- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പത്തിൽ സംസ്‌കൃതവും അൽപം വൈദ്യവും പഠിച്ചു; കുട്ടിക്കാലം മുതൽ ചിത്രം വരച്ചു തുടങ്ങി; കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെ വരയുടെ തുടക്കം; കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പ് കലയിലും നിറച്ചത് ജീവിതത്തിലെ ലാളിത്യവും നിർമലതയും; ആർട്ടിസ്റ്റ് നമ്പൂതിരി വിസ്മയ കലാകാരൻ
എടപ്പാൾ: വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. നമ്പൂതിരിയുടെ സ്ത്രീവരകൾ ശ്രദ്ധേയമായിരുന്നു. ചരിത്ര കഥാപാത്രങ്ങൾ ജീവൻതുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽചെയ്ത കഥകളി ശിൽപ്പങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആനുകാലികങ്ങളിലൂടെയുള്ള വരകൾ വായനക്കാർക്ക് സുപരിചിതം. ആർട്ടിസ്റ്റ് നമ്പൂതിരി ലോകത്തെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു. അവാർഡുകളും അംഗീകാരങ്ങളും ഏറെ നേടിയ സവിശേഷ വ്യക്തിത്വത്തിനുടമയായ കലാകാരൻ.
കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ച കലാകാരൻ. അത്തരത്തിലൊരു അതുല്യ പ്രതിഭയാണ് വിടവാങ്ങുന്നത്.
ചെറുപ്പത്തിൽ സംസ്‌കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്‌സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു. നാട്ടിലെത്തി 1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തു. പിന്നെ മലയാളിയുടെ മനസ്സിലെ കലാകാരനായി.
2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്‌കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള 'രേഖകൾ' പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്റ്റംബർ 13ന് (ചിങ്ങത്തിലെ ആയില്യം) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനനം.
ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കർ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാപഠനം. 1960 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു. 2001ൽ ഭാഷാപോഷിണിയിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. എം ടി, വി കെ എൻ, തകഴി, എസ് കെ പൊറ്റെക്കാട്ട്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകൾക്കും കഥകൾക്കും വരച്ചു. അരവിന്ദൻ സംവിധാനംചെയ്ത ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട് ഡയറക്ടറായിരുന്നു.
വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച നമ്പൂതിരിയുടെ ഓർമച്ചിത്രങ്ങളാണ് 'രേഖകൾ' (Rekhakal). വരയും വാക്കും ചേർന്ന ഓർമക്കുറിപ്പുകൾ. ആത്മകഥ എന്നതിനപ്പുറം കേരളത്തിന്റെ കലാചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ സൂക്ഷ്മരേഖകൾ കൂടി വരഞ്ഞിടുകയാണ് നമ്പൂതിരി 'രേഖകളിൽ'. മലയാളത്തിലെ ആത്മകഥാ ശാഖയിലെ അനന്യസാധാരണമായ ആ രചനയുടെ ഒരധ്യായം വായിക്കാം:
ചോളമണ്ഡലം (അധ്യായം 11)
ഒരു സൈക്കിൾ വാങ്ങണം. താമസ സ്ഥലത്തുനിന്ന് സ്‌കൂൾ ഓഫ് ആർട്‌സിലേക്കുള്ള ദൂരം താണ്ടാൻ മറ്റൊരു മാർഗമില്ല. മൈലാപ്പൂരിലെ തമിഴ് ബ്രാഹ്‌മണരുടെ ക്ഷേത്രത്തിനടുത്ത് ലെസ് എന്ന സ്ഥലത്താണ് അന്ന് ഞങ്ങൾ പാർത്തിരുന്നത്. അവിടെ നിന്ന് എഗ്മൂറിലേക്ക് നാലഞ്ചു കിലോമീറ്റർ വരും. പതിവായി അത്രടം പോയിവരാൻ ക്ലേശമുണ്ട്. ഉറ്റ സുഹൃത്തായ അഡയാറിലെ പ്രഭാകരനാണ് സൈക്കിൾ എന്ന പോംവഴി കണ്ടുപിടിച്ചു തന്നത്.
