തിരുവനന്തപുരം : നെയ്യാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിമരിച്ച രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളും നിർദ്ധനകുടുംബത്തിന്റെ ഏക പ്രതീക്ഷ.കരുംകുളം തുറയടി തെക്കേക്കര വീട്ടിൽ അശോക് രാഖി ദമ്പതികളുടെ മകൻ അശ്വിൻ രാജ് (15) കഞ്ചാംപഴിഞ്ഞി ജെ.ജി.കോട്ടേജിൽ ജോസഫ് ഗ്രേസി ദമ്പതികളുടെ ഏക മകൻ ജോസ് വിൻ (15) എന്നിവരാണ് മരിച്ചത്.

അരുമാനൂർ എം വിഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. സ്‌കൂൾ കലോൽസവ ദിനമായ ഇന്നലെ മറ്റ് നാല് വിദ്യാർത്ഥികളോടൊപ്പം, കലോൽസവത്തിൽ പങ്കെടുക്കാതെ കഞ്ചാംപഴിഞ്ഞി ജോസ് വിന്നിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 1.30 ഓടെ മാവിളക്കടവ് പാലത്തിന് സമീപത്തെ നെയ്യാറിന്റെ കടവിൽ കുളിക്കവെയാണ് അശ്വിൻരാജ് ഒഴുക്കിൽപ്പെട്ടത് ജോസ് വിൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി കൂടി കുട്ടുകാരെ രക്ഷിക്കാൻ എടുത്ത് ചാടിയെങ്കിലും കഴിയാതെ തിരിച്ച് കയറി. പൂവാർ പൊലീസും, ഫയർഫോഴ്‌സിന്റെ സ്‌കൂബ യൂണിറ്റും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ഒടുവിൽ നെയ്യാറിലെ മണൽക്കയത്തിൽ നിന്നും രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അശോക് രാഖി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് മാവിളക്കടവ് അശ്വിൻ രാജ്. അനുജൻ ആരാൻ (10) രോഗിയാണ്. ജന്മനായുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായതിനാൽ ആരാനെ ഇതുവരെ സ്‌കൂളിൽ അയച്ചിട്ടില്ല.

യാത്ര ചെയ്യാൻ ആരാന് കഴിയില്ല. അതിനാൽ സദാസയമവും വീട്ടിലാണ്. അവനെ പരിചരിക്കലാണ് അമ്മയുടെ ജോലി. വിദേശത്ത് ജോലിയുണ്ടായിരുന്ന അശോക് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഇളയ മകന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ചെലവിട്ടതിനാൽ അശോകിന് സ്വന്തമായി ഒരു വീട് വയ്ക്കാൻ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. രാഖിയുടെ കുടുംബ വീട്ടിലാണ് താമസം. അശ്വിൻ രാജിലായിരുന്നു ഇവരുടെ പ്രതീക്ഷ. അതാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്.

മരിച്ച ജോസ്വിന്റെ കുടുംബത്തിന്റെ അവസ്ഥയും ദയനീയമാണ്. കാനായ് എന്ന പേരിലുള്ള ഹോട്ടലാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. സ്‌കൂളിലേയ്ക്ക് പോകും ഹോട്ടലിലെ പണിയെല്ലാം ചെയ്തിട്ടാണ് ജോസ്വിൻ പോയിരുന്നത്. സ്‌കൂളിൽ നിന്ന് വന്നിട്ടും ഹോട്ടലിൽ മാതാപിതാക്കളെ സഹായിക്കുന്ന മകനെ ഓർത്ത് പൊട്ടികരയുകയാണ് മാതാപിതാക്കൾ.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ നാട്ടുകാരനായ ഒരാളാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട വാർത്ത സ്‌കൂളിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ അദ്ധ്യാപകർ സംഭവ സ്ഥലത്തെത്തി. സ്‌കൂളിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് അപകടം നടന്ന മാവിളക്കടവ്. കുട്ടികൾ വീട്ടിലില്ലെന്ന് ഉറപ്പാക്കിയശേഷം അദ്ധ്യാപകർ കടവിലെത്തിയപ്പോഴേക്കും അശ്വിൻ രാജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നാലെ ജോസ് വിനിന്റെ മൃതദേഹവും കണ്ടെത്തി.

പത്താം ക്ലാസ് ഡി. ഡിവിഷൻ വിദ്യാർത്ഥികളാണ് അശ്വിൻ രാജും ജോസ് വിനും. ഇതേക്‌ളാസിലെ തന്നെ മറ്റ് മൂന്ന് വിദ്യാർത്ഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു. ജോസ് വിന്റെ പിതാവ് നടത്തുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം അവിടെ നിന്ന് വീട്ടുകാരറിയാതെയാണ് കുട്ടികൾ മാവിളക്കടവിലെത്തിയത്.