- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയർത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയത് സ്‌കൂൾ പഠനകാലത്ത്; റെയിൽവേയിലെ ജോലി വേണ്ടന്നു വച്ചത് ആരുമില്ലാത്തവരുടെ ശബ്ദമാകാൻ; ആനന്ദണ്ണന് പ്രിയ സഖാക്കളുടെ ലാൽ സലാം; ആനത്തലവട്ടം വിടവാങ്ങുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി കയർത്തൊഴിലാളികളെ സംഘടിപ്പിച്ച്, കൂലിവർധനയുൾപ്പെടെയുള്ള അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുന്നിൽനിന്ന ആനത്തലവട്ടം ആനന്ദനെക്കുറിച്ചുള്ള ഓർമകളിലെങ്ങും തൊഴിലാളിസമരത്തിന്റെ ചൂടും ചൂരുമുണ്ട്. ജില്ലയിലെ കയർത്തൊഴിലാളികളുടെ ഇതിഹാസതുല്യനായ നായകൻ. സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ആരംഭിച്ചാണ് പിൽക്കാലത്ത് സിപിഎമ്മിന്റെ കേരളത്തിലെ ശബ്ദമായി മാറിയത്.
1954 കാലഘട്ടത്തിൽ ഒരു പയ്യൻ ഒരുകൈയിൽ പുസ്തകക്കെട്ടും മറുകൈ മുഷ്ടി ചുരുട്ടി വാനിലുയർത്തി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു നീങ്ങുന്ന കാഴ്ച രാഷ്ട്രീയ ഭേദമന്യേ ചിറയിൻകീഴുകാർ ഓർത്തെടുക്കുന്നു. പാവപ്പെട്ട കയർത്തൊഴിലാളികളുടെ വേതനം വാങ്ങിനൽകുന്നതിനും മോശം പെരുമാറ്റത്തിനുമെതിരെ മുതലാളിയുടെ വീട്ടിലേക്കായിരുന്നു ഈ മാർച്ച്.
രാവിലെ തൊഴിലാളി ജാഥ നയിച്ച് മുതലാളിയുടെ വീട്ടിലെത്തും. സമരക്കാരെ കൊണ്ടിരുത്തി മുദ്രാവാക്യം വിളി തുടർന്നശേഷം സ്‌കൂൾ സമയമാകുമ്പോൾ സ്‌കൂളിലേക്ക് പോകുകയും വൈകുന്നേരം സ്‌കൂൾ വിട്ട് വീണ്ടും സമരക്കാർക്കൊപ്പം ചേരുകയും സന്ധ്യയാകുമ്പോൾ മുദ്രാവാക്യം വിളിച്ച് തെരുവിലൂടെ കടന്നുപോകുകയും ചെയ്യുമായിരുന്നു. തൊഴിലാളി വർഗത്തോട് ശക്തമായ ആഭിമുഖ്യവും അവകാശസമര പോരാട്ടവീര്യവും പ്രകടിപ്പിച്ചിരുന്ന ആ കുട്ടി സഖാവ് സ്‌കൂൾ ലീഡറായി.
അതിരാവിലെ ഉണർന്ന് വീട്ടുകാർക്കൊപ്പം കയറുപണിയും ചെയ്ത് അച്ഛന്റെ ചായക്കടയിൽ സഹായിയായി കൂടിയശേഷമായിരുന്നു സ്‌കൂളിൽ വിദ്യാഭ്യാസത്തിന് പോകുന്നത്. വീട്ടിലെത്തിയാലോ പാതിരാത്രിവരെ ജോലി. സമരങ്ങളുടെ വേലിയേറ്റംതന്നെ കയർത്തൊഴിലാളികൾക്കുവേണ്ടി അദ്ദേഹം സൃഷ്ടിച്ചു.
പിൽക്കാലത്ത് കയർത്തൊഴിലാളികൾക്ക് ലഭിച്ച എല്ലാ നേട്ടങ്ങൾക്കും ഈ പ്രക്ഷോഭങ്ങളായിയിരുന്നു മുതൽകൂട്ടായത്. കൂലി വർധന പലപ്പോഴായി നടന്നിട്ടുണ്ട്. എന്നാൽ, നിലവിലുള്ള കൂലി മൂന്നിരട്ടിയായി വർധിപ്പിച്ച ചരിത്രം ഒന്നേയുള്ളൂ, അതും കയർത്തൊഴിലാളികൾക്ക്.
1972 ൽ അച്യുതമേനോൻ മന്ത്രിസഭയിൽ തൊഴിൽവകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് ഇത് പ്രഖ്യാപിച്ചത്. ആനത്തലവട്ടം ആനന്ദൻ നയിച്ച ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു തീരുമാനം. ആനത്തലവട്ടം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരവേദിയിൽ വന്ന് മന്ത്രിക്ക് ഇത് പ്രഖ്യാപിക്കേണ്ടിയും വന്നിരുന്നു. 1.25 രൂപയായിരുന്ന കൂലി 3.30 ആക്കി വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
തൊഴിലാളികൾ ആവശ്യപ്പെട്ട തുക അനുവദിച്ചു നൽകി. ആനന്ദൻ കയർ മേഖലയിൽ ഇറങ്ങുമ്പോൾ എട്ടണയായിരുന്നു അവരുടെ കൂലി. അത് 350 രൂപവരെ ആക്കി വർധിപ്പിച്ചത് അദ്ദേഹത്തിന്റെ സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ്.
