തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണി പാടി ജനപ്രിയമായി തീർന്ന ഒട്ടനവധി ഗാനങ്ങൾ ആ തൂലികയിൽ പിറന്നതായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയ ഗാനങ്ങളെല്ലാം അറുമുഖന്റേതാണ്. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തിൽ', മീശമാധവനിലെ 'ഈ എലവത്തൂർ കായലിന്റെ', ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങളും എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.

തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചായിരുന്നു തുടക്കം. കലാഭവൻ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ തന്നെയായിരുന്നു. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തിൽ' എന്നീ ഗാനങ്ങൾ രചിച്ചത് ഇദ്ദേഹമായിരുന്നു. ഉടയോൻ, ദ ഗാർഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകൻ എന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കും വരികളെഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.

ഇല്ലായ്മകൾ സമ്പന്നമാക്കിയ ബാല്യമായിരുന്നു അറുമുഖന്റേത്. കൽപണിക്കാരനായ അച്ഛനും കൃഷിക്കാരിയായ അമ്മയ്ക്കും മകനെ എങ്ങനെ പഠിപ്പിക്കണം എന്നു തന്നെ നിശ്ചയമില്ലാത്ത കാലം. എല്ലാ വേദനകളിലും അപ്പോഴും കൂട്ട് സംഗീതമായിരുന്നു. പാട്ടുപാടിയും കവിത എഴുതിയുമൊക്കെ അറുമുഖൻ സ്വന്തം ലോകം സൃഷ്ടിച്ചു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. കണ്ടു വളർന്ന കാർഷിക സമൃദ്ധിയുടെ കാഴ്ചകൾ ഉള്ളിൽ പകർന്ന സംഗീതവും നാട്ടുവഴക്കവും അറുമുഖനിലെ കവിയെ എഴുതാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാണുന്ന കാഴ്ചകളും ചിന്തകളുമൊക്കെ പിന്നെ താളമുള്ള പാട്ടുകളായി എഴുതിയിട്ടു. 'താടീം നരച്ചു തലയും നരച്ചു, ആശ നശിച്ചിലെന്റെ അയ്യപ്പൻ മാമോ...' എന്നിങ്ങനെയുള്ള പാട്ടുകൾ ഏറെ ശ്രദ്ധ നേടി. ഈ പാട്ടുകൾ കലാഭവൻ മണിയുടെ ചെവിയിലേക്കും എത്തി. ഇഷ്ടം തോന്നിയ മണി അറുമുഖന്റെ അരികിലേക്ക് തന്റെ ചില സുഹൃത്തുക്കളെ പറഞ്ഞയച്ചു. ഇനി മുതൽ അറുമുഖൻ എഴുതുന്ന ഗാനങ്ങൾ മണിക്കു നൽകണം എന്ന് അവർ പറഞ്ഞപ്പോൾ അറുമുഖന് മറ്റൊന്നും മാറിച്ചിന്തിക്കുവാൻ ഇല്ലായിരുന്നു,

അറുമുഖൻ വെങ്കിടങ്ങ്- കലാഭവൻ മണി കൂട്ടുകെട്ടിലെ ആദ്യ ഗാനമായിരുന്നു ഇത്. 'ആക്രാന്തം കാട്ടേണ്ട, വിളമ്പിത്തരാം' എന്ന കാസ്റിലെ ഈ ഗാനം ഏറെ ശ്രദ്ധേയമായി. അറുമുഖൻ തൃശൂരിൽനിന്നു ചാലക്കുടിയിലേക്ക് ബസിൽ പോവുകയായിരുന്നു. കൊടകര എത്തിയപ്പോൾ അതാ, നല്ല സുന്ദരിയായ ഒരു പെൺകുട്ടി വഴിയരികിലിരുന്ന് മീൻ വിൽക്കുന്നു. രാത്രി വീട്ടിലെത്തിയിട്ടും ആ മീൻകാരിയുടെ രൂപം മാത്രം മനസ്സിൽനിന്നു മാഞ്ഞില്ല എന്നു മാത്രമല്ല, അവളൊരു പാട്ടായി മാറുകയും ചെയ്തു. അറുമുഖൻ എഴുതി.

ചാലക്കുടി ചന്തയ്ക്കു പോകുമ്പോ
ചന്ദനച്ചോപ്പുള്ള മീൻകാരി
പെണ്ണിനെ കണ്ടേ ഞാൻ...
അവൾക്കു മാത്രം അറിയില്ല, അവളുടെ കഥ നാട്ടിലെങ്ങും പാട്ടാണെന്ന്.പിന്നീട് കലാഭവൻ മണി പാടി മലയാളികൾക്കു മുഴുവൻ പരിചിതയായി ആ മീൻകാരി. സ്വന്തം ഈണത്തിലാണ് അറുമുഖൻ പാട്ടുകളെഴുതുന്നത്. വാക്കുകൾ കുത്തിനിറയ്ക്കാനല്ല, എന്തെങ്കിലും ആശയം പകരാനാണ് പാട്ടുകളിലൂടെ അറുമുഖൻ ശ്രമിച്ചത്. ലളിതഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരമ്മയെയും ആറ്റുകാലമ്മയെയും പ്രകീർത്തിച്ചുകൊണ്ടുള്ള ആൽബങ്ങളാണ് മണിക്കുവേണ്ടി അവസാനം എഴുതിയത്.

ഇരുന്നൂറോളം പാട്ടുകളാണ് മണിക്കുവേണ്ടി അറുമുഖൻ എഴുതിയത്. ഇരുവരുടെയും ജീവിതസാഹചര്യങ്ങൾ തമ്മിലുള്ള വിസ്മയകരമായ സാമ്യം കൊണ്ട് ഇവയെല്ലാം മണിയുടെ സ്വന്തം രചനകളായി ജനങ്ങൾ തെറ്റിദ്ധരിച്ചു. എന്നാൽ ചില വേദികളിൽ മണി തന്നെ ഈ ധാരണ തിരുത്തിയിട്ടുണ്ട്, തന്റെ അറുമുഖൻ ചേട്ടനെ സ്റ്റേജിലേക്ക് വിളിച്ച് 'എന്റെ രചയിതാവ്' എന്നു പറഞ്ഞ് ആദരിച്ചിട്ടുമുണ്ട്.