- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ഹരികുമാർ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ ഹരികുമാർ(70) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തൽ, എഴുന്നള്ളത്ത് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവമായിരുന്ന ഹരികുമാർ 18 ഓളം സിനിമകൾ സംവിധാനം ചെയ്തു. 2022 ൽ ഇറങ്ങിയ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.
1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 1994-ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം.മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. എം മുകുന്ദന്റെ തിരക്കഥയിൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ലോഹിതദാസിന്റെ തിരക്കഥയിൽ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, പുലർവെട്ടം, സ്വയംവരപന്തൽ, ഉദ്യാനപാലകൻ, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂർവം മീര. ആമ്പൽ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
2005 ലും, 2008 ലും ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ചന്ദ്രികയാണ് ഭാര്യ
മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളെന്ന് മുഖ്യമന്ത്രി
ഹരികുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
"മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങൾക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകൾ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വർഷങ്ങൾക്കിടയിൽ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നവയാണ്.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത 'സുകൃതം' ആണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള 'ഉദ്യാനപാലകൻ', ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള 'ജാലകം', എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള 'ക്ളിന്റ്' തുടങ്ങിയ സിനിമകൾ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്." മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.