- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സന്ദേശത്തിലെ' ആർഡിപി പ്രവർത്തകനും 'ഇംഗ്ലീഷ് മീഡിയത്തിലെ' വത്സൻ മാഷുമെല്ലാം കയ്യടി നേടി; നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ സി വി ദേവ് അന്തരിച്ചു; വിടവാങ്ങിയത് ചെറു വേഷങ്ങളിൽ വിസ്മയം തീർത്ത അഭിനയ പ്രതിഭ
കോഴിക്കോട്: പ്രശസ്ത സിനിമാ- നാടക നടൻ സി വി ദേവ് (സി വാസുദേവൻ-83) അന്തരിച്ചു. വടകര ചെമ്മരത്തൂർ സ്വദേശിയാണ്. കോഴിക്കോട് പുതിയങ്ങാടിയിൽ എടക്കാടായിരുന്നു താമസം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാൾ ആണ് ആദ്യ സിനിമ.
സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത വിളക്കിന്റെ വെളിച്ചത്തിൽ എന്ന നാടകത്തിലൂടെ പത്തൊമ്പതാം വയസിലാണ് അരങ്ങിലെത്തിയത്. വേഷങ്ങൾ എന്ന നാടകത്തിലെ ഈശ്വരൻകുട്ടി എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചു. തയ്യിൽ ജോലിക്കൊപ്പം തന്നെ നാടകാഭിനയത്തിനും സമയം കണ്ടെത്തി. പ്രളയം എന്ന നാടകത്തിലെ ബാപ്പുട്ടിയെന്ന കഥാപാത്രവും ശ്രദ്ധേയമായി. കെ ടി മുഹമ്മദിന്റെ സ്ഥിതി മുതൽ എം ടി വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ഗോപുരനടയിൽ എന്ന നാടകം വരെ എട്ടുവർഷത്തോളം കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിലെ പ്രധാന നടനായിരുന്നു. വിക്രമൻ നായരുടെ ഗുരു, അമ്പലക്കാള, ബൊമ്മക്കൊലു, അഗ്രഹാരം തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു. കോഴിക്കോട് ചിരന്തന, വടകര വരദ, കലിംഗ തിയേറ്റേഴ്‌സ്, സപ്തസ്വര തുടങ്ങിയ സമിതികളിലും സഹകരിച്ചു.
മലയാള സിനിമയിൽ മുഴുനീള കഥാപാത്രങ്ങളൊന്നും സി വി ദേവിന് ലഭിച്ചിരുന്നില്ല. എന്നാൽ ചെറു വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചു. തനി നാട്ടിൻപുറത്തുകാരായ പാവം കഥാപാത്രങ്ങൾ. നാടകവേദി നൽകിയ കരുത്തിൽ ആ കഥാപാത്രങ്ങൾ സ്വാഭാവികതയോടെ അഭ്രപാളികളിൽ നിറഞ്ഞു. സാധാരണക്കാരന്റെ ശരീരഭാഷ തന്നെയായിരുന്നു ദേവ് കഥാപാത്രങ്ങളുടെ പ്രത്യേകത. നാടൻ പശ്ചാത്തലത്തിലുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അദ്ദേഹം നിരന്തരം കഥാപാത്രങ്ങളായി. സന്ദേശത്തിലെ ആർഡിപി പ്രവർത്തകനും കഥ തുടരുന്നുവിലെ ബ്രോക്കറും മനസ്സിനക്കരെയിലെ കള്ളുഷാപ്പിലെ പതിവുകാരനുമെല്ലാം പ്രേക്ഷകരെ ചിരിപ്പിച്ചു.
പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലെ വത്സൻ മാഷ് ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഡിപിഇപിയുടെ ഭാഗമായി കുട്ടികളെ പഠിപ്പിക്കാൻ മരത്തിൽ കയറി താഴെ വീണ് പരിക്കേൽക്കുന്ന വത്സൻ മാഷ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. പരിക്കേറ്റ മാഷെ കാണാൻ കുട്ടികളെത്തുന്ന രംഗങ്ങളെല്ലാം ഏറെ രസകരമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവത്തിൽ മോഹൻലാലിന്റെ ചിറക്കൽ ശ്രീഹരിയുടെ ഉറ്റസുഹൃത്തായ പാലിശ്ശേരിയായും ദേവ് തിളങ്ങി.
ഒരേ തൂവൽ പക്ഷികളിലെ ബീഡി തെറുപ്പുകാരൻ, മകൾക്ക് എന്ന ചിത്രത്തിലെ ജയിൽപ്പുള്ളി, ഉറമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലെ ഗോപിയേട്ടൻ, പൊന്തന്മാടയിലെ പോസ്റ്റ്മാൻ, മിഴി രണ്ടിലും ഉള്ളം തുടങ്ങിയ ചിത്രങ്ങളിലെ കാര്യസ്ഥൻ, നേർക്കുനേർ, കുടുംബശ്രീ ട്രാവൽസ് തുടങ്ങിയ ചിത്രങ്ങളിലെ ചായക്കടക്കാരൻ തുടങ്ങിയവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. കിളിച്ചുണ്ടൻ മാമ്പഴം, വിലാപങ്ങൾക്കപ്പുറം, ജവാൻ ഓഫ് വെള്ളിമല, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, നരൻ, സദയം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ ശ്രദ്ധേയമായി. യാരോ ഒരാൾ ആണ് ആദ്യ സിനിമ. കോഴിക്കോട് ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഭാര്യ ജാനകി. മക്കൾ: സുകന്യ, സുകാവ്യ, സുകാത്മജൻ. മരുമക്കൾ: മോഹൻദാസ്, സുരേഷ് കാക്കൂർ, വിജിഷ. സംസ്‌ക്കാരം നാളെ രാവിലെ ഒൻപതിന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.