കോതമംഗലം: നടക്കാൻ പോയ യുകെ മലയാളി നാട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ലിവർപൂളിലെ നഴ്സ് ജിബി കുര്യാക്കോസിന്റെ ഭർത്താവും പ്രശസ്ത കായികതാരവുമായ പി.കെ സ്റ്റീഫൻ പോക്കാട്ട് (51) ആണ് മരിച്ചത്. കഴിഞ്ഞ മാസം നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മൂന്നു സ്വർണം നേടിയ സ്റ്റീഫൻ ദേശീയ മീറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു. നാവിക സേനയിലും കോതമംഗലത്തെ വിവിധ സ്‌കൂളുകളിലും കായിക പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെ സ്ഥിരം മെഡൽ നേട്ടക്കാരനായിരുന്നു സ്റ്റീഫൻ. ദേശീയ മീറ്റിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ സ്റ്റീഫനെ അയൽവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത്പോർട്ട് ഹോസ്പിറ്റലിൽ നഴ്സായ ജിബി കുര്യാക്കോസ് ആണ് ഭാര്യ. ദമ്പതികൾക്ക് ഒരു മകളും ഒരു മകനും ആണ് ഉള്ളത്. മകൾ ക്രിസ്റ്റീന നാട്ടിലും ക്രൈസ്റ്റ് ദ കിങ് സൗത്ത് പോർട്ട് സെക്കന്റ് ഇയർ എ ലെവൽ വിദ്യാർത്ഥിയായ മകൻ എൽദോസ് ലിവർപൂളിലുമാണ്. യുകെയിൽ നിന്നും ഭാര്യ ജിബി കുര്യാക്കോസും മകനും എത്തിയ ശേഷമാണ് സംസ്‌കാരം നടക്കുക.

ലിവർപൂളിലും നാട്ടിലുമായി മാറി മാറി നിൽക്കുകയായിരുന്നു സ്റ്റീഫൻ. മത്സരങ്ങളും തിരക്കുകളും എല്ലാം ഒഴിയുന്ന വേളയിൽ ഭാര്യയ്ക്കും മകനും ഒപ്പം താമസിക്കുവാൻ ലിവർപൂളിൽ എത്താറുള്ള സ്റ്റീഫൻ ലിവർപൂളിലുള്ളവർക്കും പരിചിതനാണ്. അതുകൊണ്ടുതന്നെ സ്റ്റീഫന്റെ അപ്രതീക്ഷിത വിയോഗം ലിവർപൂളിലെ സുഹൃത്തുക്കൾക്കും കടുത്ത വേദനയാണ് നൽകിയിരിക്കുന്നത്. ഭാര്യയ്ക്കും മകനും എല്ലാവിധ സഹായങ്ങളുമായി സുഹൃത്തുക്കളെല്ലാം ഒപ്പം തന്നെയുണ്ട്.

ഫെബ്രുവരി 14ന് പശ്ചിമബംഗാളിലെ ബിഡ്നാപൂരിൽ ആരംഭിക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു സ്റ്റീഫൻ. മരണത്തിന് മണിക്കൂറുകൾക്കു മുമ്പു വരെ പരിശീലനവും നടത്തിയതാണ്. ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മൂന്നു സ്വർണമായിരുന്നു സ്റ്റീഫൻ നേടിയത്. 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംമ്പ് എന്നിവയിലാണ് സ്റ്റീഫൻ സ്വർണം നേടിയത്. നാവിക സേനയിൽ നിന്നും റിട്ടയർ ചെയ്ത ശേഷമാണ് സ്റ്റീഫൻ വെറ്ററൻസ് മീറ്റുകളിൽ ശ്രദ്ധ പതിപ്പിച്ചത്.