്രവേശനമില്ല. സുഹൃത്തുക്കൾ റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. ട്രാക്കിൽ സ്കൂട്ടർ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോൺ മുഴക്കി അപായമുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു. ട്രാക്കിൽ കുട്ടികളെയും സ്കൂട്ടറും കണ്ട് നിർത്താതെ ഹോൺമുഴക്കി. എമർജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും സ്കൂട്ടർ മുന്നോട്ടെടുക്കാനാണ് ആദിൽ ശ്രമിച്ചത്. ഇതും ദുരന്തമായി. ഇതിനിടയിൽ തീവണ്ടി ഏറെ അടുത്തായിപ്പോയി -തുരന്തോ എക്സപ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞു.
നടക്കാവ് സ്റ്റേഷൻ എസ്ഐ പവിത്രകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എഎസ്ഐ. നന്ദഗോപാൽ, ഹെഡ്കോൺസ്റ്റബിൾ പി.ദേവദാസ് എന്നിവർ ചേർന്ന് മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