തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചതിന് പിന്നാലെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു. കൊച്ചിയിൽ നിന്ന് വ്യോമമാർഗം രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പട്ടം പി.എസ്. സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചു.

ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ അടക്കമുള്ളവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഉണ്ടായിരുന്നു. വൈകാരികമായ യാത്രയയപ്പാണ് പാർട്ടി നേതാക്കളും പ്രവർത്തകരും കാനത്തിന് നൽകിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, പി.സന്തോഷ് കുമാർ എംപി, പി.പി.സുനീർ, ബിനോയ് വിശ്വം, കെ.ഇ.ഇസ്മയിൽ, കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കാനത്തിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയും അന്ത്യോപചാരമർപ്പിക്കാൻ എത്തി

കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുക. എംസി റോഡ് വഴി കോട്ടയത്തേക്കു പുറപ്പെട്ട വിലാപയാത്ര 4.40ന് കൊല്ലം ചടയമംഗലത്തെത്തും. അടൂരിൽ 5.45ന്. ചെങ്ങന്നൂരിൽ 6.45ന്. ചങ്ങനാശേരിയിൽ 8ന്. രാത്രി 9 മണിക്ക് സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം. രാത്രി 11 മണിക്ക് കോട്ടയത്തെ വീട്ടിലെത്തിക്കും. കാനത്തിന്റെ മകൻ സന്ദീപ്, കൊച്ചുമകൻ, മന്ത്രി പി.പ്രസാദ് എന്നിവർ വിലാപയാത്രയെ അനുഗമിക്കുന്നു,

തിരുവനന്തപുരം ജില്ലയിൽ മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമ്മൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ വിലാപയാത്രയിൽ അന്ത്യോപചാരം അർപ്പിക്കാൻ അവസരമുണ്ടാവും.സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിൽ നടക്കും. മുഖ്യമന്ത്രി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.