തിരുവല്ല: ഡാളസിൽ കാലം ചെയ്ത ബിലീവേഴ്സ് ചർച്ച് പ്രഥമ മെത്രാപ്പൊലീത്ത മോർ അത്തനേഷ്യസ് യോഹാന്റെ കബറടക്കം ഇന്ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. രാവിലെ ഒമ്പതിന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ ആരംഭിക്കും. പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം 9.30 ന് ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നിന്നും കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ഈസ്റ്റേൺ ചർച്ചിൽ എത്തിക്കും. തുടർന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകൾ നടക്കും. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് കബറടക്കും.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അഡ്‌മിനിസ്ട്രേറ്റർ സാമുവേൽ മോർ തിയോഫിലോസ് എപ്പിസ്‌കോപ്പാ കബറടക്ക ശുശ്രൂഷയുടെ മുഖ്യകാർമ്മികനായിരിക്കും. ബിലീവേഴ്സ് സഭയിലെ കേരളാ ഡയോസിസ് സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, അമേരിക്കൻ ഭദ്രാസനാധിപൻ ദാനിയേൽ മോർ തിമോഥേയോസ് എപ്പിസ്‌ക്കോപ്പാ, ജോൺ മോർ ഐറേനിയോസ് എപ്പിസ്‌കോപ്പാ, ബിലീവേഴ്സ് സഭയിലെ മറ്റു തിരുമേനിമാർ, മാർത്തോമ്മാ സഭയിലെ ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോഴിയൂർ സഭയിലെ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത എന്നിവർ സഹകാർമ്മീകരാകും.

മദ്ബഹായോട് ചേർന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക കബറിൽ മാർപ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്‌കരിക്കുന്നത്. 19 ന് രാത്രി ഒമ്പതു മണിയോടെ മെത്രാപ്പൊലീത്തയുടെ അരമനയിലെത്തിച്ച ഭൗതിക ദേഹത്തിൽ രണ്ടായിരത്തോളം വൈദികർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് ഭൗതിക ശരീരം ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ ഒമ്പതു മണി വരെ പൊതുദർശനം തുടരും. കനത്ത മഴ വകവയ്ക്കാതെ ആയിരങ്ങളാണ് മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദിനാൾ മോറാൻ മോർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ക്നാനായ സഭ അധ്യക്ഷൻ കുറിയാക്കോസ് മാർ സേവേറിയോസ്, മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത യുയാക്കിം മാർ കൂറിലോസ്, കോട്ടയം ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ്, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, യാക്കോബായ സഭ ട്രസ്റ്റി തോമസ് മാർ തിമോത്തിയോസ്, യാക്കോബായ സഭ കല്ലിശേരി മേഖലാധിപൻ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, റാന്നി മേഖലാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ്, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ക്നാനായ കത്തോലിക്ക സഭ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ പ്രാർത്ഥനകൾ നടത്തി.

ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി വർക്കിങ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല, എംപിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, എ.എം. ആരിഫ്, ഡീൻ കുര്യാക്കോസ്്, എംഎ‍ൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രമോദ് നാരായണൻ, പ്രഫ.ഡോ. എൻ ജയരാജ്, കെ.സി. ജോസഫ്, അഡ്വ. മാത്യു ടി. തോമസ്, ജോബ് മൈക്കിൾ, മുൻ എംഎ‍ൽഎമാരായ കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശേരി, കെ.സി. രാജഗോപാൽ, എ. പത്മകുകുമാർ, രാജു ഏബ്രഹാം, പി.സി. ജോർജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെപിസിസി സെക്രട്ടറി പഴകുളം മധു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനുജോർജ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ. മാത്യൂസ്, പി.എസ്.സി അംഗം ഡോ. ജിനു സഖറിയ ഉമ്മൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.ഇ. അബ്ദുറഹിമാൻ,അനിൽ കെ. ആന്റണി, മുൻ വി സി സിറിയക് തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സാം ചെമ്പകത്തിൽ, സംവിധായകൻ ബ്ലസി, നടന്മാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, മുന്മന്ത്രി മോൻസ് ജോസഫ്, കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ്, അപ്പു ജോൺ ജോസഫ്, മുൻ എംഎ‍ൽഎ സ്റ്റീഫൻ ജോർജ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.