- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലി വർധനയ്ക്കായി പ്രതിഷേധ ജാഥയിൽ മുദ്രാവാക്യം വിളിച്ച് തുടക്കമിട്ട സമരജീവിതം; പട്ടാളത്തിലും റെയിൽവേയിലും ലഭിച്ച ജോലി വേണ്ടെന്നുവച്ചു; തൊഴിലാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായ ആനന്ദണ്ണൻ; എന്നും വി എസിന്റെ വിശ്വസ്തൻ
തിരുവനന്തപുരം: ഭരിക്കുന്നവന്റെ കസേരയിൽ ആരുമാകട്ടെ, ഏത് പാർട്ടിക്കാരനുമാകട്ടെ തൊഴിലാളിക്ക് ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് ചോദിക്കാൻ ചുവന്ന കൊടിയുമായി അവരുടെ സ്വന്തം ആനന്ദണ്ണൻ ഒപ്പമുണ്ടാകുമെന്ന തൊഴിലാളികളുടെ ആത്മവിശ്വാസം. ആ ഉറപ്പായിരുന്നു ആനത്തലവട്ടം ആനന്ദൻ. 86 ആം വയസിലും സിഐടിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തും നിറഞ്ഞ് നിന്ന് പ്രവർത്തിക്കുന്ന കാലത്തും ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് തൊഴിലാളികൾ ഒരേ സ്വരത്തിൽ പറയും.
അംസഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അക്ഷീണം പരിശ്രമിച്ച് അതിൽ പൂർണമായി വിജയിച്ച അസാമാന്യ സംഘാടനകനായിരുന്നു ആനത്തലവട്ടം ആനന്ദൻ. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെ സുപ്രധാന സംഘടനാ ചുമതലകൾ വഹിക്കുമ്പോഴും സമാന്തരമായി തൊഴിലാളി പ്രസ്ഥാനത്തിനായി അദ്ദേഹം ജീവിതം മാറ്റിവച്ചു.
ഭരിക്കുന്നവന്റെ ആജ്ഞങ്ങൾക്ക് ഒപ്പമല്ല, ഭരണത്തിന്റെ തണൽപ്പറ്റുന്ന നേതാവായല്ല, മറിച്ച് തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ഒപ്പമായിരുന്നു എന്നും ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ കണ്ണിലുണ്ണിയായിരുന്നു അവരുടെ ആനന്ദണ്ണൻ. അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ജീവിത പ്രശ്‌നം പരിഹരിക്കാൻ മടിക്കുന്ന ഏത് വമ്പനും ആ നാവിന്റെ മൂർച്ച അറിഞ്ഞിട്ടുണ്ട്. 1950 കളിൽ വിദ്യാർത്ഥിയായിരിക്കെ തുടങ്ങിയ കയർ തൊഴിലാളി രംഗത്തെ പ്രവർത്തനമാണ് ആനത്തലവട്ടം ആനന്ദനെന്ന തൊഴിലാളി നേതാവിനെ രൂപപ്പെടുത്തുന്നത്.
ഒരിക്കൽ തമ്പാനൂരിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം തൊഴിലാളികളുമായി പുലർച്ചെ എത്തിയ ചെറുപ്പക്കാരനെ കണ്ട് അതിശയിച്ച്, എന്തിനുവന്നെന്നു സംസ്ഥാന അസി.സെക്രട്ടറി എസ്.കുമാരന്റെ ചോദ്യം. കയർ മേഖലയിലെ മിനിമം കൂലിക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യാനെത്തിയതാണെന്നു ചെറുപ്പക്കാരനായ ബ്രാഞ്ച് സെക്രട്ടറിയുടെ മറുപടി. പാർട്ടിക്കെതിരെ സമരം ചെയ്താൽ അംഗത്വത്തിൽ ഉണ്ടാകില്ലെന്നു രോഷാകുലനായ അസി. സെക്രട്ടറിയുടെ താക്കീത്.
പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം സംഘടിപ്പിച്ച ശേഷമാണ് ആനന്ദത്തലവട്ടം ആനന്ദനെന്ന ആ യുവ നേതാവു തൊഴിലാളികളുമായി ചിറയിൻകീഴെന്ന ഗ്രാമത്തിലേക്കു മടങ്ങിയത്. സർക്കാരിനെ വെല്ലുവിളിച്ച ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും ഭരണവും സമരവും ഒരുമിച്ചു കൊണ്ടുപോകണമെന്ന ഇഎംഎസിന്റെ നിർദ്ദേശം രക്ഷയായി.
ഏതാനും ദിവസം മുൻപ്, രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കുന്നതിനു തൊട്ടുമുൻപും ആ പോരാട്ടവീര്യം ജ്വലിച്ചു. ഇഎംഎസ് സർക്കാരിന്റെ കാലത്ത് കയർ തൊഴിലാളികൾക്കായി സമരം ചെയ്തതുപോലെ, പിണറായി സർക്കാരിന്റെ ഭരണത്തിൽ കെഎസ്ആർടിസിയിലെ തൊഴിലാളികൾക്കായി ശബ്ദമുയർത്തിയ ആനത്തലവട്ടം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനമുയർത്തി.
1937 ഏപ്രിൽ 22 ന് ചിറയിൻകീഴ് പഞ്ചായത്തിലെ ആനത്തലവട്ടമെന്ന, വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലാണ് ആനന്ദൻ ജനിച്ചത്. വൈദ്യുതിയില്ല, റോഡില്ല. പുറത്തേക്കു പോകണമെങ്കിൽ കടത്തുമാത്രം ആശ്രയം. വൈകിട്ട് 7 മണിയാകുമ്പോൾ കടത്ത് പൂട്ടും. പിന്നെ തുരുത്തിനു പുറത്തുപോകണമെങ്കിൽ നീന്തണം. കയർ തൊഴിലാളികൾ സജീവമായ മേഖലയായിരുന്നു അത്. അച്ഛൻ വി.കൃഷ്ണനും അമ്മ നാണിയമ്മയും കയർതൊഴിലാളികൾ. എട്ടണയായിരുന്നു ദിവസക്കൂലി.
കൊള്ളലാഭം എടുത്തശേഷം തുച്ഛമായ കൂലിയാണ് തൊഴിലാളികൾക്കു മുതലാളിമാർ അനുവദിച്ചിരുന്നത്. കൂലി വർധനയ്ക്കായി തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കുമ്പോൾ ആനന്ദൻ ഹൈസ്‌കൂളിലാണ്. രാവിലെ കയർപിരിക്കുന്ന ജോലി ചെയ്തിട്ടാണ് ആ കുട്ടി സ്‌കൂളിലേക്കു പോയിരുന്നത്. തൊഴിലാളികളുമായി അടുപ്പമുണ്ടായിരുന്നതിനാൽ പ്രതിഷേധ ജാഥ നടക്കുമ്പോൾ മുന്നിൽനിന്നു മുദ്രാവാക്യം വിളിക്കും. അതിനുശേഷം സ്‌കൂളിൽ പോകും.
സ്‌കൂൾ വിട്ടുവന്നതിനു ശേഷവും പ്രതിഷേധത്തിൽ പങ്കെടുക്കും. പിൽക്കാലത്തു തൊഴിലാളികൾക്കുവേണ്ടി തീ പോലെ ആളിയ നേതാവ് സമരമുഖങ്ങൾ പരിചയിച്ചത് അങ്ങനെയാണ്. തൊഴിലാളികളും ആനന്ദനുമായി കയറിന്റെ ഇഴയടുപ്പമായിരുന്നു. തൊഴിലാളിസംഘടനാ പ്രവർത്തനത്തിനിടെ പട്ടാളത്തിലും റെയിൽവേയിലും ജോലി കിട്ടിയെങ്കിലും അവ വേണ്ടെന്നു വയ്ക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.