കോഴിക്കോട്ട് ആകാശവാണി തുടങ്ങിയപ്പോൾ ആദ്യത്തെ ഡയറക്ടറായിരുന്ന കൃഷ്ണമൂർത്തിയുടെ സഹോദരനായിരുന്നു പ്രഭാകരൻ. കൃഷ്ണമൂർത്തി ഉണ്ടായിരുന്ന സമയം കോഴിക്കോട് നിലയത്തിൽ നിറവിന്റെ കാലമായിരുന്നു. ഭാസ്‌കരൻ മാഷ്, പി.സി.കുട്ടികൃഷ്ണൻ, ശാന്താ പി. നായരുടെ ഭർത്താവ് പത്മനാഭൻനായർ തുടങ്ങിയവരുണ്ട് അന്നവിടെ. ഒരു സാംസ്‌കാരിക ഉത്സവകാലം.
സൈക്കിൾ വാങ്ങാൻ എന്റെ കൈയിൽ പണമൊന്നുമില്ലായിരുന്നു. പ്രഭാകരൻ മുഖാന്തരമാണ് അതു സംഘടിപ്പിച്ചത്. ട്രാം ആയിരുന്നു മദിരാശി പട്ടണത്തിൽ അക്കാലത്ത് യാത്രയ്ക്കുള്ള വാഹനം. രാത്രികാലത്ത് അവ പക്ഷികൾ കൂടണയുന്നതുപോലെ പറ്റമായി ഷെഡ്ഡുകളിലേക്ക് കയറുന്ന കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. പിന്നെ ട്രാമുകൾ അപ്രത്യക്ഷമായിത്തുടങ്ങി. ബസും കാറും മറ്റും നഗരത്തെ കീറിമുറിച്ചു.
ലെസിൽ നിന്ന് ട്രിപ്ലിക്കെയിനിലേക്ക് പിന്നീട് മാറിപ്പാർത്തു. അവിടെനിന്നുള്ള പോക്കുവരവുകൾ കുറച്ചുകൂടി എളുപ്പമായി. സ്‌കൂളിൽ അദ്ധ്യാപകർ അധികവും തമിഴ്‌നാട്ടുകാരായിരുന്നു. കേരളത്തിൽനിന്ന് മലയാളമറിയാത്ത ഒരു ബാലകൃഷ്ണൻ ഉണ്ടായിരുന്നു. കോട്ടും കണ്ണടയുമൊക്കെ വച്ച് ഒരു പ്രത്യേക വേഷമാണ്. ബാലകൃഷ്ണമേനോൻ എന്നാണു പേരെന്ന് ഇയ്യിടെ സി.എൻ.കരുണാകരൻ പറഞ്ഞു. സി എൻ അദ്ദേഹത്തിന്റെ അടുത്ത് കൂടുതൽ ചെലവഴിച്ച ആളാണ്. ക്രാഫ്റ്റിന്റെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ആർട്ടും ക്രാഫ്റ്റും രണ്ടു വിഭാഗങ്ങളായിരുന്നു. ആർട് ക്ലാസ് കഴിഞ്ഞാൽ കുറച്ചു സമയം ക്രാഫ്റ്റിൽ പോയി ഇരിക്കണം.
ധനപാൽ മറ്റൊരു അദ്ധ്യാപകൻ. പെയിന്റിങ്ങായിരുന്നു വിഷയം. ആന്ധ്രക്കാരനാണ്. പക്ഷേ, തമിഴ്‌നാട്ടിൽ പൂർണമായും സെറ്റിൽ ചെയ്തിരുന്നു. എനിക്ക് വളരെ കമ്പം തോന്നിയ ഒരു ചിത്രകാരൻ. അതിശക്തമായ വരകളായിരുന്നു അദ്ദേഹത്തിേന്റത്. ജനറൽ ഡ്രോയിങ്ങിലുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ ഗംഭീരമായിരുന്നു. അത്രയും തന്നെ കേമനായിരുന്നു രാംഗോപാലും. 1956ലാണ് എന്റെ കോഴ്‌സ് കഴിയുന്നത്. 1960ൽ മാതൃഭൂമിയിൽ ചേർന്നു. അതിനിടയിൽ പൊന്നാനിയിലും മദിരാശിയിലുമായി ജീവിതം കഴിച്ചുകൂട്ടി. എം.ഗോവിന്ദന്റെ നേതൃത്വത്തിൽ മദിരാശിയിൽ സാഹിത്യസംഘം സജീവമായിരുന്ന കാലമാണത്. ജയകേരളത്തിൽ കെസിഎസിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രത്യേക ജീവിതസാഹചര്യങ്ങൾ മൂലം എനിക്ക് അന്ന് മദിരാശിയിലെ എം.ഗോവിന്ദൻ സംഘവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിൽക്കാലത്താണ് ഞാൻ ഗോവിന്ദനെ അടുത്തു പരിചയപ്പെടുന്നത്.
