ലയാളത്തിൽ ആദ്യത്തെ സ്‌കാനിങ് മെഷീൻ ആയിരുന്നു നമ്പൂതിരി. ഏതു ദൃശ്യം കണ്ടാലും വരയ്ക്കാൻ ഇടയുള്ള ഏതു മനുഷ്യനെ കണ്ടാലും സ്‌കാൻ ചെയ്ത് മനസ്സിലേക്കിടും. പഴയ കാര്യങ്ങൾ ഓർമിക്കുമ്പോൾ ആളുകൾ ചിത്രമായാണ് ആദ്യം മനസ്സിലെത്തുകയെന്ന് പറഞ്ഞ നമ്പൂതിരി-മലയാളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ തോമസ് ജേക്കബ് ചിത്രകലയിലെ കുലപതിയെ ഓർക്കുന്നതും വിശേഷിപ്പിക്കുന്നതും ഇങ്ങനെയാണ്. വൈഡ് ആംഗിൾ ലെൻസിട്ട കണ്ണുകളാണ് അദ്ദേഹത്തിന്റേത്. സാധാരണ ദൃശ്യതലത്തിൽ നിന്നു മാത്രമല്ല മേലെ നിന്നും താഴെ നിന്നും നമ്പൂതിരി നോക്കിക്കാണുമെന്നും ജേക്കബ് തോമസ് ഓർത്തെടുക്കുന്നു. വരയുടെ നീണ്ട സുന്ദരപർവത്തിൽ നീലക്കുറിഞ്ഞിപൂക്കും പോലെയാണ് നമ്പൂതിരിക്ക് പെയിന്റിങ്.

നമ്പൂതിരിയെയും പാട്ടുകാരൻ യേശുദാസിനെയും പറ്റി എം.എൻ. വിജയന്റെ ഒരു നിരീക്ഷണമുണ്ട്. യേശുദാസും നമ്പൂതിരിയും കേരളത്തിന്റെ കലവറയാണ്. ഒരാൾ പാട്ടു വരയ്ക്കുന്നു, ഒരാൾ ചിത്രം പാടുന്നു-നമ്പൂതിരി വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രാധാന്യം ഈ വാക്കുകളിലൂടെയാണ് ജേക്കബ് തോമസ് വിശദീകരിക്കുന്നത്. ചിത്രങ്ങൾ നോക്കി മുഖം വരയ്ക്കുന്ന ആളായിരുന്നില്ല ആർട്ടിസ്റ്റ് നമ്പൂതിരി. എന്തും നോക്കി പകർത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ ചിത്രകല പഠിപ്പിച്ച ശങ്കരമേനോന്റെ ശിഷ്യത്വം അവസാനിപ്പിച്ച് നമ്പൂതിരി തൃശൂർ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നു പുറത്തുകടന്നത് 'പകർപ്പെടുക്കുന്നതിനോടുള്ള' ഈ എതിർപ്പുകൊണ്ടാണ്. ഡ്രോയിങ് മാസ്റ്റർ ആവാനുള്ള കെജിടിഇ പരീക്ഷ സ്വയം തോറ്റു കൊടുത്തതും കോപ്പി വരയ്ക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണെന്നു പറഞ്ഞു ചിരിക്കും നമ്പൂതിരി-ജേക്കബ് തോമസ് പറയുന്നു.

ലളിതമായ രേഖാചിത്രങ്ങൾ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തിലേക്കുയർത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിൽ രാത്രി 12.21 നാണ് മരണം. വരയും ഛായാചിത്രവും ശിൽപകലയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. സവിശേഷമായ ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകൾ ശ്രദ്ധേയമായിരുന്നു.തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകൾക്കും കഥകൾക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി. ആനുകാലികങ്ങളിലൂടെയുള്ള വര വായനക്കാരുടെ ലോകത്തെ വിസ്മയിപ്പിച്ചു.

'എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്' എന്ന് 'രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായരും 'വരയുടെ പരമശിവൻ' എന്ന് വികെ എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളോടുള്ള ബഹുമാനമായി കരുതപ്പെടുന്നു.