കയർത്തൊഴിലാളികളുടെ സഖാവ്
കോവളം വാഴമുട്ടം തീരത്തെ, വെടിയുണ്ടയുടെ പാടുകൾ വീണ തെങ്ങുകൾ കാലങ്ങളോളം ആ സമരത്തിന്റെ ഓർമകൾപേറി നിന്നു. വെടിയേറ്റു മരിച്ചുവീണ സഖാവ് അമ്മു എന്ന കയർത്തൊഴിലാളിയുടെയും സമരമുഖത്ത് തലനാരിഴയ്ക്കു രക്ഷപ്പെട്ട ആനത്തലവട്ടം ആനന്ദൻ എന്ന തൊഴിലാളിനേതാവിന്റെയും വീര്യം ആ തെങ്ങുകൾ തലയുയർത്തിപ്പിടിച്ച് കാലങ്ങളോളം പറഞ്ഞു.
കൂലി 37 പൈസയിൽനിന്ന് ഉയർത്തണമെന്നാവശ്യപ്പെട്ട് കയർത്തൊഴിലാളികൾ, തല്ലാൻ കൊണ്ടുപോയ തൊണ്ടുനിറച്ച വള്ളങ്ങൾ തടഞ്ഞിട്ടു പ്രതിഷേധിച്ചത് 1972-ലായിരുന്നു. വൻ സമരത്തെത്തുടർന്ന് രണ്ടു രൂപ 40 പൈസ നേടിയെടുത്തു. ഇതിനും പതിറ്റാണ്ടുകൾക്കു മുൻപ് 1954-ൽ ഒരണ കൂടുതൽ കൂലിക്കുവേണ്ടി നടന്ന കയർത്തൊഴിലാളി പണിമുടക്കിനും നേതൃത്വം നൽകിയത് ആനത്തലവട്ടമായിരുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യപടിയായിരുന്നു ആ സമരം. 1958-ൽ കയർത്തൊഴിലാളിയായി ജോലിചെയ്യുകയും സഹപ്രവർത്തകരെ സംഘടിപ്പിച്ച് ആനത്തലവട്ടത്ത് ആദ്യത്തെ കയർ സഹകരണസംഘം രൂപവത്കരിക്കുകയും ചെയ്തു. അതേ വർഷംതന്നെ കയർത്തൊഴിലാളികളുടെ ദിവസക്കൂലി ഉയർത്താൻ ആനന്ദൻ ഒരു റാലി നടത്തി. ആ റാലിയിലെ തൊഴിലാളിപങ്കാളിത്തം കണ്ട് കേരളം അമ്പരന്നു.
അറസ്റ്റും തടവിൽക്കഴിയലും പരിക്കേൽക്കലുമൊക്കെ മൂർച്ചകൂട്ടിയതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽക്കഴിയുകയും ആഭ്യന്തരസുരക്ഷാ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1976 നവംബറിൽ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും അടിയന്തരാവസ്ഥ പിൻവലിക്കുന്നതു വരെ തടങ്കലിൽ വയ്ക്കുകയും ചെയ്തു.
കയർത്തൊഴിലാളി യൂണിയന്റെ മൂന്ന് കാൽനട സംസ്ഥാന ജാഥകളുടെ നേതാവായിരുന്നു ആനന്ദൻ. 1973-ൽ കയർത്തൊഴിലാളിയായ സഖാവ് അമ്മുവിനെ ലോക്കൽ പൊലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വൻ ജാഥയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നത്. 1974-ൽ മെച്ചപ്പെട്ട ജോലിക്കും കൂലിക്കും വേണ്ടി സമ്മർദ്ദം ചെലുത്താൻ ഇദ്ദേഹവും തൊഴിലാളികളും കാൽനടയായി പാതയിലിറങ്ങി. 1975-ലാണ് പ്രസിദ്ധമായ, കയർത്തൊഴിലാളികളുടെ പട്ടിണി മാർച്ച് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കു നടന്നത്.
സമരപഥങ്ങളിലെ നേതാവ്
ഇന്റർമീഡിയറ്റ് പാസായശേഷവും സമരപഥങ്ങളിൽ ആനത്തലവട്ടം ആനന്ദൻ സജീവമായിരുന്നു. ജോലി ചെയ്തിട്ട് മതിയായ കൂലി ലഭിക്കാത്തതിന്റെ പേരിൽ വീണ്ടും സമരമാരംഭിച്ചു. സമരത്തിന് നേതൃത്വം കൊടുക്കുന്നതോ യൗവനത്തിലേക്ക് കടന്ന വിദ്യാർത്ഥി സമരനേതാവ്.
