- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസത്തിനുള്ളിൽ സംസ്‌കാര തീയതിയിൽ വ്യക്തത വരും
തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം കേരളത്തിലേക്ക് കൊണ്ടു വരാനുള്ള നടപടികൾ തുടങ്ങി. അതിവേഗം നിയമ നടപടികൾ പൂർത്തീകരിക്കാനാണ് നീക്കം. സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലാകും കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. തീയതി പിന്നീട് തീരുമാനിക്കും. ഇന്നലെ രാത്രി സഭാ ആസ്ഥാനത്തു ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായവും തേടും. പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും.
ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വാഹനാപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് സഭയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട വിവാദ ചർച്ചകൾക്കും ശ്രമിക്കില്ല.
ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കൻ അധികൃതരുമായി നടപടികൾ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു. മെത്രാപ്പൊലീത്തയുടെ അപ്രതീക്ഷ വേർപാടിന്റെ ദുഃഖത്തിലാണ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് സഭ പ്രതികരിച്ചു. മെത്രാപ്പൊലീത്തയുടെ ഭാര്യ ഗിസല്ലയും മക്കളായ ഡാനിയേൽ, സാറ എന്നിവരും അമേരിക്കയിൽ തന്നെയുണ്ട്.
ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാലസിലെ സിൽവർസിന്റിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.
അപ്പർ കുട്ടനാട്ടിലെ നിരണം കടപ്പിലാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവർത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാൻ എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുൻപുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യ സാമൂഹിക - സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2003 ലാണ് ബിലീവേഴ്‌സ് ചർച്ച് സ്വതന്ത്ര സഭയായി പ്രവർത്തനം ആരംഭിക്കുന്നത്. സഭയുടെ സ്ഥാപക ബിഷപ്പായി അദ്ദേഹം.