പട്ടാളത്തിൽ ചേരുന്നതിനോട് അമ്മയ്ക്കും താൽപര്യമില്ലായിരുന്നു. റെയിൽവേയിൽ ടിക്കറ്റ് പരിശോധകനായി ജോലി ലഭിച്ചെങ്കിലും വീട്ടിൽ അറിയിച്ചില്ല. കൂട്ടുകാരിൽനിന്നാണ് അച്ഛൻ വിവരമറിഞ്ഞത്. ജോലിക്കു പോകാൻ അദ്ദേഹം നിർദേശിച്ചെങ്കിലും തൊഴിലാളികളെ വിട്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു ആനന്ദന്റെ മറുപടി. വീട്ടുകാർ ഇടഞ്ഞതോടെ താമസം സുഹൃത്തുക്കളുടെ വീടുകളിലും പാർട്ടി ഓഫിസുകളിലുമാക്കി.
1954ൽ പട്ടം താണുപിള്ള സർക്കാർ കയർ തൊഴിലാളികളുടെ ദിവസക്കൂലി ഒരു രൂപയാക്കി പ്രഖ്യാപിച്ചെങ്കിലും മുതലാളിമാർ നൽകാൻ തയാറായില്ല. 1958 ആയിട്ടും കൂലി വർധന നടപ്പാകാതെ വന്നതോടെയാണ് തൊഴിലാളികളുമായി ആനത്തലവട്ടം ട്രെയിൻ കയറി തലസ്ഥാനത്തെത്തിയത്.
കടയ്ക്കാവൂർ സ്‌കൂളിൽ കെഎസ്എഫിന്റെ സ്ഥാനാർത്ഥിയതോടെ ഹെഡ്‌മാസ്റ്റർക്ക് വിരോധമായി. പരീക്ഷ പാസായെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ല. സ്‌കൂളിനു പുറത്തെ റോഡരികിൽ ഒരു മണിക്കൂർ വെയിലത്തുനിന്നാൽ സർട്ടിഫിക്കറ്റ് തരാമെന്ന് ഹെഡ്‌മാസ്റ്റർ പറഞ്ഞെങ്കിലും ആനത്തലവട്ടം നിരസിച്ചു. മാസങ്ങൾക്കുശേഷമാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. പക്ഷേ അതോടെ പഠനം അവസാനിച്ചു.
ആനന്ദനെ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലെത്തിച്ചതു സി.എച്ച്.കണാരനായിരുന്നു. ആറ്റിങ്ങലിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അപ്പോഴാണ് അടിയന്തരാവസ്ഥ വരുന്നത്. ഇടതു നേതാക്കളടക്കം വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. ആനത്തലവട്ടം ഉൾപ്പടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തി.
ആറ്റിങ്ങലിൽനിന്ന് ടാങ്കർലോറിയിൽ തലസ്ഥാനത്തെത്തിയ ആനന്ദൻ നേതാക്കളെ കണ്ടശേഷം ഒളിവിൽപോയി. അദ്ദേഹം അടക്കമുള്ളവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒന്നര വർഷത്തോളം ഒളിവിൽ പാർട്ടി പ്രവർത്തനം നടത്തി. എകെജിയുടെ നിർദേശപ്രകാരം കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന പട്ടിണി മാർച്ച് ജനശ്രദ്ധ നേടിയതോടെ തലയെടുപ്പുള്ള തൊഴിലാളി നേതാവായി ആനത്തലവട്ടം വളർന്നു.
1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. 85ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. 1972 മുതൽ കയർ വർക്കേഴ്സ് സെന്റർ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നീണ്ട 12 വർഷക്കാലം കയർഫെഡ് പ്രസിഡന്റായി. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചു. 2008ൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തലസ്ഥാനത്തുനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവായി. കാട്ടായിക്കോണം ശ്രീധറിനു പോലും നിഷേധിക്കപ്പെട്ട സ്ഥാനം വൈകിയെങ്കിലും ആനന്ദനെ തേടിയെത്തിയത് ട്രേഡ് യൂണിയൻ -സംഘടനാരംഗങ്ങളിലെ മികവിനെ തുടർന്നായിരുന്നു.