കയർ ഉൽപാദനമേഖലയാകെ സമരം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പിലെത്താതെ തൊഴിലാളികൾ പട്ടിണികൊണ്ട് പൊറുതിമുട്ടിയ അവസരത്തിലാണ് വെസ്റ്റേൺ റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനറായി ആനന്ദന് ജോലിക്കുള്ള ഓർഡർ ലഭിച്ചത്. പട്ടത്താനത്തെ സുന്ദരേശനും കടവറയിലെ താരേശനുമാണ് ഒപ്പം നിയമനം കിട്ടിയ രണ്ടുപേർ.
കയർ തൊഴിലാളി സമരത്തിന് നേതൃത്വം നൽകുന്ന ആ യുവനേതാവ് ജോലിക്ക് ഉത്തരവ് ലഭിച്ച വിവരം വീട്ടുകാർ ഉൾപ്പെടെ ആരെയുമറിയിക്കാതെ മറച്ചുവെച്ചു. ഈ വിവരം മറ്റാരെയും അറിയിക്കരുതെന്ന് സുന്ദരേശനെയും താരേശനെയും അറിയിച്ചു.
എന്നാൽ, താരേശൻ ആനന്ദന്റെ അയൽവാസിയായ ഭാനുദാസ് വഴി വിവരം ആനന്ദന്റെ വീട്ടിലറിയിച്ചു. ജോലി സ്വീകരിക്കണമെന്ന് വീട്ടുകാർ ഉപദേശിച്ചു. സ്‌കൂളിലെ ആക്സിലറി കേഡറ്റ് കോർപ്‌സ് ക്യാപ്റ്റനായിരുന്ന അവസരത്തിൽ പട്ടാളത്തിൽ ചേരാൻ കിട്ടിയ അവസരവും പാർട്ടിക്കായി ഉപേക്ഷിച്ചെങ്കിലും റെയിൽവേയിൽ കിട്ടിയ നല്ല ജോലി സ്വീകരിക്കാനായി കഷ്ടപ്പാടിൽ ജീവിക്കുന്ന സഹോദരിമാരുടെയും ബന്ധുക്കളുടെയും വൻസമ്മർദമുണ്ടായി. കയർ ഉൽപാദകനായ ഒരു ബന്ധുവും ശക്തമായ സമ്മർദവുമായി രംഗത്തുവന്നു.
ആനന്ദൻ തന്റെ നിലപാട് കടുപ്പിച്ചു. അവകാശ സമര പോരാട്ടത്തിനായി കയർ തൊഴിലാളികളെ സമരരംഗത്തിറക്കുന്നതിൽ പ്രധാന പങ്കുവഹിച്ച തനിക്ക് തൊഴിലാളികളെ പാതിവഴിയിൽ ഉപേക്ഷിച്ച് സ്വന്തം ഭാവി കരുപ്പിടിപ്പിക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ജോലി സ്വീകരിക്കാതെ തൊഴിലാളി സമരരംഗത്തേക്കുതന്നെ ഇറങ്ങിത്തിരിക്കുകയായിരുന്നു. സ്‌കൂളിലെ ആക്സിലറി കേഡറ്റ് കോർപ്‌സ് ക്യാപ്റ്റനായിരുന്ന അവസരത്തിൽ പട്ടാളത്തിൽ ചേരാൻ കിട്ടിയ അവസരവും പാർട്ടിക്കായി ഉപേക്ഷിച്ചിരുന്നു.
അവകാശസമര പോരാട്ടത്തിനായ് പാവപ്പെട്ട കയർത്തൊഴിലാളികളെ സമരരംഗത്ത് ഇറക്കുന്നതിൽ പ്രധാന പങ്കുവഹിച്ച തനിക്ക് തൊഴിലാളികളെ പാതിവഴിയിൽ ഉപേക്ഷിച്ചു സ്വന്തം ഭാവി കരുപ്പിടിപ്പിക്കാൻ ഒട്ടും താത്പര്യമില്ലെന്നായിരുന്നു റെയിൽവേ ജോലി ഉപേക്ഷിച്ചതിനെപ്പറ്റി ആനത്തലവട്ടം പറഞ്ഞത്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അദ്ദേഹം ആനന്ദണ്ണനും ഇടതുപക്ഷ പ്രവർത്തകർക്കും അനുഭാവികൾക്കും അദ്ദേഹം ആനന്ദൻ സഖാവുമായിരുന്നു.
കയർഫെഡ് ചെയർമാൻ, കയർബോർഡ് വൈസ് ചെയർമാൻ, കയർ മേഖല പുനരുദ്ധാരണ കമ്മിഷൻ അധ്യക്ഷൻ, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്‌സ് സെന്റർ ജോയിന്റ് സെക്രട്ടറി, കേരള കയർ വർക്കേഴ്‌സ് സെന്റർ സെക്രട്ടറി ഇങ്ങനെ നീളുന്നു പൊതുപ്രവർത്തനത്തിന്റെ ആ കയർബന്ധം. ഇതിനിടെ, മൂന്നുതവണ ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് എംഎൽഎ.യായി. അപ്പോൾ നിയമസഭയിലും ആനത്തലവട്ടം കയർത്തൊഴിലാളികളുടെ ശബ്ദമായി.