കോട്ടയം: ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് മരണം. വിദഗ്ധ ചികിത്സയ്ക്കു ശേഷം ആൻ മരിയ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. അപ്രതീക്ഷിതമായി നില വഷളാവുകയായിരുന്നു.

ജൂണിൽ പള്ളിയിലെ കുർബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ആൻ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്. കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലായിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. കാരിത്താസിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛു. ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിന്റേയും മറ്റും പ്രവർത്തനം നിലച്ചു. ഇതാണ് മരണ കാരണം. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടേയും ഷൈനിയുടേയും മകളാണ് ആൻ മരിയ. കാനഡയിലുള്ള സഹോദരി എത്തിയശേഷം ഞായറാഴ്ച 2 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ സംസ്‌കാരം നടക്കും.

ആൻ മരിയയുമായി കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് അന്ന് രണ്ടു മണിക്കൂർ 39 മിനിറ്റിൽ ഇടപ്പള്ളിയെത്തിയത് വാർത്തയായിരുന്നു. കട്ടപ്പനയിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള 133 കിലോമീറ്റർ ദൂരം ചുരുങ്ങിയ സമയത്തിനുള്ളിൽ താണ്ടാൻ സഹായകമായത് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലായിരുന്നു. ഫേസ്‌ബുക്കിലൂടെ ആംബുലൻസിന് വഴിയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെ നാട് ഒന്നടങ്കം ഒരുമിച്ചു.

വാഹനത്തിന് വഴിയൊരുക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും അഭ്യർത്ഥനയുണ്ടായി. റോഷി അഗസ്റ്റിനും കൊച്ചിയിലേക്ക് ആംബുലൻസിനൊപ്പം തിരിച്ചിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ചേർന്നതോടെ നാലര മണിക്കൂറിലധികം വേണ്ടി വന്നേക്കാമായിരുന്ന യാത്ര രണ്ടര മണിക്കൂറിൽ പൂർത്തിയായത്. ഒരു നാടിന്റെ പ്രാർത്ഥനയെ വിഫലമാക്കിയാണ് ആൻ മരിയയുടെ വിടവാങ്ങൽ.

അമൃത ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്ന ആൻ മരിയയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടർന്നു. പിന്നീട് കഴിഞ്ഞ ജൂലായിലാണ് കോട്ടയത്തേക്ക് മാറ്റിയത്. രണ്ടു മാസത്തിലേറെയായി ചികിത്സയിൽ കഴിഞ്ഞശേഷം മരണം സംഭവിക്കുകയായിരുന്നു.