- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകനടനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങി; ആലപ്പി ബെന്നി അന്തരിച്ചു; അന്ത്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
കൊല്ലം: നാടക നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി (ബെന്നി ഫെർണാണ്ടസ്-72) അന്തരിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.
എം.ജി. സോമൻ, ബ്രഹ്‌മാനന്ദൻ എന്നിവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ കായംകുളം കേരളാ തിയറ്റേഴ്സിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ്, കായംകുളം പീപ്പിൾ തിയറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
റോബർട്ട് ഫെർണാണ്ടസ്-ജയിൻ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവിൽ ജനിച്ച ബെന്നി പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമോണിയം വായനയും പരിശീലിച്ചത്. തുടർന്ന് നിരവധി ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു.
വി. സാംബശിവന്റെ കഥാപ്രസംഗ സംഘത്തിൽ ഹാർമോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി എം.എസ്.ബാബുരാജിന്റെ സഹായിയായി ചലച്ചിത്ര രംഗത്തും പ്രവർത്തിച്ചു. അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്നു.
സംഗീതസംവിധായകനായ ശരത്ത് ഉൾപ്പെടെ നിരവധി പ്രമുഖർ ബെന്നിയുടെ ശിഷ്യന്മാരായുണ്ട്. 15 വർഷം മുമ്പ് രോഗബാധിതനായി ഗാന്ധിഭവനിലെത്തിയ ബെന്നി ഒന്നരവർഷത്തോളം അവിടെ അന്തേവാസിയായി കഴിഞ്ഞിരുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.