1987ലും 96ലും 2006ലും എംഎൽഎയായി. 1996ൽ വക്കം പുരോഷോത്തമനെ തോൽപിച്ചാണ് ആനത്തലവട്ടം നിയമസഭയിലെത്തിയത്. കാട്ടായിക്കോണം ശ്രീധരൻ, എൻ അനിരുദ്ധൻ തുടങ്ങിയ അതികായരായ നേതാക്കളുടെ ശിഷ്യാനായി തെക്കൻ കേരളത്തിൽ നിറഞ്ഞ് നിന്ന ആനത്തലവട്ടം ആനന്ദൻ പിൽക്കാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷത്തെ കരുത്തനായ നേതാവായി മാറി. വി എസ് - സിഐടിയു പക്ഷ ഏറ്റുമുട്ടൽ കാലത്തും, വി എസ് പിണറായി തർക്ക കാലത്തുമൊക്കെ ആനത്തലവട്ടവും തിരുവനന്തപുരത്തെ പാർട്ടിയും വി എസിന്റെ വിശ്വസ്തരായി നിന്നു.
കല്ലുവാതുക്കൽ മദ്യദുരന്തക്കേസുണ്ടായപ്പോൾ മണിച്ചനുമായുള്ള ബന്ധത്തിന്റെ പേരിൽ ആനത്തലവട്ടം പഴികേട്ടു. മലപ്പുറം സമ്മേളനത്തോടെ പാർട്ടി സമവാക്യങ്ങൾ മാറിമറിഞ്ഞപ്പോഴും ആനത്തലവട്ടം ആനന്ദൻ പ്രകടമായി കൂറു മാറിയില്ല. പാർട്ടി ചട്ടക്കൂടിനകത്ത് നിൽക്കാൻ ബാധ്യസ്ഥനാണെന്ന് വി എസ് അച്യുതാനന്ദൻ അദ്ദേഹം നേരിൽ കണ്ട് പറഞ്ഞിട്ടുണ്ട്. വിഭാഗീയതയുടെ ഭാഗമായി ഇളമുറക്കാരായ നേതാക്കൾ നടത്തുന്ന വി എസ് വിമർശനങ്ങളെയെല്ലാം അദ്ദേഹം പാർട്ടിയിൽ എതിർത്തിരുന്നു.
പുതിയ കാലത്ത് പാർട്ടി കൊണ്ട് വന്ന ടേം വ്യവസ്ഥകളോട് പൂർണമായി ചേർന്ന് നിന്നാണ് ആനത്തലവട്ടം പ്രധാന സ്ഥാനങ്ങളിൽ നിന്ന് മാറിയത്. അപ്പോഴും സിഐടിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടർന്നു. കൃത്യമായ രാഷ്ട്രീയം.കുറിക്ക് കൊള്ളുന്ന മറുപടികൾ എതിരാളികളോട് സൗമ്യമായ പെരുമാറ്റം, എൺപതാം വയസിലും ടെലിവിഷൻ ചർച്ചകളിലെ നിറസാന്നിധ്യമായിരുന്നു ആനത്തലവട്ടം. സംഘടിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിച്ചും, നിരന്തരമായി സ്വയം പഠിച്ചും പാർട്ടിയുടെ ഏതാണ്ടെല്ലാ സ്ഥാനങ്ങളിലും സ്തുത്യർഹമായി പ്രവർത്തിച്ചും ഏറ്റവും കരുത്തനായ നേതാവ് യാത്രയാകുമ്പോൾ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിലും സിപിഎമ്മിനും അത് കനത്തൊരു നഷ്ടം തന്നെയാണ്.