ആരാണ് നമ്പൂതിരി ? എംടി വാസുദേവൻ നായർ വിശേഷിപ്പിച്ചത്

വളരെക്കാലമായുള്ള അടുപ്പമാണു ഞങ്ങൾ തമ്മിൽ; ഏതാണ്ട് അൻപതു കൊല്ലമായുള്ള അടുപ്പം. ഏതുകാലത്തിനുമിണങ്ങിയ ചിത്രകാരനാണു നമ്പൂതിരി. 'രണ്ടാമൂഴം' മൂന്നുനാല് അധ്യായം എഴുതിക്കഴിയുമ്പോൾ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ബിലാത്തിക്കുളത്തെ വീട്ടിലേക്ക് കൊടുത്തയയ്ക്കുമായിരുന്നു. എങ്ങനെ വരയ്ക്കണമെന്നതു സംബന്ധിച്ചു നമ്മൾ നിർദ്ദേശം കൊടുക്കേണ്ട കാര്യമൊന്നുമില്ല. പുരാണകഥാപാത്രങ്ങളെ നന്നായി വരയ്ക്കും. സാഹിത്യം, കഥകളി, സംഗീതം ഇതൊക്കെ അസ്സലായിട്ടറിയാം.

അടുത്തു പരിചയത്തിലാവുന്നത് ഒരുമിച്ചു ജോലി ചെയ്തപ്പോഴാണ്.അതിനും മുൻപു പൂമുള്ളി മനയുടെ ചുമരിൽ നമ്പൂതിരി രാമായണം ചിത്രങ്ങൾ വരയ്ക്കുന്നു എന്നു കേട്ടു ഞാൻ അതു കാണാൻ ചെന്നിരുന്നു. ഞാൻ നാട്ടിൽ പോവുന്ന വഴിക്ക് അവിടെ അടുത്താണു പൂമുള്ളി മന. തമ്പുരാക്കന്മാരുമായും എനിക്ക് അടുപ്പമാണ്. അങ്ങനെയാണ് അവിടെ ചെന്നത്. ഞാൻ ചെന്നപ്പോൾ നമ്പൂതിരി വരച്ചുകഴിഞ്ഞ് പൂമുള്ളി മനയിൽനിന്നു പോയിരുന്നു.

ഇന്നും പൊന്നാനി - എടപ്പാൾ വഴി എവിടെയെങ്കിലും പോവുമ്പോഴോ തൃശൂർക്കു പോവുമ്പോഴോ ഞാൻ അദ്ദേഹത്തെ കാണാൻ പോവാറുണ്ട്. അദ്ദേഹം കോഴിക്കോട്ടു വരുമ്പോൾ എന്നെ കാണും. അദ്ദേഹത്തിന്റെ മൂത്ത മകൻ കോഴിക്കോട്ടാണല്ലോ.

ഒരിക്കൽ കോഴിക്കോട്ട് ഒരു നാടകോൽസവം നടക്കുന്നു. ഞാനും നമ്പൂതിരിയും അരവിന്ദനും പട്ടത്തുവിള കരുണാകരനുമൊക്കെ അതിന്റെ ശ്രമക്കാരായുണ്ട്. സുരാസുവിന്റെ 'വിശ്വരൂപം' എന്ന നാടകത്തിനാണ് അത്തവണ സമ്മാനം കിട്ടിയത്. സമ്മാനത്തുകയോടൊപ്പം മെമന്റോയോ അങ്ങനെയെന്തെങ്കിലുംകൂടി സമ്മാനം കൊടുക്കണ്ടേ എന്ന് ആരോ ചോദിച്ചു.

പുതുക്കുടി ബാലേട്ടൻ ഞങ്ങളുടെയൊക്കെ സുഹൃത്താണ്. അദ്ദേഹം മരം കയറ്റുമതി ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ യാർഡിൽ പോയാൽ നല്ല മരക്കഷണങ്ങൾ കിട്ടും. ഞാനും നമ്പൂതിരിയും ഒക്കെക്കൂടി അവിടെ ചെന്നു കുറച്ച് ഈട്ടിക്കഷണങ്ങൾ സംഘടിപ്പിച്ചു. ഈട്ടിത്തടി ചെത്തിയെടുക്കുന്നത് അത്ര എളുപ്പമല്ല. നമ്പൂതിരി രണ്ടു ദിവസം രാപകലെന്നില്ലാതെ ജോലി ചെയ്ത് അതൊക്കെ ചെത്തിമിനുക്കി. പത്തു പന്ത്രണ്ട് മെമന്റോകൾ ഉണ്ടാക്കി. സമ്മാനം കിട്ടിയ നാടകങ്ങൾക്ക് അതാണു തുകയോടൊപ്പം കൊടുത്തത്.

(നമ്പൂതിരിയുടെ നവതിയാഘോഷവേളയിൽ എം ടി മനോരമയിൽ എഴുതിയ കുറിപ്പ്)