ലണ്ടൻ: മുൻ ഇംഗ്ലണ്ട്-മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ (86) അന്തരിച്ചു. 1966 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പർ താരമായിരുന്നു ചാൾട്ടൻ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 2020ൽ ചാൾട്ടന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.

1937 ഒക്ടോബർ 11 ആഷിങ്ടണിലാണ് ജനനം. 1957 മുതൽ 1973 വരെ ഇംഗ്ലണ്ടിന് വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. 1984-ൽ ചാൾട്ടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.

ഇംഗ്ലണ്ടിനായി 106 മത്സരങ്ങൾ കളിച്ച ചാൾട്ടൺ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാൾട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ൽ വെയ്ൻ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്. മാഞ്ചെസ്റ്റർ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങൾ കളിച്ച് 249 ഗോളുകൾ നേടാൻ ചാൾട്ടണ് സാധിച്ചു. യുണൈറ്റഡിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാൾട്ടൺ.

1966 ലോകകപ്പിൽ ചാൾട്ടന്റെ തകർപ്പൻ പ്രകടന മികവിലാണ് ഇംഗ്ലണ്ട് കിരീടമുയർത്തിയത്. ലോകകപ്പിൽ മൂന്ന് തവണ വലകുലുക്കിയ ചാൾട്ടൺ ടീമിന്റെ ടോപ് സ്‌കോററുമായി. 1958-ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച താരം 1970 വരെ ദേശീയ ടീമിനുവേണ്ടി ബൂട്ടുകെട്ടി. 1956 മുതൽ 1973 മുതൽ ചാൾട്ടൺ യുണൈറ്റഡിനായി കളിച്ചു. യുണൈറ്റഡിനൊപ്പം എഫ്.എ കപ്പ്, എഫ ചാരിറ്റി ഷീൽഡ്, യൂറോപ്യൻ കപ്പ് തുടങ്ങിയ കിരീടങ്ങൾ ചാൾട്ടൺ സ്വന്തമാക്കി.

ഫുട്ബോളിൽ നിന്ന് വിരമിച്ചശേഷം 39-ാം വയസ്സിൽ തന്നെ ചാൾട്ടൺ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടറായി. ദീർഘകാലം യുണൈറ്റഡിന്റെ ഡയറക്ടറായി പ്രവർത്തിച്ച ചാൾട്ടന്റെ പേരിൽ ക്ലബ്ബ് ഒരു ഫൗണ്ടേഷന് തുടക്കമിട്ടിരുന്നു. ബോബി ചാൾട്ടൺ ഫൗണ്ടേഷൻ എന്ന പേരിൽ നിരവധി പ്രവർത്തനങ്ങൾ യുണൈറ്റഡ് ചെയ്തുവരുന്നുണ്ട്.