- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു
ലിവർപൂൾ: പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. വിഖ്യാദമായ ചിത്രം ടൈറ്റാനിക്കിലെ ക്യാപ്ടന്റെ കഥാപാത്രം അവതരിപ്പിച്ചു അനശ്വരമാക്കിയ പ്രതിഭയാണ് ഹിൽ. ശനിയാഴ്ച ലിവർപൂൾ കോമിക് കോൺ കൺവെൻഷനിൽ പങ്കെടുക്കാനിരുന്ന ഹിൽ അവസാനനിമിഷം ഇതിൽനിന്ന് പിന്മാറിയിരുന്നു. അവസാനം അഭിനയിച്ച ടിവി പരമ്പരയായ ദ റെസ്‌പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലാണ് ബെർണാർഡ് ഹില്ലിന്റെ മരണം സംഭവിച്ചത്.
നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മനംകവർന്ന നടനായിരുന്നു ബെർണാർഡ് ഹിൽ. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇതിൽ സിനിമയ്ക്കുപുറമേ നാടകങ്ങളും ടിവി ഷോകളും ഉൾപ്പെടുന്നു. ലോർഡ് ഓഫ് ദ റിങ്‌സിലെ തിയഡൻ രാജാവ് തുടങ്ങിയ വേഷങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടി.
പതിനൊന്ന് ഓസ്‌കർ പുരസ്‌കാരങ്ങൾ എന്ന റെക്കോർഡ് നേടിയ രണ്ടുചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു താരവും ഹിൽ ആയിരുന്നു. ലോർഡ് ഓഫ് ദ റിങ്‌സും ടൈറ്റാനിക്കുമായിരുന്നു ആ ചിത്രങ്ങൾ. 1944 ഡിസംബർ 17-ന് മാഞ്ചസ്റ്ററിലായിരുന്നു ബെർണാർഡ് ഹില്ലിന്റെ ജനനം. 1975-ൽ പുറത്തിറങ്ങിയ 'ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു' ആണ് ആദ്യസിനിമ. 1976-ൽ ഗ്രാനഡ ടെലിവിഷൻ പരമ്പരയായ 'ക്രൗൺ കോർട്ടി'ലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലൻ ബ്ലീസ്‌ഡെയ്ൽ ഒരുക്കിയ 'പ്ലേ ഫോർ ടുഡേ'യിലെ യോസർ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. റിച്ചാർഡ് അറ്റൻബെറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രത്തിൽ 'സാർജെന്റ് പുത്‌നാം' എന്ന വേഷത്തിലും ഹിൽ എത്തി. 1990-ന്റെ മധ്യം മുതലാണ് ബെർണാർഡ് ഹിൽ സിനിമകളിൽ സജീവമായത്.
ദ ഗോസ്റ്റ് ആൻഡ് ദ ഡാർക്ക്‌നെസ്സ്, ദ സ്‌കോർപിയൺ കിങ്, ദ ക്രിമിനൽ, ദ ലോസ് ഓഫ് സെക്ഷ്വൽ ഇന്നസൻസ്, ദ ബോയ്‌സ് ഫ്രം കൗണ്ടി ക്ലെയർ, എക്‌സോഡസ്, വാൾക്കെയർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. അമേരിക്കൻ സ്റ്റോപ് മോഷൻ അനിമേറ്റഡ് കോമഡി ഹൊറർ ചിത്രമായ പാരാ നോർമനിൽ ഒരു ജഡ്ജിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബെർണാർഡ് ഹിൽ ആയിരുന്നു. പ്രിയതാരത്തിന്റെ മരണവിവരമറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്.