ചിത്രകാരന്മാർക്ക് ഒന്നിച്ചിരുന്നു വരയ്ക്കാൻ ഒരിടം വേണമെന്ന് കെ.സി.എസ്.പണിക്കർ നേരത്തേ തന്നെ പറയാറുണ്ട്. അദ്ദേഹം സ്‌കൂൾ ഓഫ് ആർട്‌സ് വിടുന്നതിനുമുമ്പുതന്നെ അതിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. എന്നാൽ സ്‌കൂളിൽനിന്ന് വിരമിച്ച ശേഷമാണ് അതു ശക്തമായത്. ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മ എന്നതിൽക്കവിഞ്ഞ് കൃത്യമായ ഒരു രൂപരേഖ അന്ന് ഉരുത്തിരിഞ്ഞിരുന്നില്ല. വാസനാസമ്പന്നരായ ശിഷ്യന്മാർ കുറെയധികമുണ്ട്. പക്ഷേ, പലരും സാമർഥ്യക്കുറവുള്ളവരും. വെറും പാവങ്ങൾ. ഇവർക്ക് ചിത്രം വരച്ചു ജീവിക്കാനൊന്നും സാധിക്കില്ലെന്ന് പണിക്കർ മനസ്സിലാക്കി. ഇങ്ങനെ കുറെപ്പേർ പുറത്തുവന്നാൽ എന്തു ചെയ്യും എന്ന ആധി അദ്ദേഹത്തെ വല്ലാതെ അലട്ടി.
രാമാനുജം അതിൽ ഒരു ശിഷ്യൻ. അസാമാന്യമായ പ്രതിഭ. എന്നാൽ മനുഷ്യൻ എന്ന നിലയിൽ എന്തൊക്കെയോ പോരായ്മകൾ ഉള്ളയാൾ. നോർമൽ അല്ല. വേഷത്തിൽത്തന്നെ ഒരു പന്തികേടുണ്ട്. പൊക്കം നന്നെ കുറവ്. കറുത്തിട്ടാണ്. വെട്ടിയൊതുക്കാത്ത പപ്രച്ഛമായ താടി. പാന്റും ടൈയുമാണ് സാധാരണ. വായിൽക്കൂടി ഈത്ത ഒലിക്കുന്നതു കാണാം. സ്വയം കോമാളിയാകുന്നതോ അതോ സ്വതേ അങ്ങനെയോ എന്ന് ഇഴപിരിക്കാനാവാത്തപോലെ വിലക്ഷണത ഒരു അലങ്കാരം. ചാർമിനാർ വലിച്ചു തള്ളും. അവസാന കാലത്ത് മദ്യപാനവും ശീലമാക്കി. സ്വപ്നം വരയ്ക്കാൻ കഴിയുന്നവൻ അയാൾ. അഥവാ സ്വപ്നവും യാഥാർഥ്യവും വേറിടാത്തതായിരുന്നു ആ മനുഷ്യന്റെ ജീവിതം. ഭാവനയെ ഇത്ര മാത്രം അനായാസമായി കൊണ്ടുനടക്കുകയും വരയ്ക്കുകയും ചെയ്യുന്ന മറ്റൊരാൾ ജീവിച്ചിരുന്നിട്ടില്ല. വല്ലാത്തൊരു വിഷ്വൽ സെൻസിനുടമ. കടൽത്തീരത്തിരിക്കുമ്പോൾ തിര നോക്കിക്കൊണ്ട് ഒരിക്കൽ പറഞ്ഞു, എണ്ണമറ്റ സുന്ദരിമാർ തന്നെ പുൽകാൻ തള്ളി വരികയാണെന്ന്.
