ലാഹോർ: പാക്കിസ്ഥാനിൽ നിന്നുള്ള ഐസിസി എലൈറ്റ് അംപയറായിരുന്ന ആസാദ് റൗഫ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ലാഹോറിൽ വച്ചാണ് മരണം. 64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു. 13 വർഷം നീണ്ട കരിയറിൽ 231 മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്. 2000ത്തിൽ അംപയറിങ് തുടങ്ങിയ ആസാദ് റൗഫ് 2006ലാണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. പിന്നീടുള്ള ഒൻപത് വർഷങ്ങളിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഏറ്റവും മികച്ച അപംയർമാരിൽ ഒരാളായി പേരെടുത്തു.

ഓൺ-ഫീൽഡ് അംപയറായി 49 ഉം ടെലിവിഷൻ അംപയറായി 15 ഉം അടക്കം 49 ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചു. 139 ഏകദിനങ്ങളും 28 രാജ്യാന്തര ടി20കളും ആസാദ് റൗഫിന്റെ അംപയറിങ് കരിയറിലുണ്ട്. 2000ൽ ആദ്യ ഏകദിനവും 2005ൽ ആദ്യ ടെസ്റ്റും നിയന്ത്രിച്ചു. അലീം ദറിനൊപ്പം പാക്കിസ്ഥാൻ അംപയറിംഗിന്റെ ഖ്യാതി ഉയർത്തിയ ആളായാണ് ആസാദ് റൗഫ് അറിയപ്പെടുന്നത്.

സച്ചിനും ലാറയും പോണ്ടിംഗും അക്രവും ഉൾപ്പെടെയുള്ള ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ നിയന്ത്രിച്ച് ഗ്രൗണ്ടിൽ സൂപ്പർ അമ്പയറായിരുന്ന പാക്കിസ്ഥാന്റെ ആസാദ് റൗഫിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഐസിസിയുടെ എലൈറ്റ് പാനൽ അമ്പയറെന്ന നിലയിൽ ക്രിക്കറ്റ് ഫീൽഡിലും പിന്നീട് ഗ്രൗണ്ടിന് പുറത്തും ഏതൊരു ത്രില്ലർ മത്സരത്തെയും വെല്ലുന്ന ജീവിതത്തിന് ഉടമയായിരുന്നു റൗഫ്.

റൗഫ് മത്സരം നിയന്ത്രിക്കുമ്പോൾ 2013ൽ ഐപിഎൽ വാതുവയ്പ് അരങ്ങേറിയതോടെ വിവാദത്തിലായി. പിന്നാലെ ഐപിഎൽ പൂർത്തിയാക്കാതെ ഇന്ത്യ വിട്ട റൗഫ് തൊട്ടടുത്ത വർഷം ഐസിസി എലൈറ്റ് പാനലിൽ നിന്ന് പുറത്തായി. എന്നാൽ വാതുവയ്പ് അന്വേഷണത്തിന്റെ ഭാഗമായല്ല റൗഫിനെ പുറത്താക്കിയത് എന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയർന്ന ഒത്തുകളി ആരോപണങ്ങളും പിന്നാലെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളും വന്നതോടെ റൗഫിനെ ഐസിസി വിക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകത്തു നിന്ന് ആരാധക മനസിൽ നിന്നും പതിയെ മാഞ്ഞുപോയ റൗഫിനെക്കുറിച്ച് കേൾക്കുന്നത് ലാഹോറിലെ തുണിക്കട മുതലാളിയായി ജോലി ചെയ്യുന്നു എന്നതായിരുന്നു.

ലാഹോറിലുള്ള ലാന്ദാ ബസാറിൽ, വസ്ത്രങ്ങളും ഷൂവും വിൽക്കുന്ന കട നടത്തുകയായിരുന്നു മരിക്കുംവരെ ആസാദ് റൗഫ്. തുണിക്കട പൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് റൗഫിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2013നുശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ റൗഫ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2013നുശേഷം ക്രിക്കറ്റിൽ എന്തു നടക്കുന്നു എന്ന് ശ്രദ്ധിക്കാറേ ഇല്ലെന്നും റൗഫ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഐപിഎല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ഒത്തുകളി ആരോപണത്തിന് പിന്നിൽ ബിസിസിഐ ആണെന്നും തനിക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നുവെന്നുമായിരുന്നു അവസാന കാലം വരെയും റൗഫിന്റ നിലപാട്. 2012ൽ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. എന്നാൽ യുവതിയിൽ നിന്ന് ആരോപണം ഉയർന്നിട്ടും 2013ലെ ഐപിഎല്ലിൽ റൗഫ് അമ്പയറായിരുന്നിട്ടുണ്ട്. റൗഫിന്റെ ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മറ്റൊരു മകൻ അമേരിക്കയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി നാട്ടിലുണ്ട്.