- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വാനിൽ വന്നിറങ്ങി; സഹോദരനൊപ്പം റോഡ് മുറിച്ചു കടക്കവെ അതേ വാഹനമിടിച്ചു; ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത് മക്കളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ; നാടിന്റെ നൊമ്പരമായി സൂര്യനാഥിന്റെ വിയോഗം
തിരുവനന്തപുരം: സ്‌കൂൾ വിട്ട് മടങ്ങിയെത്തുന്ന മക്കളെ കാത്തുനിന്ന അമ്മയ്ക്ക് മുന്നിൽ സ്‌കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തിന്റെ അതിർത്തി പ്രദേശമായ കുലശേഖരം. നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തിയാണ് ആറു വയസ്സുകാരനായ സൂര്യനാഥിനെ മരണം തട്ടിയെടുത്തത്. കുലശേഖരം പൊന്മന സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്.
സ്‌കൂളിൽ നിന്ന് തിരിച്ചു വരുന്ന വഴി വീടിനു മുന്നിൽ വച്ചാണ് അമ്മയുടെ കൺമുന്നിൽ ആറു വയസ്സുകാരൻ വന്നിറങ്ങിയ അതേ വാഹനമിടിച്ച് പിടഞ്ഞു മരിച്ചത്. മക്കളെ കാത്തു നിന്ന അമ്മയ്ക്കു മുന്നിൽ വച്ചായിരുന്നു ദാരുണ സംഭവം. സഹോദരനൊപ്പം വീട്ടിലേക്കു റോഡ് മുറിച്ച് കടക്കവെയാണ് സൂര്യനാഥിനെ സ്‌കൂൾ വാൻ ഇടിച്ചു വീഴ്‌ത്തിയത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ശബരീഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റോഡരികിൽ നിർത്തിയ സ്‌കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂളിൽനിന്ന് വീട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്.
വൈകുന്നേരം സ്‌കൂൾ വിട്ടുവരുന്ന മക്കളെ സ്വീകരിക്കാൻ അമ്മ നന്ദിനി ഗേറ്റിന് സമീപത്തുണ്ടായിരുന്നു. നന്ദിനിയുടെ മുന്നിൽ വച്ചാണ് അപകടം നടന്നും സൂര്യനാഥ് മരണപ്പെടുന്നതും. സ്‌കൂളിൽ നിന്ന് വീടിനു മുന്നിൽ കുറച്ചു മാറി വാൻ നിർത്തുകയായിരുന്നു. പ്ലസ്-2 പരീക്ഷ ആരംഭിച്ചതിനാൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടന്നത്. സ്‌കൂളിൽ പോയ സഹോദരങ്ങൾ വൈകിട്ട് അതേ വാനിൽ തന്നെയാണ് വീട്ടിലേക്ക് മടങ്ങിയതും. വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു.
കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. വാഹനം ഇടിച്ച് റോഡിൽ വീണ സൂര്യനാഥ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൺമുന്നിൽ നടന്ന അപകടം കണ്ട് നന്ദിനി നിലവിളിച്ചതോടെ അയൽക്കാരും നാട്ടുകാരും ഓടിക്കൂടി.
അയൽവാസികളുടെ സഹായത്തോടെ രണ്ടു കുട്ടികളേയും ഓട്ടോയിൽ കയറ്റി കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സൂര്യനാഥിനെ പരിശോധിച്ച ഡോക്ടർമാർ മരിച്ചതായി അറിയിക്കുകയായിരുന്നു.
സൂര്യനാഥിന്റെ അച്ഛൻ സതീഷ് കുമാർ വിദേശത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയാണ്. വിവരമറിഞ്ഞ് കുലശേഖരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് സൂര്യനാഥിന്റെ മൃതദേഹം ഏറ്റുവാങ്ങി. അപകടവുമായി ബന്ധപ്പെട്ട് വാൻ ഡ്രൈവർ പൊന്മന സ്വദേശി ജോർജിനെ (52) കുലശേഖരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.