അയാളുടെ എല്ലാ രേഖാചിത്രങ്ങളിലും സെൽഫ് പോർട്രെയ്റ്റുണ്ടാവും. ഇയ്യിടെ സാറാ ഏബ്രഹാമിന്റെ പെയിന്റിങ് ശേഖരങ്ങളുടെ കൂട്ടത്തിൽ രാമാനുജത്തിന്റെ കുറച്ചു ചിത്രങ്ങൾ കണ്ടു. ചിത്രത്തിന്റെ ഭാഗമായിത്തന്നെയാണ് അയാൾ സ്വന്തം ഉടൽ കൂടി വരച്ചുചേർക്കുന്നത്. തൊപ്പിയൊക്കെ വച്ച് ഒരു ഗോപുരത്തിന്റെ മുകളിൽ കയറിയിരിക്കുന്നതാണ് അതിലൊന്ന്. വലിയ പേപ്പറിൽ വലിയ ക്യാൻവാസിൽ ദീർഘ ദീർഘങ്ങളായ ചിത്രങ്ങളാണ് വരയ്ക്കുന്നത്. ഒരു പുരുഷാരം തന്നെയുണ്ടാവും ഓരോ ചിത്രത്തിലും. അപൂർണമാംവണ്ണം അനന്തമായ വരകൾ. എന്തൊക്കെയോ ആവേണ്ടിയിരുന്ന, ആയിരുന്ന അയാൾക്ക് എക്സ്‌പ്രഷനുള്ള ഒരു മീഡിയം മാത്രമായിരുന്നു വര എന്നു തോന്നാറുണ്ട്. നമ്മളോട് സംസാരിച്ചുനിൽക്കുമ്പോഴും കൈയിൽ ഒരു ബുക്കും പേനയുമുണ്ടാവും. അതിൽ നോക്കി വരച്ചുകൊണ്ടാണ് വർത്തമാനം.
എങ്കിലും വേദനിപ്പിക്കുന്ന അപകർഷതകളായിരുന്നു മനസ്സു നിറയെ. കൂട്ടുകാർ തരം കിട്ടുമ്പോഴൊക്കെ കളിയാക്കി. മുനവച്ച പരിഹാസം. ഒരുത്തരും സ്‌നേഹം നടിച്ചില്ല. വീട്ടിൽ ആരും പരിഗണന നൽകിയതുമില്ല. വിവാഹം കഴിക്കാൻ നല്ല മോഹമുണ്ടായിരുന്നു. പക്ഷേ, ഒരു സ്ത്രീയും പ്രണയം കൊടുത്തില്ല. അങ്ങനെ കാമിതങ്ങളൊക്കെ അടക്കി ജീവിക്കേണ്ടി വന്ന ദുരന്തം കാണെക്കാണെ തീവ്രമായി. അപ്പോഴും കൂടെ നിൽക്കാൻ കെസിഎസ് എന്ന വലിയ മനുഷ്യനുണ്ടായിരുന്നു. അവർ തമ്മിൽ വല്ലാത്തൊരു അടുപ്പം കാണപ്പെട്ടു.
ചോളമണ്ഡലത്തിൽ ഒരു നായയുണ്ടായിരുന്നു. മിക്കപ്പോഴും കെസിഎസിനെ ചുറ്റിപ്പറ്റും. ആ നായയുമായി രാമാനുജത്തിന് എന്തൊക്കെയോ അനിർവചനീയമായ ചില വിനിമയങ്ങൾ ഉണ്ടെന്ന് ഞങ്ങൾ കരുതി; ചില മാനസിക വ്യാപാരങ്ങൾ. അതിന്റെ മരണത്തെത്തുടർന്നാണ് രാമാനുജവും മരിച്ചത്. രാമാനുജം ചോളമണ്ഡലത്തിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതും അവിടെ അതീതമായ ചില അനുഭവങ്ങൾ പടർത്തി. രാമാനുജത്തിന്റെ ജീവിതം ഒരു ചലച്ചിത്രമാക്കണമെന്ന് മകൻ ദേവൻ കൂടക്കൂടെ ഓർമിപ്പിക്കും. അത്രയ്ക്ക് സംഭവബഹുലമാണത്. പക്ഷേ, ഒരു ചലച്ചിത്രത്തിന് ആ അനുഭവം തരാനാവുമോ എന്ന കാര്യത്തിൽ എനിക്ക് ശങ്കയുണ്ട്.
ആർട്ടിസ്റ്റുകളെ കുടിയിരുത്താൻ പറ്റിയ സ്ഥലം നോക്കി കെസിഎസ് പലേടത്തും അന്വേഷിച്ചു. ഒടുവിൽ ഇഞ്ചമ്പാക്കത്ത് ഗോൾഡൻ ബീച്ചിനടുത്ത് പത്തു പതിനഞ്ചേക്കർ വാങ്ങുകയായിരുന്നു. അതാണ് ചോളമണ്ഡലം. സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്തു. ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സമ്പ്രദായത്തിലാണ് അത് വികസിപ്പിച്ചത്. ദേവനും മറ്റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. പണിക്കരും അതിനടുത്ത് ഒരു സ്ഥലം വാങ്ങി കുടുംബസമേതം താമസമുറപ്പിച്ചു.
കുറെയധികം ചിത്രകാരന്മാരിൽനിന്ന് ചെറിയ ചെറിയ തുകകൾ വാങ്ങിയാണ് അതിനുള്ള പണമുണ്ടാക്കിയത്. അവർക്കൊക്കെ അവിടെ ഇടങ്ങൾ - ഗ്രൗണ്ട് എന്നാണ് ആ പ്ലോട്ടുകൾക്ക് പറഞ്ഞുപോന്നത് - നൽകി. ജയപാലപ്പണിക്കർ, അക്കിത്തം നാരായണൻ, പാരീസ് വിശ്വനാഥൻ തുടങ്ങി പലരുമുണ്ടായിരുന്നു. പലരും വീട് പറിച്ചുനട്ടു. ഞാൻ മാതൃഭൂമിയിലുള്ളപ്പോൾ ഒരു ദിവസം കെസിഎസിന്റെ അറിയിപ്പ് കിട്ടി - എനിക്കും ഒരു ഗ്രൗണ്ട് തിരിച്ചിട്ടിട്ടുണ്ട്. പിന്നെ പണം സ്വരൂപിച്ച് അയച്ചുകൊടുത്തു. ദേവന്റെ ഡിസൈനിൽ കുഞ്ഞിക്കണ്ണേട്ടന്റെ സഹായത്തോടെ ഞാനവിടെ ഒരു പുര പണിതു. കടൽത്തീരമാണ്, നല്ല കാറ്റു കിട്ടും. വർക്ക് ചെയ്യാൻ പറ്റിയ അന്തരീക്ഷം. ഓരോരുത്തരുടെയും വേറിട്ട ഗ്രൗണ്ടുകൾക്കു പുറമെ കൂട്ടായി വർക്ക് ചെയ്യാൻ ഒരു പൊതുസ്ഥലവുമുണ്ട്. പ്രതിമാസ പരിപാടികൾ ഉണ്ട്. ആദ്യമുണ്ടായിരുന്ന കാന്റീൻ ഇടക്കാലത്ത് നിന്നുപോയി.
പെയിന്റിങ്ങിനു പുറമെ ബാത്തിക് പോലുള്ള രീതികളും വേണമെന്ന് കെസിഎസിന് നിർബന്ധമുണ്ടായിരുന്നു. കാരണം വെളിയിൽ പോയി സിനിമാ പോസ്റ്റർ വരച്ച് ജീവിക്കേണ്ട ഗതികേട് ആർക്കും വരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആർട്ടുകൊണ്ടു മാത്രം ജീവിക്കാനാവില്ല. ക്രാഫ്റ്റും കൂടി വേണം എന്നദ്ദേഹം മനസ്സിലാക്കി. ഇന്ന് രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ചോളമണ്ഡലം. ധാരാളം വിദേശികൾ വരികയും ചിലർ അവിടെ താമസിച്ച് വരയ്ക്കുകയും ചെയ്യുന്നു.െക സി എസ്സിന്റെ ദീർഘദർശനം അവകാശപ്പെടാൻ മുമ്പോ പിന്നീടോ മറ്റൊരാൾ ഉണ്ടായില്ല.