വത്തിക്കാൻ സിറ്റി : വേറിട്ടവഴിയിലെ സ്ഞ്ചാരവും നിലപാടുകളിലെ കാർക്കശ്യവും കൊണ്ട് പോപ്പിന്റെ ചരിത്രത്തിലെ തന്നെ അപൂർവ്വ വ്യക്തിത്വമായിരുന്നു ഇന്ന് വിട പറഞ്ഞ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ.ഇതിനൊപ്പം തന്നെ സ്ഥാനത്യാഗം എന്ന നടപടിയിലൂടെ വളരെ അപൂർവ്വമായ തീരുമാനവും അദ്ദേഹം കൈക്കോണ്ടു.ഈ തീരുമാനം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണാന്തരച്ചടങ്ങിലും പോപ്പുമാരുടെ സാധാരണച്ചടങ്ങുകളിൽ നിന്ന് കാര്യമായ മാറ്റവും ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ മാറ്റത്തിന്റെ പ്രധാനകാരണം മരിക്കുന്നതിന് മുമ്പ് മാർപാപ്പ സ്ഥാനത്യാഗം ചെയ്ത സാഹചര്യം ആഗോള കത്തോലിക്ക സഭ അഭിമുഖീകരിച്ചത് നൂറ്റാണ്ടുകൾക്ക് മുമ്പാണ്. അതിനാൽ തന്നെ ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചവരൊന്നും ഇന്ന് നിലവില്ലില്ല. ഇതിനുപുറമെ തന്റെ മരണാനന്തരച്ചടങ്ങിനെക്കുറിച്ച് അദ്ദേഹം വിൽപത്രം എഴുതി തയ്യാറാക്കി വച്ചിരുന്നുവെന്നതും മറ്റൊരു വസ്തുതയാണ്.അതിനാൽ തന്നെ അന്തരിച്ച ബെനഡിക്ട് പതിനാറാമന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുകയാണ്.

പോപ്പ് എമിരിറ്റസിന്റെ സംസ്‌കാര ചടങ്ങുകൾ റോമിലെ ബിഷപ്പ് എമിരിറ്റസിന്റേതിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണ പദവിയിലിരിക്കുന്ന മാർപാപ്പ മരിക്കുമ്പോഴുള്ള ഔദ്യോഗിക പ്രഖ്യാപനം, അദ്ദേഹം ഉപയോഗിച്ച മുറികളുടെ അടച്ചുപൂട്ടൽ, മരണപ്പെട്ട ഒരു മാർപാപ്പയെ കിടത്തുമ്പോൾ പൊന്തിഫിക്കൽ വസ്ത്രങ്ങളും പേപ്പൽ പാലിയവും ധരിപ്പിക്കുന്നത് അടക്കമുള്ള ആചാരങ്ങളൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല. അതുപോലെ, നോവെൻഡിയേൽ എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണം, സാധാരണക്കാർക്ക് ആദരാഞ്ജലികൾ അവസരം എന്നിവ ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും വിദഗ്ദ്ധർ പറയുന്നു.

തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമൻ വിൽപത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുൻഗാമി ജോൺ പോൾ രണ്ടാമനെ അടക്കിയ അതേ കല്ലറയിൽ അടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രകാരൻ ആൽബർട്ടോ മെല്ലോനി വ്യക്തമാക്കിയിരുന്നു. സ്ഥാനത്യാഗം ചെയ്ത മാർപാപ്പയായതിനാൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവും ഉണ്ടാകില്ല.

ഒരാളെ മാർപാപ്പയായി തെരഞ്ഞെടുക്കുന്നതിനും മാർപ്പാപ്പയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും സഹസ്രാബ്ദങ്ങളോളം പാരമ്പര്യമുള്ള പ്രോട്ടോക്കോളുകൾ നിലവിലുണ്ടെങ്കിലും, സ്ഥാനമൊഴിഞ്ഞ മാർപാപ്പക്ക് നൽകേണ്ട ആദരവിന്റെ കാര്യത്തിൽ കത്തോലിക്ക സഭക്ക് മുമ്പിൽ ചോദ്യചിഹ്നമായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം ബനഡിക്ട് പതിനാറാമൻ വത്തിക്കാനിൽ തുടർന്നതും സഭാ ചരിത്രത്തിൽ അഭൂതപൂർവമായ സംഭവമാണ്.

ബെനഡിക്ട്് പതിനാറാമന് മുൻപ് 1415ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തിരുന്നു. 1294ലെ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ മുതൽ പദവിയിലിരിക്കെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് ബനഡിക്ട് പതിനാറാമൻ. 2005ലാണ് ബനഡിക്ട് പതിനാറാമൻ 265ാമത്തെ മാർപാപ്പയായത്. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്ന ബെനഡിക്ട് പതിനാറാമാൻ ഇന്ന് ഉച്ചയോടയാണ് വിടപറഞ്ഞത്.1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല.

1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്ബിഷപ്പായി.1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു 'ഡൊക്ട്രിൻ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്.ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.