കോഴിക്കോട്: കെ കരുണാകരനേയും മുസ്ലിം ലീഗിനേയും ഒരു പോലെ എതിർത്ത് കേരള രാഷ്ട്രീയത്തിലെ ചാണക്യനായ കോൺഗ്രസുകാരനാണ് ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് എ ഗ്രൂപ്പിലെ നയരൂപീകരണത്തിലെ പ്രധാനി. പരന്ന വായനയുമായി രാഷ്ട്രീയക്കാരിൽ അറിവ് പകർന്ന വ്യക്തി. നിയമസഭയിലെ ഇടപെടലുകളും സമാനതകളില്ലാത്തത്. സാധാരണ ചുറ്റുപാടിൽ നിന്ന് തൊഴിലാളിയായി ജീവിതം തുടങ്ങി നിലമ്പൂരിലെ പ്രധാനിയായ നേതാവാണ് ആര്യാടൻ. കുട്ടിക്കാലത്തെ കഷ്ടതകളാണ് ഈ നേതാവിന്റെ മൂലധനം. അതിനുള്ളിൽ നിന്നാണ് ലീഗിനേയും കരുണാകരനേയും വിമർശിക്കാനുള്ള മാനസിക കരുത്തും രാഷ്ട്രീയ തന്റേടവും ആര്യാടൻ നേടിയത്.

കരുണാകരനേയും ലീഗിനേയും വിമർശിക്കുമ്പോൾ കോൺഗ്രസും യുഡിഎഫുമായിരുന്നു ആര്യാടന് പ്രധാനം. തെരഞ്ഞെടുപ്പിലെ കാലുവാരലുകളിൽ അദ്ദേഹം വിശ്വസിച്ചില്ല. അങ്ങനെ നിലമ്പൂരിൽ ആര്യാടനും മലപ്പുറത്തെ ബഹുഭൂരിപക്ഷം മണ്ഡലത്തിൽ ലീഗും വിജയം തുടർന്നു. യുഡിഎഫിന്റെ ശക്തിദുർഗ്ഗമായി മലപ്പുറത്തെ കാത്തതിന് പിന്നിൽ ആര്യാടന്റെ കരുതലുമുണ്ട്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിൽ കോൺഗ്രസിന് കരുത്തുപകരാൻ ആര്യാടൻ നടത്തിയ ശ്രമങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിനെ വിമർശിക്കാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരിൽ ലീഗിൽ നിന്ന് കടുത്ത വിമർശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. പണക്കാട് തങ്ങളേയും വിമർശിച്ചു. അത് ലീഗിന് കൊള്ളുകയും ചെയ്തു. പാണക്കാട് ആത്മീയ നേതാവല്ലെന്നും ലീഗിന്റെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രാഷ്ട്രീയ നേതാവാണെന്നും വിശദീകരിച്ചു. പാണക്കാട് തങ്ങളെ വിമർശിക്കുന്നത് തുടരുകയും ചെയ്തു. അതെല്ലാം മലപ്പുറത്ത് യുഡിഎഫിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിരുന്നുള്ളൂ.

എൺപതുകളിൽ കെ കരുണാകരനാണ് കോൺഗ്രസിലെ എല്ലാം എല്ലാം. ആന്റണിയും കൂട്ടരും പാർട്ടി വിട്ട് പോയ ശേഷം തിരിച്ചെത്തിയെങ്കിലും ലീഡർ കരുത്ത് തുടർന്നു. പാർട്ടി വേദികളിൽ ലീഡറോട് കൊമ്പു കോർക്കാൻ ആര്യാടനെ ഉണ്ടായിരുന്നുള്ളൂ. ചെയ്യുന്ന തെറ്റുകളെ അദ്ദേഹം മുഖത്ത് നോക്കി പറഞ്ഞു. ഇതിന്റെ പ്രതിഫലനമായിരുന്നു കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വളർച്ച. ആന്റണിയും ഉമ്മൻ ചാണ്ടിയും കഴിഞ്ഞാൽ ആ ഗ്രൂപ്പിലെ ഏറ്റവും പ്രധാനി ഒരു കാലത്ത് ആര്യാടനായിരുന്നു,

ജീവിത സാഹചര്യങ്ങളോട് പടവെട്ടാൻ തെഴിലാളിയായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ ആര്യാടൻ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ മലപ്പുറത്തുനിന്നുള്ള ഏറ്റവും ശക്തനായ നേതാവുമായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തുന്നത്. 1958 മുതൽ കെപിസിസി അംഗമായിരുന്നു അദ്ദേഹം. 1960-ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. മലപ്പുറം ജില്ല രൂപീകരിച്ച 1969-ൽ അദ്ദേഹമായിരുന്നു ഡിസിസി അധ്യക്ഷൻ. എകെ ആന്റണിയായിരുന്നു അന്നും ഇന്നും എന്നും നേതാവ്.

1965ൽ 30-ാം വയസ്സിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തോൽവിയായിരുന്നു ഫലം. 1967ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1978-ൽ എ ഗ്രൂപ്പ് കോൺഗ്രസ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയപ്പോൾ എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്ന ആര്യാടൻ. 1969-ൽ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ കേസ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടായി.

ഇടത് മുന്നണിയിലേക്ക് പോയ ഘട്ടത്തിൽ കുഞ്ഞാലിയുടെ തട്ടകമായിരുന്ന നിലമ്പൂരിലെ സ്ഥാനാർത്ഥിയായി ആര്യാടൻ മാറി. ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് അദ്ദേഹം മന്ത്രിയായത്. നായനാർ മന്ത്രിസഭയിലെ വനം- തൊഴിൽ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ ഗ്രൂപ്പിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനേയാണ് ആര്യാടൻ പരാജയപ്പെടുത്തിയത്.

എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. പതിനൊന്ന് തവണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടി. നാല് മന്ത്രിസഭകളിൽ അംഗമായിരുന്നു. 1995ൽ എകെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ - ടൂറിസം വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൽ 2005-ലും 2012-ലും വൈദ്യുതി മന്ത്രിയായാണ് പിന്നീട് മന്ത്രിസഭയിലെത്തുന്നത്. 1982-ൽ നിലമ്പൂരിൽ പരാജയപ്പെട്ട ചരിത്രവുമുണ്ട്. പിന്നീട് 1987 മുതൽ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. 2011-ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

വിയോജിപ്പുകൾക്കിടയിൽ യോജിപ്പ് കണ്ടെത്തുന്നതാണ് ആര്യാടൻ മഹമ്മദിന്റെ നിലപാട്. യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടി കർക്കശമായ നിലപാടുകൾ എന്നും സ്വീകരിച്ചു. രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും പലപ്പോഴും പലവിഷയങ്ങളിലും യോജിച്ച് തീരുമാനമെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് സിപിഎം നേതാവ് എംഎ ബേബി പ്രതികരിച്ചു. കോൺഗ്രസ് വർഗീയ ശക്തികളുമായി ശക്തിചേരുന്നതിനെതിരെ ശക്തമായ നിലപാട് മുറുകെ പിടിച്ചിരുന്നു. അദ്ദേഹവുമായി രാഷ്ട്രീയത്തിനതീതമായ ബന്ധം പുലർത്തിയിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാലത്തെ ബന്ധമാണ് ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ പറഞ്ഞു. അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് നേതാവുമായി പ്രവർത്തിക്കുമ്പോഴും മറ്റ് പാർട്ടി പ്രവർത്തകരുമായും അദ്ദേഹം മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു.