- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെലവൂർ വേണു അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്രകാരനും എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായിരുന്ന ചെലവൂർ വേണു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ എന്ന സിനിമക്ക് ചെലവൂർ വേണു എഴുതിയ നിരൂപണം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.പിൽക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകരിൽ ഒരാളായി മാറി.
1971 മുതൽ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറൽ സെക്രട്ടറിയായിരുന്നു. കൂടാതെ സൈക്കോ മനഃശ്ശാസ്ത്ര മാസികയുടെ പത്രാധിപർ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകൻ പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ലോക സിനിമയെ മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണ് ചെലവൂർ വേണു സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്.
ചെലവൂർ വേണുവിന്റെ ചലച്ചിത്ര ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 'ചെലവൂർ വേണു ജീവിതം, കാലം' എന്ന ഡോക്യുമെന്ററി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിർമ്മിച്ചിട്ടുണ്ട്. ജയൻ മാങ്ങാട് ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിച്ചത്.