ന്യൂഡൽഹി: ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു. മുംബൈക്ക് അടുത്ത് പാൽഘറിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഭാര്യയും രണ്ടും മക്കളും ഉണ്ട്.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പാൽഘറിൽ ചരോട്ടിയിൽ വച്ചാണ് അദ്ദേഹത്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ചുകയറിയത്. കൂടെ യാത്ര ചെയ്തിരുന്ന മറ്റൊരാളും മരിച്ചിട്ടുണ്ട്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ചാണ് അപകടം നടന്നത്.വൈകീട്ട് 3.15 ഓടെയാണ് അപകടം നടന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഡ്രൈവറടക്കം അദ്ദേഹത്തിന്റെ കൂടെ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു കാറിൽ. മിസ്ത്രിയടക്കം രണ്ടുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഞ്ചരിച്ച ബെൻസ് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

2012 ൽ ടാറ്റ സൺസിന്റെ തലപ്പത്ത് നിന്ന് രത്തൻ ടാറ്റ പടിയിറങ്ങിയതോടെയാണ് സൈറസ് പല്ലോൺജി മിസ്ത്രി ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയത്. ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഓഹരിയുടമ ഷാപ്പൂർജി പല്ലോൺജി ഗ്രൂപ്പ് പ്രതിനിധി എന്ന നിലയിലാണ് സൈറസ് മിസ്ത്രി ചെയർമാനായത്.

2006 ൽ, തന്റെ പിതാവ് പല്ലോൺജി മിസ്ത്രിയുടെ മരണത്തെ തുടർന്നാണ് ടാറ്റാ സൺസിന്റെ ബോർഡിൽ ചേർന്നത്. കെട്ടിട നിർമ്മാണ രംഗത്തെ അതികായനായിരുന്നു പല്ലോൺജി മിസ്ത്രി.

2016 ഒക്ടോബർ 24 ന് ടാറ്റ സൺസ് ബോർഡ് മിസ്ത്രിയെ ചെയർമാൻ പദവിയിൽ നിന്ന് നീക്കം ചെയ്തു. പിന്നീട്, നടരാജൻ ചന്ദ്രശേഖരനെ പുതിയ ചെയർമാനായി നിയമിച്ചു. ടാറ്റയുടെ 142 വർഷത്തെ ചരിത്രത്തിൽ കുടുംബത്തിന് പുറത്ത് നിന്ന് തലപ്പത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. വെറും നാല് വർഷം മാത്രമേ ചെയർമാൻ പദവിയിൽ ഇരിക്കാൻ കഴിഞ്ഞുള്ളു.

ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ ഹർജി മെയ്‌ മാസത്തിൽ സുപ്രീം കോടതി തള്ളിയിരുന്നു.

1968 ജൂലൈ നാലിന് ലണ്ടനിലെ ഇമ്പീരിയൽ കോളേജ് ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് മെഡിസിനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് പാസായ സൈറസ് മിസ്ത്രി, ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയിരുന്നു.