ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീലങ്കയിൽ വച്ച് വൈകിട്ടായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും.സംസ്‌കാരം നാളെ വൈകിട്ട് ചെന്നൈയിൽ നടക്കും. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ്.

2000ൽ 'ഭാരതി' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ പാടിയ 'മയിൽ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവർ സഹോദരന്മാരാണ്.

'രാസയ്യ' എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തു ചുവടുവച്ചത്. 2002ൽ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചു. തുടർന്ന് 'ഫിർ മിലേംഗെ' ഉൾപ്പെടെ നിരവധി സിനിമകൾക്കു സംഗീതം നൽകി.

'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം.