കൊല്ലം: അപകടത്തിൽപ്പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കേണ്ടതിന്റെയും നൽകേണ്ട പ്രഥമശുശ്രുഷയെക്കുറിച്ചുമൊക്കെ എത്രയൊക്കെ ബോധവൽക്കരണ ശ്രമങ്ങൾ നടത്തിയാലും അതൊന്നും വേണ്ട വിധത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്നതാണ് ഏറ്റവും ഒടുവിലായി ചടയമംഗലത്തെ അനുഭവവും വ്യക്തമാക്കുന്നത്.ഇന്ന് രാവിലെയോടെ ചടയമംഗലത്തുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ വെളിവാകുന്നത് മനുഷത്വ രഹിതമായ ഇടപെടലുകൾ തന്നെയാണ്.

പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് ഇന്ന് രാവിലെ കൊല്ലം ചടയമംഗലത്തു കവച്ച് അപകടത്തിൽ മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്.ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഓവർടേക് ചെയ്തു ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇടിയുടെ അഘാതത്തിൽ അഭിജിത്തും ശിഖയും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനിടെ ശിഖയുടെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി.ശിഖ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടെങ്കിലും പരിക്കേറ്റ് അവശനിലയിലായ അഭിജിത്ത് ഏകദേശം 20 മിനുട്ടോളം റോഡിൽ കിടന്നുവെന്നാണ് റിപ്പോർട്ടുകൾ.വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ ഈ സമയം ആരും മുന്നോട്ടു വന്നില്ലെന്ന ആരോപണവും ദൃസാക്ഷികൾ ഉയർത്തുന്നുണ്ട്.

ഇതിനിടെ പലരും തങ്ങളുടെ മൊബൈലിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.ഏകദേശം 20 മിനിട്ടിനു ശേഷം ഉദയകുമാർ എന്ന പ്രദേശവാസിയാണ് അപകടത്തിൽപ്പെട്ട അഭിജിത്തിന് സഹായവുമായി എത്തിയത്. തന്റെ സുഹൃത്തിനെ പോയി വിളിച്ചുകൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു.

ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവച്ചാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്.മരണപ്പെട്ട അഭിജിത്തും ശിഖയും സുഹൃത്തുക്കളാണ്.പുനലൂർ ഐക്കരക്കോണം സ്വദേശിയായ അഭിജിത്ത് പത്തനംതിട്ട മുസ്ലിയാർ കോളേജിൽ ബിബിഎ വിദ്യാർത്ഥിയാണ്.ശിഖ തട്ടത്തുമല വിദ്യ ആർട്‌സ് ആൻഡ് സയൻസ് ടെക്‌നോളജിയിലെ രണ്ടാംവർഷ എഞ്ചിനീറിങ് വിദ്യാർത്ഥിനിയുമാണ്.

എംസി റോഡിൽ ബസുകളുടെ അമിത വേഗത സംബന്ധിച്ച പരാതികൾ നേരത്തേയും ഉയർന്നിട്ടുണ്ട്.കൊട്ടാരക്കര മുതൽ വെഞ്ഞാറമുട് വരെയുള്ള എംസി റോഡിന്റെ ഭാഗത്ത് ബസുകൾക്ക് അമിത വേഗതയാണെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് പൊതുവേ കെഎസ്ആർടിസി ബസുകൾക്ക് ഇരയായി മാറിക്കൊണ്ടിരിക്കുന്നത്.