കോട്ടയം: 'കൊടയല്ല വടി' എന്ന ആ മാസ് മറുപടി കേട്ട് ചിരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. യൂട്യൂബിൽ തരംഗമായി മാറിയ വീഡിയോയിലെ സംഭാഷണം ലോകമെമ്പാടുമുള്ള മലയാളികളെ പലയാവർത്തി ചിരിപ്പിച്ച ഒന്നായിരുന്നു. ഒറ്റ യൂട്യൂബ് വീഡിയോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഉഴവൂർ ചക്കാലപടവിൽ അന്നയുടെ വിയോഗ വാർത്ത വലിയ സങ്കടത്തോടെയാണ് ഏവരും അറിഞ്ഞത്.

വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം കേൾവിക്കുറവുള്ള ഭർത്താവിനോട് പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോൾ തൊണ്ണൂറുകാരി ഭാര്യയുടെ ദേഷ്യത്തോടെയുള്ള പ്രതികരണം ഹൃദയം കൊണ്ടാണ് മലയാളികൾ ഏറ്റെടുത്തത്.

യൂട്യുബിൽ വൈറലായ ഈ രംഗം കണ്ട് ചിരിച്ച് മറിഞ്ഞ മലയാളികൾ ലോകത്തെവിടേയും ഉണ്ട്. രണ്ട് കൊല്ലം മുമ്പാണ് ഉഴവൂർ ചക്കാലപടവിൽ അന്ന ചക്കാലപടവും ഭർത്താവ് തോമസുമായുള്ള സംഭാഷണം യൂട്യുബിൽ എത്തിയത്. അന്ന് മുതൽ ഈ രംഗം പലയാവർത്തി കണ്ടവർ ഏറെയാണ്.

ആ യൂട്യൂബ് രംഗത്തിലെ സംഭാഷണം ഇങ്ങനെ 'തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം ...വളം'' എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂർവം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേൾക്കാൻ കഴിയുന്നില്ല. അന്ന പലയാവർത്തി പറയുമ്പോൾ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ''കൊടയോ''. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ''കൊടയല്ല വടി'. ആ മാസ് മറുപടി കേട്ട് ചിരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.

അത്രയും സ്വഭാവികമായിട്ടാണ് ആ അമ്മയുടെ പ്രതികരണമെന്ന് അയൽവാസിയായ സൈമൺ പരപ്പനാട് പറയുന്നു. പലവട്ടം താനടക്കം പലരും ഈ രംഗം അന്നച്ചേട്ടത്തിയേയും അപ്പാപ്പനേയും കാണിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അന്നച്ചേടത്തി പറയും ''മകളുടെ മകൾ പറ്റിച്ച പണി''യായിരുന്നെന്ന്. ഈ രംഗം പിന്നീട് കണ്ട് തോമസും സാക്ഷാൽ ജഗതി ശ്രീകുമാർ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി.

കർഷകനായ തോമസും അന്നയും എന്നും കൃഷിക്ക് നൽകിയ പ്രാധാന്യമാണ് വീഡിയോയിലും കാണാനായത്. തേങ്ങ കുറവായത് കണ്ടിട്ട് വളമിടണമെന്ന് ഭർത്താവിനെ ഓർമ്മിപ്പിച്ചതാണ് അന്ന. കൃഷി ചെയ്താണ് കർഷകനായ അപ്പൻ ആറുമക്കളേയും വളർത്തിയതെന്ന് മൂത്തമകൾ ഏലമ്മയുടെ ഭർത്താവ് കുര്യൻ പറയുന്നു. ''രണ്ട് പേർക്കും കൃഷി വലിയ ഇഷ്ടമാണ്. അതാണ് വളമിടുന്ന കാര്യം അമ്മച്ചി ഓർമ്മിപ്പിക്കുന്നത്'. . എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിൽ ജോലി കിട്ടി പോയ മൂത്തമകൾ ഏലമ്മയും ഭർത്താവ് കുര്യനുമാണ് അപ്പനേയും അമ്മയേയും ആദ്യമായി അമേരിക്കയിൽ കൊണ്ട് പോയത്. ശേഷം ബാക്കി മക്കളും അമേരിക്കയിൽ എത്തിയതോടെ പലവട്ടം ഇരുവരും അവിടെ പോയിട്ടുണ്ട്'- കുര്യൻ പറയുന്നു.

''അപ്പന് അമേരിക്കൻ ജീവിതം അത്ര ഇഷ്ടപ്പെട്ടില്ല.എന്നാൽ അമ്മച്ചിക്ക് അമേരിക്ക ഭയങ്കര ഇഷ്ടമായി. ആ വീഡിയോ അമേരിക്കയിൽ പോലും വിലിയ ഹിറ്റായി. പലരും വിളിച്ച് ചോദിക്കും അമ്മച്ചിയുടെ കാര്യം''- കുര്യൻ പറയുന്നു. കഴിഞ്ഞ ദിവസം വരെ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പിന്നെ ചെറിയ ചുമയും ശ്വാസംമുട്ടലുമാണ് ആരോഗ്യം വഷളാക്കിയത്.