- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
പാറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു.
ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖമായിരുന്നു സുശീൽകുമാർ മോദി. ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായിരുന്ന സുശീൽ കുമാർ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്ത്യ മുന്നണി വിട്ട് എൻഡിഎയിലേക്ക് എത്തുന്നതിൽ സുശീൽ കുമാർ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ കാൻസർ രോഗബാധിതനായതിനാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീൽ കുമാർ മോദി പറഞ്ഞിരുന്നു. 'കഴിഞ്ഞ ആറ് മാസമായി ഞാൻ ക്യാൻസറുമായി പോരാടുകയാണ്. ഇപ്പോൾ, ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് പ്രചാരണം നടത്താൻ കഴിയില്ല.ഞാൻ പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും എപ്പോഴും നന്ദിയും സമർപ്പണവുമാണ്,' എന്നാണ് അന്ന് സുശീൽ കുമാർ മോദി എക്സിൽ കുറിച്ചത്.
ബീഹാറിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യസൂത്രധാരിൽ ഒരാളാണ് സുശീൽ കുമാർ. ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേയ്ക്ക് ഉയർത്താനെന്ന പേരിലാണ് രാജ്യസഭാംഗമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പുനഃസംഘടനിൽ അദ്ദേഹം മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും അതുണ്ടായില്ല. ബിഹാർ രാഷ്ട്രീയത്തിൽ പാർട്ടിക്ക് അതീതമായ അടുപ്പം നിതീഷുമായി അദ്ദേഹം വെച്ചുപുലർത്തിയിരുന്നു.
കേരളവുമായി അടുത്ത ബന്ധം കൂടിയുള്ള ഒരാളാണ് സുശീൽ കുമാർ മോദി. ഭാര്യ ജെസി ജോർജ് മലയാളിയാണ്. പൊൻകുന്നം അഴീക്കൽ കുടുംബാംഗം. കോളജ് കാലത്ത് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ സുശീൽ ബിഹാറിനെ ഇളക്കിമറിച്ച എഴുപതുകളിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥാക്കാലത്ത് സുശീൽ കുമാർ ജയിലിൽ അടയ്ക്കപ്പെട്ടു. കൂടെയുണ്ടായിരുന്നവർ പിൽക്കാലത്ത് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയെങ്കിലും സുശീൽ കുമാർ അധികാരസ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞു നടന്നു. മാതൃസംഘടനയായ ആർഎസ്എസിന്റെയും എബിവിപിയുടെയും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി.
ഇക്കാലത്താണ് ഒരു തീവണ്ടിയാത്രയിൽ മലയാളിയായ ജെസി ജോർജിനെ പരിചയപ്പെടുന്നത്. പക്ഷി നിരീക്ഷണത്തിൽ താൽപര്യമുണ്ടായിരുന്ന ജെസി അതുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു. പരിചയം കത്തുകളിലൂടെ അടുപ്പമായി വളരുകയും പ്രണയമായി മാറുകയും ചെയ്തു. ഇരു കുടുംബങ്ങളുടെയും അനുമതിയോടെ 1986 ഏപ്രിൽ 13ന് പട്‌നയിലായിരുന്നു വിവാഹം. ലളിതമായിരുന്നു ചടങ്ങുകൾ. അതിഥികളെ സൽക്കരിക്കാൻ ശീതപാനീയം മാത്രം, സദ്യപോയിട്ട് ലഘു ഭക്ഷണം പോലുമില്ലായിരുന്നു!
ആദർശവും ലാളിത്യവും സ്വന്തം വിവാഹക്കാര്യത്തിൽ മാത്രമല്ല മകൻ ഉത്കർഷിന്റെ വിവാഹക്കാര്യത്തിലും നിഷ്‌കർഷയോടെ നടപ്പിലാക്കിയിരുന്നു സുശീൽ മോദി. കല്യാണച്ചടങ്ങ് നടന്ന സ്ഥലത്ത് സ്ത്രീധനം വാങ്ങിക്കില്ല എന്ന പ്രതിജ്ഞ എടുപ്പിക്കാനും, അവയവദാനം നടത്താനുള്ള സമ്മതപത്രം നൽകാനുമായി ഒരു കൗണ്ടർ പ്രവർത്തിച്ചു. അവിടെ എഴുനൂറിലധികം പേർ തങ്ങൾ സ്ത്രീധനം വാങ്ങില്ല എന്ന് പ്രഖ്യാപനം നടത്തുകയും നൂറുകണക്കിന് ആളുകൾ തങ്ങളുടെ അവയവദാന സമ്മതം രേഖാമൂലം നൽകുകയും ചെയ്തു.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ കല്യാണക്കുറി ഒഴിവാക്കി വാട്‌സാപ്പിലും ഇമെയിലിലുമാണ് അതിഥികളെ ക്ഷണിച്ചത്. ഈ വിവാഹം സ്ത്രീധനം വാങ്ങിയുള്ളതല്ല എന്ന് അതിൽ പ്രസ്താവിച്ചിരുന്നു. അതിഥികൾ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും ഡിജിറ്റൽ ക്ഷണക്കത്ത് വിനയപൂർവം ആവശ്യപ്പെട്ടിരുന്നു അദ്ദേഹം.