- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവർഷം മുമ്പ് മരിച്ച അച്ഛന്റെ അതേ ദുർവിധി മകനും; അച്ഛൻ രാജീവ് മുങ്ങി മരിച്ചത് വട്ടിയൂർക്കാവിലെ നീന്തൽ കുളത്തിലെങ്കിൽ മകൻ നിരഞ്ജന്റെ ജീവനെടുത്തത് മൂന്നാംമൂട് മേലെക്കടവിലെ ഒഴുക്ക്; ഭർത്താവിന്റെ മരണ ശേഷം അനീഷ പിടിച്ചു നിന്നത് മക്കളായ നിരഞ്ജനും നന്ദിനിക്കും വേണ്ടി; ടെക്സ്റ്റയിൽസിൽ പണിയെടുത്ത് കുടുംബം പോറ്റിയ അനീഷയ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറം
തിരുവനന്തപുരം : വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലെക്കടവിൽ ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും ഇന്നലെ കണ്ടെത്തിയിരുന്നു. മൂന്നാംമൂട് വാറുവിള ദയാഭവനിൽ അനീഷയുടെയും പരേതനായ രാജീവിന്റെയും മകൻ നിരഞ്ജനാണ്(12) മരിച്ചത്. അപകടം നടന്നയിടത്തുനിന്ന് മൂന്നര കിലോമീറ്ററോളം അകലെ വെള്ളൈക്കടവ് പാലത്തിനുതാഴെ നിന്നാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയും അരുവിക്കര ഡാം തുറന്നതുകാരണം ജലനിരപ്പ് ഉയർന്നതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
എട്ടു വർഷം മുൻപ് വട്ടിയൂർക്കാവിന് സമീപത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു ഡ്രൈവറായ രാജീവ്. അന്ന് അനീഷയെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിരഞ്ജനും നന്ദിനിയുമായിരുന്നു. അപകട വിവരം അറിഞ്ഞതോടെ ഭർത്താവിന്റെ വിധി തന്നെ മകനും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലായിരുന്നു അനീഷ. ശാസ്തമംഗലത്തെ ടെക്‌സ്‌റ്റൈൽ ഷോപ്പിൽ സെയിൻസ് ഗേളായി ജോലി നോക്കുന്ന അനീഷ മക്കളുടെ ആവശ്യങ്ങൾക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. അനീഷയ്ക്ക് പിന്തുണയായി ഓട്ടോഡ്രൈവറായ അച്ഛൻ മണിയനും കുലശേഖരത്തെ അങ്കണവാടി ടീച്ചറായ അമ്മ പുഷ്പലതയും ഒപ്പമുണ്ട്.
നാലു മാസം മുൻപാണ് അനീഷയും കുടുംബവും മൂന്നാംമൂട് വാവുവിള ദയാഭവനിൽ വാടകയ്‌ക്കെത്തിയത്. അമ്മമ്മയായ പുഷ്പലത അങ്കണവാടിയിൽ നിന്ന് മടങ്ങി എത്തുന്നതിന് അഞ്ചു മിനിട്ട് മുൻപാണ് നിരഞ്ജൻ കൂട്ടുകാർക്കൊപ്പം ആറ്റിലേക്ക് മീൻ പിടിക്കാനായി പോയത്. രണ്ടാം ദിനവും തെരച്ചിൽ പൂർത്തിയാക്കിയിട്ടും നിരഞ്ജനെ കണ്ടെത്താനായില്ല. മലമുകൾ ഷെൻഷാന്തർ സ്‌കൂളിലെ നാലാം ക്‌ളാസുകാരിയായ അനിയത്തിയോട് ഇപ്പൊവരാമെന്ന് പറഞ്ഞായിരുന്നു നിരഞ്ജൻ പോയത്. വൈകിട്ടോടെയാണ് മകനെ കാണാനില്ലെന്ന വാർത്ത അനീഷയെ തേടിയെത്തുന്നത്.
മകൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന അനീഷയെ ഇന്നലെ വൈകിട്ടോടെയാണ് മകന്റെ മരണവാർത്ത തേടിയെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. നാലാഞ്ചിറ പള്ളി സെമിത്തേരിയിലാകും സംസ്‌കാരം. നാലാംക്ലാസ് വിദ്യാർത്ഥിയായ നന്ദിനിയാണ് സഹോദരി. നിരഞ്ജന് ഒപ്പം കാണാതായ നെട്ടയം പാപ്പാട് ഗസ്മൽ ഹൗസിൽ ജിബിത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ജിബിത്തും നിരഞ്ജനും ഉൾപ്പെട്ട നാലംഗ സംഘം മേലെക്കടവിൽ ചൂണ്ടയിടാൻ എത്തിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ജിബിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാനും കുളിക്കാനുമായി ആറ്റിലേക്ക് പോയപ്പോൾ ജിബിത്ത് ജയജിത്തിനെയും ഒപ്പം കൂട്ടിയിരുന്നു. ചേട്ടൻ മുങ്ങുന്നതു കണ്ട് ജയജിത്ത് നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നും ഒപ്പമുണ്ടായിരുന്ന ചേട്ടൻ നഷ്ടപ്പെട്ട ഞെട്ടലിലാണ് ജയജിത്ത്. ഉച്ചഭക്ഷണം കഴിഞ്ഞ് ചേട്ടനും അനിയനും മുറിയിലിരിക്കുന്നതു കണ്ട് ട്യൂഷന് പോകണമെന്ന് പറഞ്ഞശേഷം കോഴിക്ക് തീറ്റ കൊടുക്കാൻ പോയതായിരുന്നു മഞ്ചംപാറ എൽ.പി സ്‌കൂൾ അദ്ധ്യാപികയായ മഞ്ജു. പിന്നെ കേൾക്കുന്നത് മൂത്തമകൻ ജിബിയെന്ന ജിബിത്തിനെ ആറ്റിൽ കാണാതായ വാർത്തയാണ്. അച്ഛൻ ജയരാജ് റിട്ട. ബി.എസ്.എഫ് ജീവനക്കാരനാണ്.
എന്തു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന ജിബിയെക്കുറിച്ച് എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളൂ. ഇക്കഴിഞ്ഞ ഓണത്തിന് അമ്മയുടെ സ്‌കൂളിലെ ഓണപ്പരിപാടികൾക്കെത്തിയ ജിബി സദ്യ വിളമ്പാനും കളികളിൽ പങ്കെടുക്കാനുമൊക്കെ മുന്നിൽ തന്നെയുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പാറ്റൂർ പള്ളിയിലായിരുന്നു ജിബിത്തിന്റെ സംസ്‌ക്കാരം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്