- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയത്തെ വിജയഗോൾ; ക്ലബ്ബിനെ വിജയത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെ ദുരന്തഭൂമിയിൽ മറഞ്ഞു; ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; സ്ഥിരീകരിച്ച് ഏജന്റ്
ഇസ്താംബുൾ: തുർക്കിയിലുണ്ടായ വൻ ഭൂകമ്പത്തിൽ കാണാതായ മുൻ ഘാന അന്താരാഷ്ട്ര ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയതായി സ്ഥിരീകരണം. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.
അറ്റ്സു താമസിച്ചിരുന്ന സതേൺ തുർക്കിയയിലെ ഹതായിയിലെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് താരത്തിന്റെ തുർക്കിഷ് ഏജന്റ് അറിയിച്ചു. അദ്ദേഹത്തിന്റെ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സാധനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഏജന്റ് മാധ്യമങ്ങളോട് പറഞ്ഞു.
''ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു''- അദ്ദേഹത്തിന്റെ ഏജന്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു.
അറ്റ്സു സതേൺ തുർക്കിയയിൽ നിന്ന് പോകാനിരുന്നതായിരുന്നു. ഫെബ്രുവരി അഞ്ചിനെ സൂപ്പർ ലീഗ് മാച്ചിൽ കളി ജയിപ്പിച്ച ഗോളടിച്ചതോടെ താരം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. തുർക്കി ആഭ്യന്തര ലീഗിൽ ഹതായസ്പോറിനായാണ് ഘാന ദേശീയ താരം ബൂട്ടണിഞ്ഞത്.
നേരത്തെ ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തിയെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത നിഷേധിച്ച് ക്ലബ് ഡയറക്ടർ രംഗത്തെത്തുകയായിരുന്നു. തലേന്ന് രാത്രി തുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്.
പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്. 2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു.
അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂർത്തിയാകുംമുമ്പെയാണ് രാജ്യത്തെയും അയൽരാജ്യമായ സിറിയയെയും നടുക്കി വൻഭൂചലനമുണ്ടാകുന്നതും ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുന്നതും.